കൊല്ലം വാഹനാപകടം: 'പയ്യനെ കിടത്തിയപ്പോള്‍ ജീവനുണ്ട്, ആരും നിര്‍ത്തിയില്ല'; ചുറ്റിലും കൂടി നിന്നവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
കൊല്ലം: ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ചുറ്റിനും കൂടി നിന്നവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.30ന് ചടയമംഗലം നെട്ടേത്തറ എംസി റോഡില്‍ ആണ് അപകടം നടന്നത്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് ശിഖയും അഭിജിത്തും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്.
അപകടത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ശിഖ ഇവിടെ വെച്ച് തന്നെ മരണപ്പെട്ടിരുന്നു. എന്നാല്‍, പരുക്കേറ്റ് ബോധരഹിതനായ അഭിജിത്ത് അരമണിക്കൂറോളം റോഡില്‍ കിടന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു.
ഏകദേശം 20 മിനിട്ടിനു ശേഷം ഉദയകുമാര്‍ എന്ന പ്രദേശവാസിയാണ് അപകടത്തില്‍പ്പെട്ട അഭിജിത്തിന് സഹായവുമായി എത്തിയത്. അവിടെയുള്ള വണ്ടികള്‍ക്ക് മൊത്തം കൈകാണിച്ചു. അവരാരും നിര്‍ത്തിയില്ല. തന്റെ സുഹൃത്തിനെ പോയി വിളിച്ചുകൊണ്ടുവന്ന് ആംബുലന്‍സില്‍ കയറ്റി അഭിജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നുവെന്നും ഉദയകുമാര്‍ പറഞ്ഞു. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."