അങ്കത്തിനിറങ്ങിയത് 47 വനിതകള്‍ ജയിച്ചുകയറിയത് 11 പേര്‍
കൊച്ചി: വിവിധ മുന്നണികളുടെ പിന്‍ബലത്തോടെ നിയമസഭാ അങ്കത്തിനിറങ്ങിയത് 47പേര്‍. അതില്‍ ജയിച്ചുകയറിയത് 11 പേരും. വനിതാമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ക്ക് കാലിടറുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വനിതാസ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായത് എല്‍.ഡി.എഫിനാണ്. ഇവര്‍ മത്സരത്തിനിറക്കിയ 14പേരില്‍ പത്ത് പേരും വിജയികളായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ, കാനത്തില്‍ ജമീല (കൊയിലാണ്ടി), കെ.ശാന്തകുമാരി (കോങ്ങാട്) , ആര്‍.ബിന്ദു (ഇരിങ്ങാലക്കുട), ദലീമ ജോജോ ( അരൂര്‍), യു.പ്രതിഭ (കായംകുളം), വീണ ജോര്‍ജ് (ആറന്മുള ), ഒ.എസ് അംബിക (ആറ്റിങ്ങള്‍), ജെ.ചിഞ്ചുറാണി (ചടയമംഗലം) സി.കെ ആശ (വൈക്കം) എന്നിവരാണ് എല്‍.ഡി.എഫ് ബാനറില്‍ ജയിച്ചുകയറിയത്. എന്നാല്‍ മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ പരാജയം വിജയാഹ്ലാദത്തിന് ഇടയിലും എല്‍.ഡി.എഫിന് തിരിച്ചടിയായി.
അതേസമയം 12പേരെ മത്സര രംഗത്തിറക്കിയ യു.ഡി.എഫിന് ഒരാളെ മാത്രമേ വിജയിപ്പിക്കാനായുള്ളു. വടകരയില്‍ നിന്ന് മത്സരിച്ച കെ.കെ രമയാണ് യു.ഡി.എഫിന്റെ മാനം കാത്തത്. ഇതാകട്ടെ രാഷ്ട്രീയകേരളം ഏറെ ശ്രദ്ധിക്കുന്ന വിജയവുമായിരുന്നു. അതേസമയം 19 സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ എന്‍.ഡി.എയ്ക്ക്, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി രണ്ടാംസ്ഥാനത്തെത്തി എന്നതാണ് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. പ്രചാരണതുടക്കത്തില്‍ തന്നെ കേരളം ശ്രദ്ധിച്ച രണ്ട് വനിതാ മത്സരങ്ങള്‍ കൂടിയുണ്ടായിരുന്നു. കൊല്ലപ്പെട്ട മക്കള്‍ക്ക് നീതി തേടി ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിച്ച ഭാഗ്യവതിയും ഏറ്റുമാനൂരില്‍ യു.ഡി.എഫ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് മത്സരരംഗത്തിറങ്ങിയ ലതികാ സുബാഷുമായിരുന്നു അവര്‍. ഇരുവര്‍ക്കും വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാനുമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."