ആധിപത്യം ഉറപ്പിച്ച് ഇടതുമുന്നണി
തിരുവനന്തപുരം: മലവെള്ളപ്പാച്ചില്‍ പോലെ കുത്തിയൊലിച്ച് വന്ന ആരോപണങ്ങളെയാകെ നേരിട്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. വിവാദങ്ങളില്‍പ്പെട്ട് ജനവിധി തങ്ങള്‍ക്കെതിരാകുമോ എന്ന ചിന്തയും മുഖ്യമന്ത്രി പിണറായി വിജയനും ഇടതു നേതാക്കള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റിച്ച് ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിന്നു എന്നതാണ് ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഇടതുമുന്നണിയെ വീണ്ടും പടുത്തുയര്‍ത്തുന്ന കാഴ്ചയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഈ ജനവിധിയിലൂടെ തന്നെ ഇടതുമുന്നണി ഉറപ്പിച്ചിരുന്നു.
കൊവിഡ് കാലത്തെ പ്രയാസങ്ങളെല്ലാം മറന്ന് പോരാട്ടത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് ഭരണമുന്നണി സമാനതകളില്ലാത്ത ആരോപണങ്ങള്‍ക്ക് നടുവിലായിരുന്നു. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും ആരോപണങ്ങള്‍ക്ക് എരിവും പുളിവുമേറി. മുഖ്യമന്ത്രിയുടെ ഓഫിസിനെ ലക്ഷ്യം വച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നേറിയപ്പോള്‍ പല ഘട്ടത്തിലും എല്‍.ഡി.എഫ് പ്രതിസന്ധിയിലായി. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും ഉറച്ച വിശ്വാസത്തിലായിരുന്നു ജനം തങ്ങള്‍ക്കൊപ്പമാണെന്ന്. കൊവിഡ് കാലത്തും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെയെങ്കിലും ജനങ്ങളിലെത്തിക്കാന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞു. നാട്ടിലെ ജീവിതം അനുഭവിച്ചറിയുന്നവര്‍ക്ക് ഈ സര്‍ക്കാരിനെ തള്ളിക്കളയാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം അപ്പാടെ അംഗീകരിക്കുകയായിരുന്നു.
കൊവിഡ് കാലത്ത് ഉറച്ച നിലപാടുകളും മഹാമാരിയെ നേരിടാന്‍ കൃത്യമായി പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നടത്തിയതും കൃത്യമായി പെന്‍ഷന്‍ കൊടുത്തതും എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് കൊടുത്തതുമെല്ലാം എല്‍.ഡി.എഫിന് ഗുണമായി. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് വീട് കൊടുത്തതും ആശുപത്രികളും സ്‌കൂളുകളും നവീകരിച്ചതുമെല്ലാം നേരിട്ടറിഞ്ഞ വോട്ടര്‍മാര്‍ സ്വാഭാവികമായി എല്‍.ഡി.എഫിനൊപ്പം നിന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."