HOME
DETAILS

ഇനിയും നമുക്ക് കാഴ്ചക്കാരാകാനാവില്ല

  
backup
April 21 2022 | 19:04 PM

article-today-22-04-2022

ഡോ. അഷ്‌റഫ് വാളൂർ

രാജ്യതലസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ മൂക്കിന് താഴെ നിസഹായരായ മനുഷ്യരുടെ കൂരയ്ക്ക് മുകളിലൂടെ കയറിയിറങ്ങിയ ബുൾഡോസറുകൾ മതേതര, ജനാധിപത്യ ഇന്ത്യക്ക് ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. അത് മാറിയ ഇന്ത്യയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ഓർമപ്പെടുത്തലാണ്. തുല്യപൗരത്വവും തുല്യനീതിയും ഇനി പാഴ്കിനാവ് മാത്രമാകുമെന്ന മുന്നറിയിപ്പ് അതിലുണ്ട്. സാങ്കേതികന്യായം പറഞ്ഞ് സുപ്രിംകോടതി വിധി പോലും അവഗണിക്കാനുള്ള ആത്മധൈര്യം ഹിന്ദുത്വഭരണ സംവിധാനങ്ങൾക്കുണ്ടെന്ന് അത് ആവർത്തിച്ച് ഉറപ്പിക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ സുപ്രിംകോടതി വിധി പോലും കണ്ണടച്ച് അവഗണിക്കാമെന്ന ആത്മവിശ്വാസം അത് അക്രമികൾക്ക് നൽകുന്നുണ്ട്. ഇതിനെല്ലാം ഉപരി സംഘ്പരിവാറിൻ്റെ ഹിന്ദുത്വരാഷ്ട്ര സംസ്ഥാപന കാര്യപരിപാടിയിലെ മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്ന അനുഭവ പാഠംകൂടി മതേതര, ജനാധിപത്യ സമൂഹത്തിന് ഡൽഹി നൽകുന്നുണ്ട്.


രഥയാത്രയിൽനിന്ന്
ബുൾഡോസർ രാജിലേക്ക്


ബി.ജെ.പി ഭരണത്തിലുള്ള ഡൽഹി മുനിസിപ്പാലിറ്റിയുടെ ബുൾഡോസർ രാജ് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ അനിഷ്ടസംഭവമല്ല. യു.പിയിൽ പരീക്ഷണാർഥം തുടങ്ങി, അസമിൽ വിജയകരമായി നടപ്പാക്കി, മധ്യപ്രദേശിലൂടെ രാജ്യതലസ്ഥാനത്തെത്തിയ പ്രവർത്തനപദ്ധതിയിലെ ഒരു ഘട്ടം മാത്രമാണത്. എൺപതുകളുടെ അവസാനം എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ രാജ്യത്താകമാനമുള്ള മതന്യൂനപക്ഷങ്ങൾക്കെതിരേ ഹിന്ദുത്വയുടെ കലാപാഹ്വാന സിഗ്നലായ രഥത്തിൽ നിന്ന് യോഗി ആദിത്യനാഥിന്റെ ബുൾഡോസറിലേക്കെത്തുമ്പോൾ അതിക്രമത്തിനുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ സംരക്ഷണത്തിനും പൊതുബോധത്തിൻ്റെ പിന്തുണയോളമുള്ള മൗനത്തിനും കനംവച്ചുവെന്നതാണ് പ്രധാന മാറ്റം.


ജഹാംഗീർപുരിയിലെ സംഘർഷങ്ങളും അതേത്തുടർന്നുണ്ടായ ഇടിച്ചുനിരത്തലും ഒന്നും ആകസ്മികമായിരുന്നില്ല. ഈ അതിക്രമങ്ങൾക്കെല്ലാം ഒരു പൂർവനിയതമായ രൂപമുണ്ട്. സംഘ്പരിവാർ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്താനുള്ള പലവിധ പദ്ധതികളുടെ സാമ്യരൂപം അതിനുണ്ട്. പൗരത്വപ്രക്ഷോഭ കാലത്ത് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥാണ് മുസ്ലിംകളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നിയമവിരുദ്ധ നടപടികൾ തുടങ്ങിയത്. അതിനുശേഷം ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും പല രീതിയിൽ ഇത് പിന്തുടർന്നു. സംഘ്പരിവാർ സംഘടനകൾ ബോധപൂർവം പ്രകോപനമുണ്ടാക്കി ചെറിയ സംഘർഷങ്ങളിലേക്ക് നയിക്കുകയും പിന്നാലെ പൊലിസും സർക്കാർ സംവിധാനങ്ങളും ഏകപക്ഷീയവും നിയമവരുദ്ധവുമായ നടപടികളേക്ക് കടക്കുകയും ചെയ്യുന്നത് സ്ഥിരം പാറ്റണായി മാറി. രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സംഘടനകളുടെ പരാതിയിലാണ് മധ്യപ്രദേശിൽ മുസ്ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഇതിന് ഏതാനും ആഴ്ചൾക്ക് മുമ്പാണ് അസമിലെ ദറംഗ് മേഖലയിൽ പാവപ്പെട്ട ഗ്രാമീണരെ വെടിവച്ചിട്ട് അവരുടെ കുടിലുകൾ ഇടിച്ചുനിരത്തിയത്. അവിടെ വെടിയേറ്റ് വീണ ഒരു ഗ്രാമീണന്റെ മൃതദേഹത്തിൽ ചാടി വീണ് രോഷം തീർക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രം മറക്കാറായിട്ടില്ല.


നിയമത്തിൻ്റെ മുന്നിൽ തുല്യതയും നിയമത്തിൻ്റെ തുല്യമായ സംരക്ഷണവും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പ് നൽകുന്നുണ്ട്. നിയമവിധേയമല്ലാതെ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ ഏത് കൊടും കുറ്റവാളിയെ പോലും ശിക്ഷിക്കാവൂ എന്നതാണ് നിമയവാഴ്ചയുടെ അന്തഃസത്ത. എന്നാൽ സമകാലിക ഇന്ത്യയിൽ ഈ ഭരണഘടനാ മൂല്യങ്ങളൊന്നും ഗൗനിക്കാതെയാണ് സംഘ്പരിവാർ ഭരണകൂടങ്ങളുടെ പ്രവർത്തനം. ഒരു പടികൂടി കടന്ന് ഈ ഭരണഘടനാ സംരക്ഷണമൊന്നും മതന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചു തരാനാകില്ലെന്ന പ്രഖ്യാപനമാണ് ഓരോ ദിവസവും വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധ രീതിയിൽ അവർ നടത്തുന്നത്. ഇത്തരം ഭരണഘടനാവിരുദ്ധ, നിയമവിരുദ്ധ നീക്കങ്ങൾക്ക് നിയമപാലന, നീതിന്യായ സംവിധാനങ്ങൾ തന്നെ തണലൊരുക്കുന്നുവെന്നതാണ് പേടിപ്പിക്കുന്ന യാഥാർഥ്യം. മൗലികാവകാശങ്ങൾക്ക് കടവിരുദ്ധമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായ ശിരോവസ്ത്ര നിരോധന നിയമം കർണാടക ഹൈക്കോടതി ശരിവച്ചതും ലേഖിംപൂർ കൂട്ടക്കൊലക്കേസ് പ്രതി ആശിഷ് മിശ്രക്ക് അധികാര പരിധി കടന്ന് അലഹബാദ്‌ ഹൈക്കോടതി ജാമ്യം നൽകിയിതും സമീപകാല ഉദാഹരണങ്ങൾ മാത്രം.


ജനാധിപത്യ രാജ്യത്തിൻ്റെ നിലവിളി


ഇന്ത്യയിൽ മുസ്ലിംകൾ ആസൂത്രിത വിവേചനത്തിന് ഇരയാകുന്നുവെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നത് ഈ അടുത്ത കാലത്താണ്. രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട അതിക്രമങ്ങളും കലാപങ്ങളും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അപകടത്തിലാക്കിയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്‌മെൻ്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് കണക്കുകൾ നിരത്തി സ്ഥാപിക്കുന്നു. നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ ഒരു വംശീയ ജനാധിപത്യത്തിലേക്ക് നീങ്ങിയെന്നാണ് പ്രശസ്ത രാഷ്ട്രമീമാംസാ പണ്ഡിതനും വർഷങ്ങളായി ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങളെ സൂക്ഷമാമായി നിരീക്ഷിക്കുകയും ചെയ്യുന്ന ക്രിസ്റ്റോഫ് ജഫ്രലോ തൻ്റെ ഏറ്റവും പുതിയ പുസ്തകമായ Modi's India: Hindu Nationalism and the Rise of Ethnic Democracy എന്ന പുസ്തകത്തിൽ സമർഥിക്കുന്നത്.
ഇതിനെല്ലാം ഉപരി വിവേചനപരമായ നിയമങ്ങളും നടപടികളും വിധിന്യായങ്ങളും ഒന്നിനു പിറകെ ഒന്നായി വരുന്നു. രാമനവമിയും ഹനുമാൻ ജയന്തിയുമൊക്കെ ആസൂത്രിത വംശഹത്യാ പദ്ധതിയുടെ പരീക്ഷണ സന്ദർഭങ്ങളാക്കി മാറ്റുന്നു. ചുരുക്കത്തിൽ വർഗീയ കലാപങ്ങളെന്നും സാമുദായിക സംഘർഷങ്ങളെന്നും സാമാന്യവൽകരിക്കുന്ന സംഘ്പരിവാർ അതിക്രമങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നതല്ല എന്ന് സംശയമന്യേ ഏതൊരാൾക്കും മനസിലാകുന്നുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രഘടനയുടെ അടിക്കില്ലിളക്കുന്ന, ഈ വംശഹത്യാപദ്ധതികൾ അത് അർഹിക്കുന്ന ഗൗരവത്തിൽ രാജ്യത്തെ പൊതുസമൂഹവും അഭിസംബോധന ചെയ്യുന്നുണ്ടോ എന്നതാണ് ഗൗരവതരം. ഒറ്റപ്പെട്ട ശബ്ദങ്ങൾക്കുപരി സംഘ്പരിവാറിൻ്റെ വംശഹത്യാ നീക്കൾക്കെതിരേ സംഘടിത മതേതര മുന്നേറ്റം ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.


ബൃന്ദ കാരാട്ടിൻ്റെ ഒറ്റയാൾ സമരം


ഈ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കാനുള്ള കോടതി ഉത്തരവുമായി ബുൾഡോസറിന് മുന്നിൽ നിൽക്കുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടിൻ്റെ ജഹാൻഗീർ പുരിയിൽ നിന്നുള്ള ചിത്രം ആശ്വാസമാകുന്നത്. സംഘ്പരിവാറിൻ്റെ സമീപകാലത്ത് മുസ്ലിംകൾക്കെതിരേ നടത്തിയ ആസുത്രിത അതിക്രമ പരമ്പരകൾക്കിടയിലൊരിടത്തും കാണാത്ത ദൃശ്യമാണത്. സംഘ്പരിവാറിനെതിരേ തെരുവിൽ ഇരകൾക്കൊപ്പം നിലയുറപ്പിക്കാൻ മുഖ്യധാരാ മതേതര പാർട്ടികളുടെ നേതാക്കളാരും സമീപകാലത്ത് തയാറായിട്ടില്ല. നിയമപരമായ പോരാട്ടങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങളിലുമൊക്കെ പല സംഘടനകളും നേതാക്കളും പങ്കുവഹിച്ചിട്ടുണ്ടെന്ന് കാര്യം വിലകുറച്ച് കാണുന്നില്ല, പക്ഷേ തെരുവിലേക്കിറങ്ങി നിന്നുള്ള ബൃന്ദയുടെ ഐക്യദാർഢ്യം അതിനപ്പുറത്തുള്ള രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്. രാജ്യത്തെ ഒരു മതവിഭാഗത്തിനെതിരേ അന്യായവും ആസൂത്രിതവുമായ അതിക്രമങ്ങൾ നടക്കുമ്പോൾ മതേതര സമൂഹത്തിന് ഇനിയും ഒളിച്ചുകളി തുടരാനാകില്ലെന്ന ഒരു സന്ദേശം അതിലുണ്ട്.


സമകാലിക ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ നിയമവഴിയുള്ള സുഗമ സഞ്ചാരം മാത്രം മതിയാകില്ല, മറിച്ച് രാഷ്ട്രീയ വഴി കൂടി ആശ്രയിക്കണമെന്ന് പ്രായോഗിക പാഠം ആ ചിത്രത്തിൽ നിന്ന് വായിച്ചെടുക്കാം. ജഹാൻഗീർപുരിയിലെ ബൃന്ദയുടെ ഒറ്റയാൾ പോരാട്ടത്തിന് തുടർച്ചയുണ്ടാകുമോ അതിലുപരി അത്തരം പ്രതിഷേധങ്ങൾക്ക് സംഘടനാ പിൻബലമുണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. കലാപ ബാധിത മേഖലകളിലേക്കുള്ള രാഷ്ട്രീയ തീർഥാടനങ്ങൾക്കപ്പുറത്ത് ഇന്ത്യയെ നിലനിർത്താനുള്ള രാഷ്ട്രീയദൗത്യം ഇന്ത്യൻ നാഷനൽ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും രാജ്യത്തെ മതേതര പൊതുസമൂഹവും ഏറ്റെടുക്കുമോ എന്നതാണ് പ്രധാനം ചോദ്യം. ഈ ചരിത്ര ഘട്ടത്തിൽ നിങ്ങൾ എന്ത് ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും മതേതര-ജനാധിപത്യ ബഹുസ്വര ഇന്ത്യയുടെ ഭാവി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago
No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago