തോല്‍വി കൊടിക്കുന്നില്‍ സുരേഷിന് സമര്പ്പിക്കുന്നതായ പ്രസ്താവന വിവാദത്തില്‍
ചാരുംമൂട് : മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ ഷാജു തന്റെ തോല്‍വി കൊടിക്കുന്നില്‍ സുരേഷ് എം.പി ക്ക് സമര്‍പ്പിക്കുന്നതായുള്ള പ്രസ്താവന ചൂട് പിടിക്കുന്നു.
എന്റെ തോല്‍വി പ്രിയപ്പെട്ട എം.പി കൊടിക്കുന്നിലിന് സമര്‍പ്പിക്കുന്നു. വിജയം വിജയം തന്നെ. പരാജയം ശിരസ് നമിച്ച് അംഗീകരിക്കുന്നു. വിജയിക്കു പിന്നില്‍ പ്രവര്‍ത്തിച്ച വരെയും പരാജയപ്പെട്ട എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നാണ് തന്റെ ഔദ്യോഗികക ഫേസ്ബുക്കില്‍ കൂടി കെ.കെ ഷാജു പറഞ്ഞത്. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ചരട് വലി നടത്തിയതായും മണ്ഡലത്തില്‍ നിന്ന് പുറത്തുള്ള ഒരാളെ സ്ഥാനാര്ഥിയാക്കുവാനും നീക്കം നടത്തി.
എല്‍.ഡി.എഫും എന്‍.ഡി.എയും മണ്ഡലത്തില്‍ പ്രചാരണം നടത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ നിന്ന് തന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചതെന്നും അതിനാല്‍ പ്രചാരണത്തിന് സമയം തികയാതെ വന്നതായും കെ.കെ ഷാജു പറയുന്നു. തന്നെ കെ.പി.സി.സി എക്സിക്യൂട്ടീവിലുള്പ്പെടുത്താതിരിക്കാനും ദലിത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാതിരിക്കാനും കൊടിക്കുന്നില്‍ ശ്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ പോസ്റ്റിനെതിരേയും അനുകൂലിച്ചും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് ഘടക കക്ഷി നേതാക്കളും മറുപടിയും നല്‍കിയിട്ടുണ്ട്.
കെ.കെ ഷാജു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ് അരുണ്‍ കുമാറിനോട് 25, 420 വോട്ടിനാണ് പരാജയപ്പെട്ടത്. തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ഫോറത്തില്‍ പറയാമെന്നിരിക്കെ ഫേസ്ബുക്കിലൂടെ പരസ്യമായി പോസ്റ്റിട്ട നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."