HOME
DETAILS
MAL
ക്രൈസ്തവ സഭ ആസ്ഥാനത്തെ വ്രതക്കാലം
backup
May 03 2021 | 22:05 PM
അറുപത്തി ഏഴ് വയസിന്റെ ജീവിത യാത്രക്കിടയില്‍ ബംഗളൂരുവിലും നാട്ടിലുമായി വൈവിധ്യമാര്‍ന്നതും സ്മരണയില്‍ തങ്ങിനില്‍ക്കുന്നതുമായ ഒരുപാട് നോമ്പനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ഉള്ളില്‍ തട്ടിയ റമദാന്‍ ദിനങ്ങളാണ് എക്യുമാനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിലെ നോമ്പനുഭവം. 1980കളില്‍ ബംഗളൂരുവില്‍ അമ്മാവന്റെ ഹോട്ടല്‍ ബിസിനസില്‍ സഹായിക്കുന്ന സമയം. എന്റെ താല്‍പര്യം കൊണ്ട് അവിടെ ജേണലിസം ഡിപ്ലോമ കോഴ്‌സിനും ചേര്‍ന്നു. ആയിടെയാണ് റസ്റ്റോറന്റില്‍ പതിവായി വന്ന് ഒരു സുലൈമാനിയും കുടിച്ച് എന്നോട് സൊറ പറഞ്ഞിരിക്കാറുള്ള രജ്ഞിത് സത്യരാജുമായി അടുക്കുന്നത്.
വൈറ്റ് ഫീല്‍ഡിലെ എക്യുമാനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ (ഇ.സി.സി) എന്ന ക്രിസ്തീയ സഭയുടെ അസി. ഡയരക്ടറായിരുന്നു അദ്ദേഹം . എന്റെ സാമൂഹ്യ സാഹിത്യ അഭിരുചിയും ജേണലിസത്തിലുള്ള താല്‍പര്യവും വെളിപ്പെടുത്തിയപ്പോള്‍ ഇ.സി.സി നടത്തുന്ന രണ്ട് മാസത്തെഡെവലപ്‌മെന്റല്‍ ജേണലിസം എന്ന കോഴ്‌സില്‍ താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ പറഞ്ഞു. അങ്ങനെ ഞാനവിടെ ചെന്നു. ഓഫിസുകളും ദേവാലയവും സെമിനാര്‍ ഹാളുകളും മിനി തിയേറ്ററുകളും താമസ ക്വാട്ടേഴ്‌സുകളും കാന്റീനും പൂന്തോട്ടങ്ങളും ഒക്കെയായി ഒന്നര ഏക്കറില്‍ പച്ചപ്പായി പടര്‍ന്നു കിടക്കുന്ന ശാന്തവും വിശാലവുമായ കാംപസ്. വിവിധ സംസ്ഥാനങ്ങളിലെ തല്‍പരരായ വിവിധ ഭാഷക്കാരും മതക്കാരും ആയ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഈ ചര്‍ച്ചകളിലും സിമ്പോസിയത്തിലും സെമിനാറിലും ഒ.വി വിജയന്‍, ഫാദര്‍ തോമസ് അടക്കമുള്ള മത സാഹിത്യ രംഗത്തുള്ള പ്രമുഖര്‍ അതിഥികളായിരുന്നു.
ഇ.സി.സി യില്‍ എല്ലാം ചിട്ടയായാണ് നടന്നിരുന്നത്. ഓരോ ഭക്ഷണ സമയവും കൃത്യമായി സൈറണ്‍ മുഴങ്ങും. അപ്പോള്‍ കാന്റീനില്‍ ചെന്നു ഭക്ഷണം വാങ്ങി കഴിക്കണം. കോഴ്‌സ് തീരാന്‍ 15 ദിവസം ബാക്കിയുള്ളപ്പോഴാണ് റമദാന്‍ മാസം ആഗതമായത്. എങ്ങിനെ നോമ്പെടുക്കും. ഞാന്‍ ആകെ വിഷമിച്ചു. ഇതറിഞ്ഞ ഇ.സി.സി ഡയരക്ടര്‍ സൂസിനെല്ലിത്താനം പ്രത്യേകം താല്‍പര്യമെടുത്ത് ഭക്ഷണചിട്ടയില്‍ എനിക്കു ഇളവു തരികയും നോമ്പുതുറക്കാനും അത്താഴത്തിനും ഉള്ള ഭക്ഷണ വിഭവങ്ങള്‍ എന്റെ റൂമില്‍ എത്തിച്ചു തരാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ചില ദിവസങ്ങളില്‍ നോമ്പ് വിഭവമായി ജ്യൂസും പഴവര്‍ഗങ്ങളും ഒരുക്കിയിരുന്നു. കൂട്ടത്തില്‍ എന്നോട് അടുപ്പമുണ്ടായിരുന്ന വിശ്വനാഥ്, ശ്വേത, ജെയിംസ് തുടങ്ങിയ വിദ്യാര്‍ഥികളും രണ്ടോ മൂന്നോ ദിവസം പകല്‍ ഭക്ഷണം ഉപേക്ഷിച്ച് നോമ്പുതുറയില്‍ എന്നോടൊപ്പം പങ്കെടുത്തിരുന്നു. ക്രിസ്തീയ സഭയിലെ നോമ്പിന്റെ നാളുകളും അതിനോട് ഇ.സി.സി നല്‍കിയ ആദരപൂര്‍വമായ സഹകരണവും മറ്റേതു സാമൂഹ്യ നോമ്പുതുറയേക്കാളും മധുരമുള്ള ആത്മീയ ആനന്ദമായി സ്മരണയില്‍ ഇന്നും തങ്ങിനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."