സംവരണം 50 ശതമാനം കടക്കരുത്; മറാത്ത സംവരണം റദ്ദാക്കി സുപ്രിം കോടതി
ന്യൂഡല്‍ഹി: സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മറാത്ത സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. സംവരണത്തിന്‍റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നോക്കാവസ്ഥ ആയിരിക്കണമെന്ന നിര്‍ണായകമായ നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ വിധി. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നോക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്.
ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സംവരണം 50 ശതമാനം കടന്നത് ഭരണഘടനാ ലംഘനമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍. നാഗേശ്വര റാവു, എസ്. അബ്ദുല്‍ നസീര്‍, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയതാണ് ബെഞ്ച്.
2017ലാണ് മറാത്ത വിഭാഗത്തിന് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ മഹാരാഷ്ട്ര നിയമസഭ നിയമം പാസ്സാക്കിയത്. ഈ നിയമം ചോദ്യംചെയ്തുള്ള ഹരജികളിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. മറാത്ത സംവരണം നടപ്പിലാക്കിയാല്‍ സംവരണം 65 ശതമാനമായി ഉയരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ സംവരണം അന്‍പത് ശതമാനം കടക്കാമെന്ന നിലപാട് കോടതിയില്‍ സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം 50 ശതമാനം കടക്കാമെന്ന നിലപാടാണ് കേരളം സുപ്രിം കോടതിയില്‍ സ്വീകരിച്ചത്. തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. ഇന്ദിരാ സാഹ്നി വിധി പുനപ്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിലെ സംവരണ നയങ്ങളെ പുതിയ വിധി ബാധിക്കും.
സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് തന്നെയാകണമെന്നും കേരളം നിലപാട് അറിയിച്ചിരുന്നു. എന്നാല്‍, സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന 1992ലെ ഇന്ദിര സാഹ്നി വിധി പുറപ്പെടുവിച്ചത് ഒന്‍പതംഗ വിശാല ബെഞ്ചാണ്. ഈ സാഹചര്യത്തില്‍ പതിനൊന്നംഗ ബെഞ്ചിന് വിടണമോയെന്നതില്‍ സുപ്രിംകോടതിയുടെ തീരുമാനം നിര്‍ണായകമായിരുന്നു.
മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസത്തിനും, ജോലിക്കും സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് സംവരണവുമായി ബന്ധപ്പെട്ട സുപ്രധാന വാദങ്ങളിലേക്ക് സുപ്രിംകോടതി കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."