ഐഎസ്എല്‍: വിവാദ ഗോളുമായി ബെംഗളൂരു, ബ്ലാസ്റ്റേഴ്സ് താരങ്ങള്‍<br>മത്സരം പൂർത്തിയാക്കാതെ കളംവിട്ടു
ബെംഗളൂരു: ഐഎസ്എല്‍ പ്ളേ ഓഫ് മത്സരത്തിൽ അസാധാരണ സംഭവങ്ങൾ. ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടെയുണ്ടായ തർക്കമാണ് നാടകീയ സംഭവങ്ങൾക്ക് കാരണമായത്. ഫ്രീകിക്കില്‍ നിന്ന് ബെംഗളൂരു എഫ്സിക്ക് ഗോള്‍ അനുവദിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.
ഇതിന് പിന്നാലെ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ഇതോടെ മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മടങ്ങി.
എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിക്കിടെ ഛേത്രിയെ ഫൗൾ ചെയ്‍തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീകിക്കിനെ തടുക്കാൻ ലൈൻ അപ്പ് ചെയ്യുന്നതിന് മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ഈ സമയത്ത് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻസിങ് താരങ്ങൾക്ക് നിർദ്ദേശം നൽകാൻ ബോക്സിനുള്ളിൽ മുന്നോട്ടു കയറി നിൽക്കുകയായിരുന്നു. അദ്ദേഹം താരങ്ങളോട് എന്തോ പറയുന്നതിനിടെയാണ് തലയ്ക്കു മുകളിലൂടെ പന്ത് വലയിലെത്തിയത്.
ഇതോടെ ബെംഗളൂരു സ്കോർബോർഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്‍റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."