തിരക്കഥാകൃത്ത് ജോൺ പോൾ വിടവാങ്ങി
കൊച്ചി
പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ (71) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.02നായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അദ്ദേഹം നിർമാതാവ്, നടൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളായി രോഗാവസ്ഥയിലായ ജോൺ പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ എട്ട് മുതൽ 11വരെ എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിനുശേഷം അദ്ദേഹത്തിന് ഏറെ ആത്മബന്ധമുള്ള ചാവറ കൾച്ചറൽ സെൻ്ററിലും അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമൊരുക്കും. 12.30ഓടെ മരടിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് നാലിന് എളംകുളം സെൻ്റ് മേരിസ് ചർച്ചിൽ സംസ്കാരം നടത്തും.
1950 ഒക്ടോബർ 29ന് ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിൻ്റെയും മുളയരിക്കൽ റബേക്കയുടേയും മകനായി പുതുശ്ശേരിയിലാണ് ജനനം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ, സെന്റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവ. സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോൺപോൾ 11 വർഷം കാനറാ ബാങ്കിൽ ജോലി ചെയ്തു. ജോലിക്കിടയിൽ തിരക്കഥകൾ രചിച്ചുതുടങ്ങിയ അദ്ദേഹം സിനിമയിൽ സജീവമായതോടെ ജോലി രാജിവച്ചു.
ഐ.വി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയൊരുക്കിയാണ് ജോൺ പോളിൻ്റെ സിനിമാ പ്രവേശനം. തുടർന്ന് ഭരതന്‍ സംവിധാനം ചെയ്ത ‘ചാമരം’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ 'മാക്ട'യുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.
ഇണ, സന്ധ്യ മയങ്ങുംനേരം, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ മികച്ച സിനിമകൾ ജോൺ പോളിൻ്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്. ടെലിവിഷൻ അവതാരകൻ, മാധ്യമ പ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ആയിഷ എലിസബത്താണ് ഭാര്യ. ജിഷയാണ് മകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."