തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഓര്‍മിപ്പിക്കുന്നത്
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ 'ഇഫു'കള്‍ക്കും 'ബട്ടു'കള്‍ക്കും പ്രസക്തി ഒട്ടുമില്ല. എങ്കിലും രമേശ് ചെന്നിത്തലക്കോ ഉമ്മന്‍ ചാണ്ടിക്കോ പകരം ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചുകൊണ്ടായിരുന്നു യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നതെങ്കില്‍ എന്നാലോചിക്കുക ഒരു നിമിഷം. അല്ലെങ്കില്‍ സ്വര്‍ണക്കള്ളക്കടത്ത്, ഇ.ഡി പരിശോധന തുടങ്ങിയ ആരോപണങ്ങളുടെ പത്മവ്യൂഹത്തിലകപ്പെടുത്തി പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതിനു പകരം ഭരണപരമായ വീഴ്ചകളിലൂന്നി മുന്നണിക്കും സര്‍ക്കാരിനുമെതിരായുള്ള പോരാട്ടത്തിന്റെ ക്രിയാത്മകതയായിരുന്നു പ്രതിപക്ഷത്തിന്റെ ആയുധമെന്ന്. അതുമല്ലെങ്കില്‍ എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി മത്സരിച്ചിട്ടില്ലായിരുന്നു എന്നു വെക്കുക. ഇപ്പോള്‍ കണ്ട പോലെ ഒരു സര്‍വനാശം(എ.കെ ആന്റണിയോട് കടപ്പാട്) യു.ഡി.എഫിന് ഉണ്ടാകുമായിരുന്നില്ല എന്ന് കരുതാനാണ് ന്യായം.
സാഹചര്യങ്ങളുടെ ഗൂഢാലോചന കൊണ്ട് സംഭവിച്ചതൊന്നുമല്ല ഇതൊന്നും. നിപായും പ്രളയവും സാമ്പത്തിക പ്രയാസങ്ങളും എല്ലാറ്റിനുമൊടുവില്‍ കൊവിഡും വന്ന് പിടിച്ചുനില്‍ക്കാനാവാത്ത പ്രശ്‌നങ്ങളിലകപ്പെട്ടിരുന്നു ഇടതു സര്‍ക്കാര്‍. ഈ അവസ്ഥയെ കാര്യശേഷിയോടെയും ചടുലതയോടെയും കൈകാര്യം ചെയ്തതിന്റെ ക്രെഡിറ്റ് പോയന്റുകളുമായി മത്സരത്തിനിറങ്ങിയ പിണറായി സര്‍ക്കാരിനെ നേരിടുന്നതില്‍ യു.ഡി.എഫിന് തുടക്കത്തില്‍ തന്നെ പിഴച്ചു. കേരളത്തിന്റെ പതിവു പാരമ്പര്യം മാറി മാറി ഓരോ മുന്നണിയേയും അധികാരത്തിലവരോധിക്കുക എന്നതാണല്ലോ. അതില്‍ അമിതമായി വിശ്വസിച്ച് തുടക്കത്തില്‍ തന്നെ അലസമായിക്കഴിയുകയായിരുന്നു യു.ഡി.എഫ്. 2016ലെ തെരഞ്ഞെടുപ്പില്‍ തോറ്റുപോയതിനെത്തുടര്‍ന്നുണ്ടായ ശൈഥില്യത്തില്‍ നിന്ന് മുക്തമാവാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നു മാത്രമല്ല കൂടുതല്‍ വിനാശകരമാംവിധം ഗ്രൂപ്പുപോരുകളിലേക്ക് അത് നിപതിച്ചു കഴിയുകയും ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന എ, ഐ ഗ്രൂപ്പുകള്‍ വി.എം സുധീരനെ ഒതുക്കിയ അതേ യുദ്ധതന്ത്രമുപയോഗിച്ച് മുല്ലപ്പള്ളി രാമചന്ദ്രനേയും നിര്‍വീര്യനാക്കി. എന്നിട്ടും 2019 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ വിജയം നേടാനായത് കേരളത്തിന്റെ മതേതര മനസ് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നിരാകരിക്കാനെടുത്ത തീരുമാനം മൂലമാണ്.
പക്ഷേ അതു മനസിലാക്കാതെ നിയമസഭാ തെരഞ്ഞെടുപ്പിലും ഹിന്ദുത്വ അജന്‍ഡകള്‍ ഏറ്റെടുക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ശബരിമലയെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കൊണ്ടുവരേണ്ട എന്തു കാര്യമുണ്ടായിരുന്നു? ബി.ജെ.പിയുടെ അജന്‍ഡകള്‍ക്കൊത്ത് കോണ്‍ഗ്രസും ലീഗും തങ്ങളുടെ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ ഇടതുമുന്നണി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങളില്‍ ഫോക്കസ് ചെയ്തു. കിറ്റും പെന്‍ഷനും ഭരണനിര്‍വഹണത്തിന്റെ മര്‍മമായി മാറുന്നത് അങ്ങനെയാണ്. അതുവഴി നിര്‍മിച്ചെടുത്ത പ്രതിഛായപ്പൊലിമയില്‍ തിളങ്ങി നില്‍ക്കുന്ന പിണറായിയെ നേരിടാന്‍ നല്ലൊരു നേതാവില്ലായിരുന്നു യു.ഡി.എഫിന്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ നന്നായി ഗൃഹപാഠം ചെയ്തുവെങ്കിലും പിണറായിക്കെതിരില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ ആക്രമണത്തെ ബലപ്പെടുത്തുന്ന ആള്‍ എന്ന ധാരണയാണ് സൃഷ്ടിക്കപ്പെട്ടത്. കേന്ദ്രത്തിന്റെ പിണറായി വേട്ടയെ സര്‍വശക്തിയുമുപയോഗിച്ചു സഹായിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. അപ്പോള്‍ അവരൊരു കാര്യം മറന്നു. കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കിലും അതുതന്നെ ആയേനെ ഇ.ഡിയും കസ്റ്റംസുമൊക്കെ ചെയ്യുക. നാഷനല്‍ ഹെറാള്‍ഡു കേസോ ചിദംബരത്തിനെതിരായും കര്‍ണാടകയില്‍ ഡി.കെ ശിവകുമാറിനെതിരായും മറ്റും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അതിക്രമങ്ങളോ യു.ഡി.എഫ് നേതാക്കളുടെ ഓര്‍മയില്‍ വന്നില്ല. പിണറായി വേട്ടയില്‍ കേന്ദ്ര ഏജന്‍സിക്കൊപ്പം നില്‍ക്കാന്‍ കാണിച്ച അത്യാവേശത്തില്‍ രമേശ് ചെന്നിത്തലയുടെ ശരീരഭാഷയും സ്വരകാര്‍ക്കശ്യങ്ങളും ഏറ്റെടുത്താണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കള്‍ വരെയുള്ളവര്‍ എല്‍.ഡി.എഫിനെ നേരിട്ടത്. അതു സൃഷ്ടിച്ച നിഷേധാത്മക പ്രതിഛായയില്‍ നിന്ന് വിമുക്തരാവാന്‍ ഒരിക്കലും യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. അതേസമയം ഈ നിഷേധാത്മകത പിണറായിക്ക് ബലമായി ഭവിക്കുകയാണ് ചെയ്തത്. ഹിന്ദു പുരാണങ്ങളില്‍ ബാലിയോടേറ്റുമുട്ടുന്നവരുടെ പാതി ബലം ബാലിക്ക് തന്നെ കിട്ടുന്നു എന്നൊരു കഥയുണ്ടല്ലോ. അതുപോലെ.
ആസൂത്രണത്തിന്റെ ആനുകൂല്യങ്ങള്‍
പിണറായി വിജയന്റെ പ്രതിഛായക്കു മുമ്പില്‍ തിളക്കം മങ്ങിപ്പോയ യു.ഡി.എഫ് നേതാക്കളുടെ മോശമായ പ്രതിഛായ മാത്രമല്ല തെരഞ്ഞെടുപ്പ് പരാജയത്തിനു നിമിത്തമായത്.ഭരണമേറ്റെടുത്തത് മുതല്‍ തങ്ങളുടെ പരിമിതികള്‍ എല്‍.ഡി.എഫ് തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് മുന്നണിയുടെ അടിത്തറ വിപുലമാക്കാന്‍ ആസൂത്രിത ശ്രമങ്ങളുണ്ടായതും കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗത്തേയും എല്‍.ജെ.ഡിയേയും ഇടത് പാളയത്തിലെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞതും. അതിനു പ്രത്യയശാസ്ത്രഭാരങ്ങളൊന്നും എല്‍.ഡി.എഫിന് തടസമായില്ല. അതേസമയം കോണ്‍ഗ്രസ് കൂടുതല്‍ ഗ്രൂപ്പുവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. മുസ്‌ലിം ലീഗാകട്ടെ തങ്ങളുടെ കോട്ടകള്‍ എക്കാലത്തും ഭദ്രമായിരിക്കുമെന്ന മിഥ്യാബോധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇടക്ക് മുസ്‌ലിം ലീഗിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയം കൈവെടിഞ്ഞ് ഡല്‍ഹിയിലേക്ക് പോയതും വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ തിരിച്ചുവന്നതും അപക്വ നീക്കങ്ങളായിരുന്നു. മുസ്‌ലിം ലീഗ് പോലെയുള്ള ഒരു പാര്‍ട്ടി കേരളത്തില്‍ കേന്ദ്രീകരിച്ചു പൂര്‍ത്തീകരിക്കേണ്ട രാഷ്ട്രീയ ദൗത്യങ്ങളെ വിഗണിച്ചു നടത്തിയ ഈ നടപടിയുണ്ടാക്കിയ പരുക്കും ചെറുതല്ല. മുസ്‌ലിം ലീഗിന്റെ മങ്ങിയ തെരഞ്ഞെടുപ്പ് പ്രകടനത്തിനു പിന്നില്‍ അതിന്റെ പ്രതിഫലനമുണ്ട്. അത്തരം നീക്കങ്ങള്‍ നടത്തിയ ജോസ് കെ. മാണിയോടും എം.വി ശ്രേയാംസ് കുമാറിനോടും സമ്മതിദായകര്‍ എങ്ങനെ പ്രതികരിച്ചു എന്നോര്‍ക്കുക. അത്തരമൊരു പരുക്ക് മുസ്‌ലിം ലീഗിനുണ്ടാവാഞ്ഞത് പാര്‍ട്ടിയുടെ ജനകീയാടിത്തറ അത്രക്കും ഭദ്രമായത് കൊണ്ടാണ്. ശരിയായ രീതിയില്‍ വിലയിരുത്തലുകള്‍ നടത്തിയാല്‍ എക്കാലത്തും അമിതമായ ആത്മവിശ്വാസങ്ങള്‍ വിലപ്പോവുകയില്ലെന്ന് പാര്‍ട്ടി മനസിലാക്കിക്കൊള്ളും. 2006 ലെ പരാജയങ്ങളുടെ അനുഭവപാഠങ്ങള്‍ മറന്നിട്ടില്ലെങ്കില്‍ വിശേഷിച്ചും.
പഠിക്കേണ്ട പാഠങ്ങള്‍
എന്നുവച്ച് യു.ഡി.എഫ് ഒരു തിരിച്ചുവരവിന് വകുപ്പില്ലാത്ത തരത്തില്‍ തകര്‍ന്നുപോയി എന്ന് വിധിയെഴുതാന്‍ വരട്ടെ. മുന്നണി തോറ്റു എന്നത് ശരി തന്നെ. പക്ഷേ രാഷ്ട്രീയമായി വിശകലനം ചെയ്യുമ്പോള്‍ നിയമസഭയിലെ സീറ്റുകള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള തോല്‍വി യു.ഡി.എഫിനുണ്ടായി എന്നു പറഞ്ഞുകൂടാ. കെ.പി.സി.സി പ്രസിഡന്റിന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ എന്തുതന്നെ പറഞ്ഞാലും ശരി മികച്ച സ്ഥാനാര്‍ഥികളെയാണ് ഏറെക്കുറെ പാര്‍ട്ടി അണിനിരത്തിയത്. അതുമൂലം ഗുണമുണ്ടായിട്ടുണ്ട്. അത്തരം സ്ഥാനാര്‍ഥികളെ നിര്‍ത്തിയേടത്ത് എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം വന്‍തോതില്‍ കുറക്കാനായത് ചെറിയ കാര്യമല്ല. ഉദാഹരണത്തിന്ന് ഇരുപത്തി ഏഴായിരത്തോളം വോട്ടു ഭൂരിപക്ഷത്തിന് ജയിച്ച കോഴിക്കോട് നോര്‍ത്തില്‍ സര്‍വാദരണീയനും ബി.ജെ.പിക്കാര്‍ക്കു പോലും സമ്മതനുമായ തോട്ടത്തില്‍ രവീന്ദ്രന്റെ ഭൂരിപക്ഷം യുവനേതാവായ കെ.എം അഭിജിത്തിന്ന് പന്ത്രണ്ടായിരത്തിലേക്ക് ചുരുക്കാന്‍ കഴിഞ്ഞത്. അതേസമയം ബാലുശ്ശേരിയില്‍ രാഷ്ട്രീയം കൈവിട്ടു സിനിമാ നടനായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരീക്ഷിക്കുന്നതില്‍ പ്രകടിപ്പിച്ച അതിസാമര്‍ഥ്യം എട്ടു നിലയില്‍ പൊട്ടി. ഇനി ഒരു ഹൈപ്പോത്തറ്റിക്കല്‍ ചോദ്യം.
അഭിജിത്തായിരുന്നു ഗ്രൂപ്പു ബലത്തില്‍ മത്സരിച്ച എന്‍. സുബ്രഹ്മണ്യനു പകരം കൊയിലാണ്ടിയില്‍ സ്ഥാനാര്‍ഥിയായിരുന്നതെങ്കില്‍ ചിത്രം മറ്റൊന്നാവുമായിരുന്നില്ലേ? തെക്കന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഗുണഫലങ്ങള്‍ കൃത്യമായി ബോധ്യപ്പെടും. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ ഇടപെടാത്തേടത്തെല്ലാം ഇത് പ്രകടമാണ്. മറ്റു ചില കാരണങ്ങള്‍ മുന്നണിയുടെ പരാജയത്തിനു വഴി തുറന്നു എന്ന് കരുതുക തന്നെയാവും കരണീയം. നേരത്തെ സൂചിപ്പിച്ച പോലെ മുന്നണിയില്‍ നിന്നുള്ള രണ്ടു പ്രമുഖ കക്ഷികളുടെ കൊഴിഞ്ഞുപോക്കും ട്വന്റി ട്വന്റിയുടെ രംഗപ്രവേശവും പടനയിച്ചവരുടെ പ്രതിഛായയില്ലായ്മയുമൊക്കെ കാരണങ്ങളില്‍ പെടും. രണ്ടു പ്രമുഖകക്ഷികള്‍ വിട്ടുപോയ ഒരു മുന്നണിക്കുണ്ടായ പരാജയത്തിലപ്പുറം യു.ഡി.എഫിന് എന്താണ് സംഭവിച്ചത്? പിന്നെ ബി.ജെ.പിക്കെതിരായ മതേതര മനസ് കേരളീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തില്‍ അര്‍പ്പിച്ച പ്രതീക്ഷയും ഇടതുമുന്നണിയുടെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. അത്രേയുള്ളൂ. പശ്ചിമബംഗാളില്‍ ജനങ്ങള്‍ ഈ മനസ് മമതാ ബാനര്‍ജിക്കു മുമ്പാകെയാണ് സമര്‍പ്പിച്ചത് എന്ന കാര്യം വേറെ.
നേരിടാനാവുമോ?
ഈ പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് വിമുക്തമാവാന്‍ യു.ഡി.എഫിന് അത്ര എളുപ്പത്തില്‍ സാധിക്കുമെന്ന് പലരും കരുതുന്നില്ല. കോണ്‍ഗ്രസില്‍നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അതില്‍ ന്യായവുമുണ്ട്. എന്നാല്‍ കേരളത്തിന്റെ പൊതുബോധം വെച്ച് വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി.ജെ.പിക്ക് ഗുണകരമാവുമെന്ന് കരുതാനാവുകയില്ല. ഏറ്റവും ചുരുങ്ങിയത് ഈ തെരഞ്ഞെടുപ്പ് ഫലം വെച്ചുനോക്കിയാലെങ്കിലും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതില്‍ ഇടതു മുന്നണിയെപ്പോലെ തന്നെ, ഒരുപക്ഷേ അതിലേറെ കനത്ത പങ്കുവഹിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. കേരളത്തിലെ ബി.ജെ.പിയുടെ സ്വാധീന മേഖലകളിലെ വോട്ടിങ് പാറ്റേണ്‍ അതാണ് സൂചിപ്പിക്കുന്നത്. വോട്ടുകച്ചവടത്തെക്കുറിച്ചു ഇരുമുന്നണികളും പറയുന്ന പതിവ് ചപ്പടാച്ചികള്‍ നാം മുഖവിലക്കെടുക്കേണ്ടതില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെ ഇരുമുന്നണികളും അകറ്റി നിര്‍ത്തിയിട്ടുണ്ട് എന്നതാണ് കേരളത്തിന്റെ സുകൃതം.
അതുകൊണ്ടാണ് നേമത്തെ വി. ശിവന്‍കുട്ടിയുടെ വിജയം കെ. മുരളീധരന്റെ കൂടി വിജയമാവുന്നത്. മുരളീധരന്‍ തന്റെ വോട്ടു വിഹിതം മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ല. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പിച്ചത് പി. ബാലചന്ദ്രന്‍ ഒറ്റക്കല്ല പത്മജാ വേണുഗോപാല്‍ കൂടി ചേര്‍ന്നാണ്. തികഞ്ഞവിശ്വാസിയും ഭക്തനുമായ കെ. കരുണാകരന്റെ രണ്ടു മക്കളെ ബലി കൊടുത്താണ് ഇടതുപക്ഷം വിശ്വാസികളുടെ രാഷ്ട്രീയമെന്നവകാശപ്പെട്ടു വരുന്ന തീവ്രഹിന്ദുത്വ ത്തിനെതിരായുള്ള പ്രതിരോധത്തിന്റെ തറക്കല്ലിട്ടത് എന്നത് കേവലം ഒരു ഐറണിയല്ല, മതേതര കേരളത്തിന്ന് അഭിമാനം കൂടിയാണ്. ബംഗാളില്‍ തകര്‍ന്നുപോയതിന്റെ ദുഃഖം ഒന്നിച്ചു പങ്കിടുന്നത് പോലെ ഈ അഭിമാനവും ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചു പങ്കിട്ടെടുക്കണം.
കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ചില ആത്മപരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും അവ മുഖവിലക്കെടുക്കാനാവുകയില്ല. ബലിയാടുകളെ കണ്ടെത്തുന്നതിലപ്പുറം അവക്കൊന്നും അര്‍ഥവുമില്ല. കോണ്‍ഗ്രസ് മൂല്യങ്ങളില്‍ അധിഷ്ഠിതമായ മതേതര മനസ് കേരളത്തിനുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് തെളിയിച്ചത്. പാര്‍ട്ടി നേതാക്കള്‍ എത്ര തന്നെ ശ്രമിച്ചിട്ടും അതിനെ തോല്‍പ്പിക്കാനായിട്ടില്ല. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മറ്റു നേതാക്കള്‍ക്കുമൊന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാനായിട്ടുമില്ല, പക്ഷേ പാര്‍ട്ടിക്ക് ഊര്‍ജസ്വലത കൈവരണമെങ്കില്‍ നഷ്ടപ്പെട്ടു പോയ ജനാധിപത്യം വീണ്ടെടുക്കണം. അടിമുടി മാറ്റത്തിലൂടെ കടന്നുപോവുകയും വേണം. അതിനേക്കാള്‍ കനത്ത ഉത്തരവാദിത്വമാണ് ലീഗിനുമേല്‍ അര്‍പ്പിതമായിട്ടുള്ളത്. മിഥ്യാബോധങ്ങളില്‍നിന്നു വിമുക്തമായി പുതിയ കാലത്തെ അഭിസംബോധന ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ അപായകരമായിരിക്കും പരിണതി. കോണ്‍ഗ്രസില്‍ ഭാഗ്യത്തിന് മികച്ചതെന്ന് പറയാവുന്ന ഒരു രണ്ടാം കിട നേതൃത്വമുണ്ട്. ലീഗിലോ? ഒന്നു നെഞ്ചത്ത് കൈ വെച്ചാലോചിക്കട്ടെ ഹരിത രാഷ്ട്രീയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."