ഡോ.ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിന് തിരിച്ചടി; പി.ജി പഠനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞു
കൊച്ചി: ഡോ.ഷഹ്നയുടെ ആത്മഹത്യ കേസിലെ പ്രതിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞു. പിജി പഠനത്തിന് പുനപ്രവേശനം നല്‍കണമെന്ന ഉത്തരവാണ് ഡിവിഷന് ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് കേസ്. കേസില്‍ നേരത്തെ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാന്‍ അനുവദിക്കണമെന്നും അതിന് സസ്പെന്ഷന് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഷഹ്നയുടെ മരണത്തില്‍ പ്രതിയായ ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാമെന്നുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞത്.
മാര്‍ച്ച് 14നാണ് റുവൈസിന് പഠനം തുടരാന്‍ അനുമതി നല്കി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവും കോടതി സ്റ്റേ ചെയ്തിരുന്നു. മെറിറ്റില്‍ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍.
ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല് ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."