HOME
DETAILS

ആകാശവും ഭൂമിയും കഴിഞ്ഞു, ഇനി<br>കടലിൻ്റെ അടിത്തട്ട് മാന്തണം

  
backup
March 08 2023 | 03:03 AM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81

റജിമോൻ കുട്ടപ്പൻ


വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹത്തിന്റെ പേരിട്ട ജലാന്തര ഖനനയന്ത്രം 2021 മാർച്ചിനും ഏപ്രിലിനും ഇടക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യഭാഗത്തുനിന്ന് ഏകദേശം 5270 മീറ്റർ താഴ്ചയിലേക്ക് ഇറക്കിയിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിൽ ഏകദേശം 120 മീറ്റർ സഞ്ചരിച്ച വരാഹ ഉരുളക്കിഴങ്ങു വലിപ്പത്തിലുള്ള മാംഗനീസിന്റെ ലോഹസമ്മിശ്ര കട്ടകൾ(പോളിമെറ്റാലിക് നൊഡ്യൂൾസ്) ഖനനം ചെയ്‌തെടുത്തു. ഇതിൽ ഇരുമ്പ്, നിക്കൽ, ചെമ്പ്, ടൈറ്റാനിയം, കൊബാൾട്ട് എന്നീ ലോഹങ്ങളും അടങ്ങിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) ആണ് വരാഹ എന്ന ഖനനയന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ട തത്സമയ പരീക്ഷണമാണ് 2021ൽ നടന്നത്.


ഈ പരീക്ഷണങ്ങൾക്കുശേഷം ഇന്ത്യൻ സർക്കാർ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ ഡീപ് ഓഷ്യൻ മിഷൻ എന്ന പേരിൽ പ്രത്യേകവിഭാഗം രൂപീകരിക്കുകയും അഞ്ച് വർഷക്കാലയളവിലെ പ്രവർത്തനങ്ങൾക്കായി 4000 കോടി രൂപ വകയിരുത്തുകയും ചെയ്തു. കൂടാതെ, 2023ൽ തീരപ്രദേശ ധാതുവികസന നിയന്ത്രണ നിയമം 2002, ഭേദഗതി സംബന്ധിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള രേഖയും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 11 ആണ് പൊതുജനത്തിന് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തീയതി. ആഴക്കടലിൽ ഏകദേശം 6000 മീറ്റർ അടിയിൽ സ്ഥിതിചെയ്യുന്ന വിഭവസമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഇന്ത്യൻ സമുദ്രത്തിൽനിന്ന് എഴുപത്തൊമ്പത് മില്യൻ ടൺ ധാതുലവണ സ്രോതസുകളും 1,53,996 മില്യൻ ടൺ ചുണ്ണാമ്പു സ്രോതസും 745 മില്യൻ ടൺ മണലും സമാഹരിക്കാനാവുമെന്നാണ് ജോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നത്. ആഴക്കടലിലെ ധാതുലവണ പര്യവേക്ഷണത്തിനുവേണ്ടി ഇന്ത്യ, ഇന്റർനാഷണൽ സീബെഡ്(ഐ.എസ്.എ) അതോറിറ്റിയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്രപ്രദേശങ്ങളിലെ അജീവസമുദ്രവിഭവങ്ങളുടെ പര്യവേക്ഷണവും ചൂഷണവും നിയന്ത്രിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ഐ.എസ്.എ. സമുദ്രാന്തർഭാഗത്തെ പോളിമെറ്റാലിക് നൊഡ്യൂൾസ്, പൊളിമെറ്റാലിക് സൾഫൈഡ്‌സ്, കൊബാൾട് സമ്പന്നമായ ഫെറോമാംഗനീസ് പാളികൾ എന്നിവയ്ക്കു വേണ്ടിയുള്ള പര്യവേക്ഷണങ്ങൾക്കായി ഇന്ത്യൻ ഗവൺമെന്റുൾപ്പെടെ ഇരുപത്തിരണ്ട് കരാറുകാരുമായി പതിനഞ്ചു വർഷത്തേക്ക് ഐ.എസ്.എ കരാറിലേർപ്പെട്ടിട്ടുണ്ട്. ഇരുപത്തിരണ്ടു കരാറുകളിൽ പത്തൊമ്പതും പോളി മെറ്റാലിക് നൊഡ്യൂളിനായുള്ള പര്യവേക്ഷണങ്ങളിലാണ്. ഇതിൽതന്നെ പതിനേഴെണ്ണം ക്ലിപർടൺ ഫ്രാക്ചർ മേഖലയിലും ഒന്ന് ഇന്ത്യൻ സമുദ്രത്തിന്റെ മധ്യമേഖലയിലും മറ്റൊന്ന് പശ്ചിമ പസഫിക് സമുദ്രത്തിലുമാണ്. ഇന്ത്യൻ സമുദ്രത്തിന്റെ മധ്യമേഖല പ്രധാന ആഴക്കടൽ ധാതുപര്യവേക്ഷണ മേഖലയായി ഐ.എസ്.എ പട്ടികയിലുൾപ്പെട്ടതോടെ ആഗോള സമുദ്രാന്തർഭാഗ ഖനനത്തിന്റെ കമ്പോളനിലവാരം 2021ലെ 1.6 ബില്യനിൽനിന്ന് 2031 ആവുമ്പോഴേക്കും 31.5 ബില്യനിലെക്കെത്തുമെന്നാണ് ഒരു നിരീക്ഷണം.


എന്നാൽ നിലവിൽ ഐ.എസ്.എ പുറപ്പെടുവിച്ചിരിക്കുന്നത് പര്യവേക്ഷണ കരാറുകൾ മാത്രമാണ്. പര്യവേക്ഷണം ചൂഷണമായി മാറുന്നത് തടയുന്നതിനുള്ള നിയന്ത്രണങ്ങളും നിബന്ധനകളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതായാലും ആഴക്കടൽ ഖനനം ആരംഭിക്കുന്നതിനായുള്ള തങ്ങളുടെ ഉദ്യമത്തെക്കുറിച്ച് നൗറു സർക്കാർ 2021 ജൂണിൽ ഐ.എസ്.എയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഐ.എസ്.എ നിബന്ധനകളുടെ രൂപീകരണവും ദ്രുതഗതിയിലായിട്ടുണ്ട്. നൗറു സർക്കാരും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്നതും നൗറു സർക്കാർ സ്‌പോൺസർ ചെയ്യുന്നതുമായ ദ മെറ്റൽസ് കമ്പനി(ടി.എം.സി)യും ഖനനാനുമതിക്കായി പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരുന്നു. ഇതിനകംതന്നെ നൗറു അനുബന്ധ പര്യവേക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സമുദ്രാന്തർഭാഗ ഖനനം ആദ്യമായി വിജയകരമായി പൂർത്തീകരിച്ചത് ജപ്പാനായിരുന്നു. 2017ൽ ഒകിനാവ സമുദ്രമേഖലയിൽനിന്ന് 1600 മീറ്ററോളം ആഴത്തിൽ ആഴക്കടൽ ഖനനം നടത്തിയിട്ടാണ് വലിയ ധാതുസമ്പത്ത് ഇവർക്ക് കണ്ടെത്താൻ സാധിച്ചത്. 1000-1500 മീറ്ററിനിടയിൽ പ്രവർത്തനരഹിതമായ ഹൈഡ്രോതെർമൽ വെന്റ് സോണുകളിലൂടെ സ്വർണവും ചെമ്പും വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 5000-6000 മീറ്ററിനിടക്കാണ് സമുദ്രത്തിന്റെ അടിത്തട്ടുണ്ടാവുക. ചൂടരുവികൾക്കും ചൂടുറവകൾക്കും സമാനമായി സജീവ അഗ്‌നിപർവത മേഖലകളിലാണ് ഹൈഡ്രോതെർമൽ വിടവുകൾ കാണപ്പെടുന്നത്. ഭൂമിക്കടിയിലെ ടെക്ടോണിക് പ്ലേറ്റുകൾ അകന്നുപോകുന്ന സമുദ്ര മധ്യപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുക. പസഫിക് സമുദ്രത്തിലെ മിനാമി-ടോരിഷിമ ദ്വീപിനു സമീപമുള്ള സമുദ്രാടിത്തട്ടിൽ നിന്ന് വൈദ്യുതവാഹനങ്ങൾക്ക് ആവശ്യമായ പല അത്യാവശ്യ ധാതുക്കളും അടുത്തവർഷത്തോടെ ജപ്പാൻ ഖനനം ചെയ്‌തെടുക്കും എന്നുമുള്ള വാർത്തകളുണ്ട്. ഇതേസമയം ആഴക്കടൽ ഖനനത്തിനെതിരേ പല ഭാഗങ്ങളിൽ നിന്നായി എതിർപ്പുകളുയരുന്നുണ്ട്. ന്യൂസിലൻഡിലെ തദ്ദേശീയ ജനവിഭാഗമായ മവോറികൾ, പപുവ ന്യൂഗിനിയയിലെ ദി അലയൻസ് ഓഫ് സോൾവാര വാരിയേഴ്‌സ്, ഡീപ് സീ മൈനിങ് കാംപയിൻ എന്നീ സംഘടനകളും നിരവധി പൗരാവകാശ പ്രവർത്തകരും ആഴക്കടൽ ഉത്ഖനനം സമുദ്ര ആവാസവ്യവസ്ഥയിലും അനുബന്ധ ജൈവികഘടനയിലും വരുത്തിയേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


യന്ത്രങ്ങളുപയോഗിച്ച് സമുദ്രാടിത്തട്ട് അളക്കുന്നതും കുഴിക്കുന്നതും ആഴക്കടൽ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നും ഇതിലൂടെ ഊറിവരുന്ന ധാതുലവണകൾ സമുദ്രോപരിതലത്തിൽ കെട്ടിക്കിടക്കുമെന്നുമാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ സംഘടന അഭിപ്രായപ്പെടുന്നത്. ഇങ്ങനെ സമുദ്രോപരിതലത്തിലേക്ക് പൊങ്ങിവരുന്ന ധാതുലവണങ്ങൾ കിലോമീറ്ററോളം വ്യാപിക്കും. ഏറെ സമയമെടുത്ത് മാത്രമേ സമുദ്രാടിത്തട്ടിലേക്ക് തിരിച്ച് ഊറിയിറങ്ങുകയുമുള്ളൂ. ഇത് വാണിജ്യപ്രധാനമായതും ദുർലഭവുമായ ജീവിവർഗങ്ങളെ ദോഷകരമായി ബാധിക്കാനും സാധ്യതയേറെയാണ്. ഖനന യന്ത്രങ്ങൾ, ഉപരിതല കപ്പൽ എന്നിവയിൽ നിന്നുണ്ടായേക്കാവുന്ന ശബ്ദം, കമ്പനം, വെളിച്ചം, ഇന്ധന ചോർച്ച എന്നിവ തിമിംഗലം, സ്രാവ്, ചൂര തുടങ്ങിയ മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും.
അതേസമയം, ധാതുവിഭവങ്ങളുടെ വിനിയോഗം സംബന്ധിച്ച പ്രക്രിയകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തിലാണ് ടെൻഡറുകൾ വിളിക്കുന്നത്. ഇത് അനുബന്ധ നടപടികൾ വേഗത്തിലാക്കും. ഉത്പാദനത്തിനായി പാട്ടത്തിനു നൽകുന്ന പ്രദേശം 15 മിനിറ്റ് അക്ഷാംശത്തിനും രേഖാംശത്തിനും ഇടയിലായിരിക്കും. ഏറ്റവും ചുരുങ്ങിയ ഉത്പാദന മേഖല 85.75 ചതുരശ്ര കിലോമീറ്ററിൽനിന്ന് ഏകദേശം 3.43 ചതുരശ്ര കിലോമീറ്ററാക്കിയിട്ടുണ്ട്. ഇത് കൂടാതെ വ്യക്തിക്ക് കൈവശം വെക്കാവുന്ന പ്രദേശത്തിനും അളവ് നിശ്ചയിച്ചിട്ടുണ്ട്. ഒരു ലൈസൻസിന്റെ കീഴിൽ നാൽപ്പത്തിയഞ്ച് രേഖാംശത്തിനും നാൽപ്പത്തിയഞ്ച് അക്ഷാംശത്തിലും കൂടുതൽ പ്രദേശം കൈവശം വെക്കാവുന്നതല്ല. പാട്ടക്കാലാവധി അൻപതു വർഷമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പൊതുജനവിഹിതം പ്രയോജനപ്പെടുത്തി ഓഫ് ഷോർ മിനറൽ ട്രസ്റ്റ് രൂപീകരിക്കാനും പദ്ധതിയുണ്ട്.


ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും പരിസ്ഥിതിപ്രവർത്തകരും സമുദ്രാടിത്തട്ടിലെ ഉത്ഖനനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. തെക്കൻ കേരളത്തിലെ ചില പ്രവർത്തകരും മത്സ്യബന്ധന തൊഴിലാളികളും ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഉത്ഖനനങ്ങൾ തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുമെന്നാണ് അവർ പറയുന്നത്. മത്സ്യവർഗങ്ങൾ അന്യംനിന്നുപോകുമെന്നുള്ള സംശയങ്ങളും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതോടൊപ്പം ഇത് കടലമ്മയെ കൊള്ളയടിക്കുന്നതാണെന്നാണ് ഇവരുടെ അഭിപ്രായം. ചോർച്ച മൂലമുണ്ടായോക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകളും അസ്ഥാനത്തല്ലെന്നുതന്നെ കരുതണം. എന്തിരിക്കിലും കടലിനടിയിൽ 6000 മീറ്ററിനും താഴെ എന്താണുള്ളതെന്നും അതു തുരന്നെടുക്കുന്നതിലൂടെ വരുന്ന പ്രത്യാഘാതം എന്തെന്നും എന്നതിനെ സംബന്ധിച്ചും ആർക്കും വ്യക്തമായ ധാരണയില്ല. ഹിന്ദുപുരാണങ്ങളിൽ ഹിരണ്യാക്ഷനെ വധിച്ച് ഭൂമി മാതാവിനെ രക്ഷിക്കാനാണ് വിഷ്ണു വരാഹാവതാരമെടുക്കുന്നത്. എന്നാൽ സമുദ്രാടിത്തട്ടിൽ അവതരിച്ചിരിക്കുന്ന എൻ.ഐ.ഒ.ടിയുടെ വരാഹ ഭൂമിക്ക് തുണയാണോ വിനയാണോ എന്ന് കണ്ടറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago