കോൺഗ്രസിൽ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു
പ്രൊഫ. റോണി കെ. ബേബി
ജനാധിപത്യ സംവിധാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകൾ വീറും വാശിയും നിറഞ്ഞ വലിയ പോരാട്ടങ്ങളാണ്. അങ്കത്തട്ടിലെ പോരാട്ടങ്ങൾക്ക് സമാനമായ തെരഞ്ഞെടുപ്പ് യുദ്ധങ്ങൾ ജയിക്കാൻ വലിയ മുന്നൊരുക്കങ്ങളും കൃത്യമായ ആസൂത്രണങ്ങളും അനിവാര്യമാണ്. എതിരാളികളുടെ ശക്തികളും ദൗർബല്യങ്ങളും മനസിലാക്കി അടിയും തടയും കൃത്യമായി ആസൂത്രണം ചെയ്യുന്നവർക്കായിരിക്കും ആത്യന്തിക വിജയം നേടാൻ കഴിയുക. അംഗബലത്തേക്കാൾ മികച്ച ആസൂത്രണമാണ് യുദ്ധവിജയത്തിന് അനിവാര്യം എന്നതിന് നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. കായിക ബലത്തേക്കാൾ ആസൂത്രണവും തന്ത്രങ്ങളുമാണ് യുദ്ധങ്ങളെ വിജയിപ്പിക്കുകയെന്ന ദാവീദ് ഗോലിയാത്ത് ചരിത്രം ഇന്നും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
എല്ലാവരും എഴുതിത്തള്ളിയിടത്തുനിന്നും ശൂന്യതയിൽനിന്നും അമേരിക്കൻ പ്രസിഡന്റ് പദവി പിടിച്ചുവാങ്ങിയ ട്രംപിന്റെ ഉദാഹരണം ഇവിടെ ശ്രദ്ധേയമാണ്. കാര്യമായ ജനപിന്തുണ ഇല്ലാതിരുന്നിട്ടും തന്റെ കമ്പനിയിലെ ഏതാനും ജീവനക്കാരെ വിന്യസിച്ച് ട്രംപ് തുടങ്ങിയ ട്വിറ്റർ പ്രചാരണങ്ങളാണ് അദ്ദേഹത്തെ വിജയത്തിലേക്ക് എത്തിച്ചത്. തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്നിലെ മികച്ച ആസൂത്രണങ്ങളുടെയും തന്ത്രങ്ങളുടെയും എതിരാളികളെ നിർദയം അരിഞ്ഞുവീഴ്ത്തുന്ന പരസ്യ പ്രചാരണങ്ങളുടെയും ഇതിനെയെല്ലാം ഏകോപിപ്പിക്കുന്ന പി.ആർ ഏജൻസികളുടെയും പ്രാധാന്യം ലോകം തിരിച്ചറിഞ്ഞത് ട്രംപിന്റെ വിജയത്തോടെയാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പി.ആർ ഏജൻസി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രംപിനുവേണ്ടി അട്ടിമറിക്കുകയായിരുന്നു എന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞു.
ഗുജറാത്ത് മോഡൽ പ്രചാരണത്തിലൂടെ 2014ൽ മോദി ഇന്ത്യയിൽ അധികാരത്തിലെത്തിയതും പി.ആർ ഏജൻസികളുടെ സഹായത്തോടെയായിരുന്നു. അണ്ണാ ഹസാരയെ മുന്നിൽനിർത്തി ആദ്യം ഡൽഹിയിലും പിന്നീട് ഇന്ത്യയുടെ വിവിധ നഗരങ്ങളിലും തരംഗം സൃഷ്ടിച്ച ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിന് പിന്നിലും ഉണ്ടായിരുന്നത് ആർ.എസ്.എസ് നിർദേശം അനുസരിച്ച് പ്രവർത്തിച്ച പി.ആർ ഏജൻസികളായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. 2012ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുതൽ ഇത്തരം പി.ആർ തെരഞ്ഞെടുപ്പ് ഏജൻസികളെ കൃത്യമായി ഉപയോഗിക്കുന്നതിൽ മോദി-ഷാ കൂട്ടുകെട്ട് അസാമാന്യമായ വൈഭവം പുലർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകൾ ജയിക്കുക എന്നതിനേക്കാൾ ജയിപ്പിക്കുക എന്ന സാധ്യതകളിലേക്ക് ഇന്ത്യയിലെ പി.ആർ തെരഞ്ഞെടുപ്പ് ഏജൻസികൾ വളർന്നതോടെ സ്വാഭാവികമായും അവർക്ക് വലിയ വാർത്താപ്രാധാന്യവും ലഭിക്കുകയുണ്ടായി.
ഇത്തരത്തിൽ ഇന്ത്യയിൽ താരമായി മാറിയ വ്യക്തിയാണ് ബിഹാറുകാരനായ പ്രശാന്ത് കിഷോർ. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിശകലന ഏജൻസിയായ ഐ-പാക്കിന് വലിയ വിശ്വാസ്യതയാണ് ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾക്കിടയിലുള്ളത്. ഈ വിശ്വാസ്യതക്ക് കാരണം ഐ-പാക്കിന്റെ ട്രാക്ക് റിക്കോർഡ് തന്നെയാണ്. 2014ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചാണ് പ്രശാന്ത് കിഷോർ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നിൽ അദ്ദേഹത്തിൻ്റെ പ്രചാരണ വാക്യങ്ങളായിരുന്നു. 2014 ലെ വിജയത്തിനുശേഷം അമിത് ഷായുമായി തെറ്റിയ പ്രശാന്ത് കിഷോർ പിന്നീട് പ്രാദേശിക കക്ഷികളുടെ പ്രചാരണത്തിൽ ശ്രദ്ധ നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കിയ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തങ്ങളുടെ കക്ഷികളെ വിജയത്തിലേക്ക് എത്തിക്കാൻ ഐ -പാക്കിന് കഴിഞ്ഞിട്ടുണ്ട്. ബിഹാറിൽ നിതീഷ് കുമാർ, പഞ്ചാബിൽ അമരീന്ദർ സിങ്, ആന്ധ്രയിൽ ജഗ്‌മോഹൻ റെഡ്ഢി, തെലങ്കാനയിൽ കെ.സി.ആർ, തമിഴ്‌നാട്ടിൽ സ്റ്റാലിൻ, ബംഗാളിൽ മമതാ ബാനർജി എന്നിവരൊക്കെ ഐ-പാക്കിന്റെ പിന്തുണയോടെ അധികാരം നേടിയവരാണ്.
ഇതിൽ ഏറ്റവും ശ്രദ്ധേയം ബംഗാളിൽ മമതയുടെ വിജയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ മിന്നും വിജയം നേടിയ ബി.ജെ.പിയെ തൊട്ടുപിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കെട്ടുകെട്ടിച്ചതിന്റെ പിന്നിൽ പ്രശാന്ത് കിഷോർ ഒരുക്കിയ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ചാണക്യതന്ത്രങ്ങൾക്ക് പേരുകേട്ട അമിത് ഷായുടെ നീക്കങ്ങൾ അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് മുൻപിൽ പരാജയപ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ബംഗാൾ പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തിയ ബി.ജെ.പിയെ നേരിടാൻ മമതക്ക് കവചമൊരുക്കിയത് പ്രശാന്ത് നേരിട്ടായിരുന്നു.
പ്രശാന്ത് കിഷോർ കോൺഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദേശീയമാധ്യമങ്ങളിൽ നിറയുന്നത്. വലിയ വാർത്താപ്രാധാന്യമാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി നടത്തുന്ന ചർച്ചകൾക്ക് ലഭിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപും 2021 ലും അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ചർച്ചകളിൽ കാര്യമാത്രമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാൽ അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടി കോൺഗ്രസ് നേതൃത്വത്തെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. വളരെ ആശാവഹമാണ് ഈ മാറ്റം. കോൺഗ്രസിൽ സമൂലമായ പൊളിച്ചെഴുത്തിന് കളമൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതിനുള്ള ആഴമേറിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർമപദ്ധതി നടപ്പാക്കാൻ എംപവർ ആക്ഷൻ ഗ്രൂപ്പിനെ നിയോഗിക്കാനും 2024 ലെ ദേശീയ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസത്തെ ആലോചനായോഗം ചേരാനുള്ളതടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനങ്ങൾ ദേശീയതലത്തിൽത്തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക സ്ഥിതി, ഈ രംഗത്ത് നേരിടുന്ന വെല്ലുവിളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ, പട്ടികജാതികൾ, പിന്നോക്കക്കാർ, മത- ഭാഷ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം വിശദമായ ചർച്ചകൾ ഉദയ്പൂരിലെ ചിന്തൻ ശിബിരത്തിലുണ്ടാവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിൽ വളരെ ക്രിയാത്മകമായി ചടുലമായി കോൺഗ്രസ് നേതൃത്വം പ്രതികരിക്കുന്നു എന്നത് വളരെ ആശാവഹമാണ്. ഇന്ത്യയുടെ രാഷ്ട്രീയനഭസിൽ കോൺഗ്രസ് ഇനിയും പ്രതീക്ഷകൾ ബാക്കിയവയ്ക്കുന്നുണ്ട് എന്ന സന്ദേശം തീർച്ചയായും രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികളെ ആവേശം കൊള്ളിക്കുന്നുണ്ട്. പ്രശാന്ത് കിഷോറിന് പാർട്ടിയിൽ എന്തു സ്ഥാനം നൽകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുവെങ്കിലും പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും ചലനാത്മകമാക്കുന്നതിനും അദ്ദേഹം മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നത് കാര്യങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതര പാർട്ടികളുമായി സഖ്യസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കണം, പാർട്ടി പഴയ ആദർശ മാതൃകകളിലേക്ക് തിരിച്ചുവരണം, പ്രദേശിക തലത്തിൽ പ്രവർത്തകരെയും നേതാക്കളെയും ഒരുമിപ്പിക്കണം, പാർട്ടിയുടെ ആശയവിനിമയ സംവിധാനങ്ങൾ പരിഷ്‌കരിക്കണം തുടങ്ങിയ കാതലായ നിർദേശങ്ങളാണ് പ്രശാന്ത് കിഷോർ മുന്നോട്ടുവച്ചിരിക്കുന്നത്. 2024ൽ ആദ്യമായി വോട്ടുചെയ്യാൻ പോകുന്ന 13 കോടി കന്നി വോട്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ചും പ്രശാന്ത് കിഷോർ കോൺഗ്രസിനെ ഓർമിപ്പിക്കുന്നുണ്ട്. ലോക്‌സഭയിലെ 370 സീറ്റുകളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാക്കിയുള്ള സീറ്റുകളിൽ സഖ്യമുണ്ടാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. വാർത്താവിനിമയ സംവിധാനവും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ള നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന നിർദേശവും വളരെ പ്രസക്തമാണ്.
2024ൽ അതീവ പ്രാധാന്യമുള്ള പൊതുതെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്. തുടർച്ചയായി തിരിച്ചടികളേറ്റ് ആത്മവിശ്വാസം നഷ്ടപ്പെടുന്ന കോൺഗ്രസിന് ഒരു പുതുജീവൻ കൂടിയേ തീരൂ. കാരണം മോദിയുടെ ഫാസിസ്റ്റ് സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിരോധത്തിന്റെ കുന്തമുന കോൺഗ്രസാണ്. കോൺഗ്രസ് തളർന്നാൽ അവിടെ ദുർബലമാകുന്നത് പ്രതിപക്ഷ ഐക്യനിരയാണ്. കോൺഗ്രസിന്റെ ആ സ്ഥാനം അവകാശപ്പെടാൻ മറ്റൊരു പ്രതിപക്ഷ പാർട്ടിക്കും കഴിയില്ല. പാർട്ടി കരുത്താർജ്ജിക്കണം, പൊരുതണം. അതിനുള്ള ബ്ലൂപ്രിന്റാണ് പ്രശാന്ത് കിഷോർ നേതൃത്വത്തിനുമുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ടെന്ന് സൂചിപ്പിക്കുന്ന മാറ്റങ്ങൾക്കാണ് കോൺഗ്രസിൽ കളമൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."