HOME
DETAILS

പുണ്യമാസത്തിലെ ആ ഫോണ്‍ വിളി...

  
backup
May 09 2021 | 02:05 AM

654651351-2021

തികച്ചും വ്യക്തിപരമായ അനുഭവത്തെക്കുറിച്ചാണ് ഇത്തവണ പറയുന്നത്.
ആ അനുഭവം ഹൃദയത്തില്‍ സൂക്ഷിച്ചാല്‍ മാത്രം പോരെന്നും പരമാവധി ആളുകളെ അറിയിക്കണമെന്നും മനസ് പേര്‍ത്തും പേര്‍ത്തും ആവശ്യപ്പെടുന്നു. അതിനാല്‍, ഈ സ്വകാര്യാനുഭവം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. കഴിഞ്ഞദിവസം ജോലിത്തിരക്കു കഴിഞ്ഞു വിശ്രമിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ ഒരു വിളി വന്നു. 'ഞാന്‍ അലക്‌സാണ്ടര്‍ ജേക്കബ്. റിട്ടയേഡ് ഡി.ജി.പിയാണ്. നിങ്ങളുടെ പുസ്തകം ഞാന്‍ വായിച്ചു. നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു'.
വളരെ സംക്ഷിപ്തമായ, അതേസമയം അങ്ങേയറ്റം സന്തോഷദായകമായ വാക്കുകള്‍. ഏതു പുസ്തകത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നതിനെക്കുറിച്ചു സംശയമില്ലായിരുന്നു. 'ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം' എന്ന ഗ്രന്ഥത്തെക്കുറിച്ചു തന്നെ.
ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ വാക്കുകളില്‍ സീമാതീതമായ ആത്മാര്‍ഥതയുണ്ടെന്നതിലും സംശയമില്ലായിരുന്നു. നേരിട്ടു പരിചയമില്ലെങ്കിലും ഉള്ളില്‍ത്തട്ടിയതിനെക്കുറിച്ചു മാത്രം സംസാരിക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങള്‍ നേരിട്ടും യൂട്യൂബ് ചാനലിലൂടെയും കേട്ട ബോധ്യമുണ്ടായിരുന്നു.


നേരത്തേ പറഞ്ഞ വാക്കുകള്‍ ആമുഖമായി പറഞ്ഞശേഷം അദ്ദേഹം ചോദിച്ചു: 'ഇങ്ങനെയൊരു പുസ്തകമെഴുതിയതിന്റെ പേരില്‍ താങ്കള്‍ക്ക് ശശികല ടീച്ചറെ പോലുള്ളവരുടെ വിമര്‍ശനവും പഴിയും കേള്‍ക്കേണ്ടി വന്നിരുന്നില്ലേ'. ഇതിനിടയില്‍ അനുഭവിക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകളെയും പരിഹാസങ്ങളെയും പറ്റി അദ്ദേഹത്തോടു പറഞ്ഞു.


അപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'എനിക്കും ഇങ്ങനെ കുറേ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നെ ' ......' ല്‍ നിന്നു പുറത്താക്കുക വരെ ചെയ്തു. എന്നു വച്ചു നമുക്കു സത്യമെന്നു തോന്നുന്ന കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ലല്ലോ. ഞാന്‍ എനിക്കു പൂര്‍ണ ബോധ്യമുള്ള കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ. ഇസ്‌ലാമിന്റെയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും മഹത്വത്തെക്കുറിച്ചും നന്മയെക്കുറിച്ചും എനിക്കു വായനയിലൂടെ ഉള്‍ക്കൊള്ളാനായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതു മനുഷ്യനെന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണ്. അതില്‍ കുറ്റബോധമോ, ഭയമോ ഇതുവരെ തോന്നിയിട്ടില്ല. താങ്കളും അധീരനാകരുത്. പകയും വെറുപ്പുമില്ലാത്ത നല്ല മനുഷ്യരാവുകയല്ലേ നാമെല്ലാം വേണ്ടത്'.


ഈ പുണ്യമാസത്തില്‍ ഏറെ സന്തോഷവും ആശ്വാസവും തരുന്ന വാക്കുകളായിരുന്നു ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റേത്. ചുറ്റും കാണുന്നതിലെ നന്മ തിരിച്ചറിയലും പ്രചരിപ്പിക്കലുമാണു മനുഷ്യത്വമുള്ളവന്റെ കര്‍ത്തവ്യമെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. ഇത്തവണത്തെ പുണ്യമാസത്തില്‍ കേട്ട ഏറ്റവും മധുരതരമായ വാക്കുകള്‍. അതു ഞാന്‍ മറ്റുള്ളവരിലേയ്ക്കു പകരേണ്ടതു തന്നെയല്ലേ.


നാട്ടില്‍ ധാരാളം മുസ്‌ലിം കുടുംബങ്ങളുള്ളതിനാല്‍ കുട്ടിക്കാലം മുതല്‍ ഇസ്‌ലാമിലെ നന്മ കണ്ടു വളരാന്‍ കഴിഞ്ഞയാളാണ് ഞാനെങ്കില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ ജീവിതം അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ നാടായ തുമ്പമണില്‍ ഒരു മുസ്‌ലിം കുടുംബമോ ഒരൊറ്റ മുസ്‌ലിമോ ഉണ്ടായിരുന്നില്ല.
എങ്കിലും, അദ്ദേഹത്തിലെന്നപോലെ ആ നാട്ടുകാരിലും കറകളഞ്ഞ മതേതര മനസുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ, പ്രവാചകന്റെ കാലത്ത് യസ്‌രിബുകാര്‍ ചെയ്തപോലെ, 1986 ല്‍ പഞ്ചായത്ത് ഭൂമിയില്‍ 10 സെന്റു വീതം 10 പ്ലോട്ടുകളായി തിരിച്ചു പന്തളത്തുനിന്നും പത്തനംതിട്ടയില്‍ നിന്നും പത്തു മുസ്‌ലിം കുടുംബങ്ങളെ തങ്ങളുടെ നാട്ടിലേയ്ക്കു ക്ഷണിച്ചു വരുത്തി താമസിപ്പിച്ചത്.


ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഇസ്‌ലാമിനെക്കുറിച്ചു പഠിക്കുന്നത് ആ മതത്തോടുള്ള അഭിനിവേശം കൊണ്ടായിരുന്നില്ല, ഒരര്‍ഥത്തില്‍ തന്റെ മതത്തേക്കാള്‍ അതിനു പ്രാധാന്യം നല്‍കിയ ഒരു ഗ്രന്ഥത്തിലെ പരാമര്‍ശത്തിലുള്ള അമര്‍ഷം മൂലമായിരുന്നു.


പ്രശസ്ത അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ മൈക്കേല്‍ എച്ച് ഹാര്‍ട്ട് ലോകത്തെ മാറ്റിമറിച്ച 100 മഹത്തുക്കളുടെ ജീവചരിത്രം 'ദ് 100' എന്ന പേരില്‍ എഴുതിയിട്ടുണ്ട്. ഓരോരുത്തരുടെയും മഹത്വപൂര്‍ണമായ പ്രവൃത്തികളുടെ പ്രാധാന്യമനുസരിച്ചായിരുന്നു ക്രമപ്പെടുത്തല്‍. അതില്‍ ആദ്യ പേര് മുഹമ്മദ് നബിയുടേതായിരുന്നു. രണ്ടാമതായി ശ്രീബുദ്ധന്‍. മൂന്നാമതായേ യേശുക്രിസ്തു വരുന്നുള്ളൂ. കറകളഞ്ഞ സത്യക്രിസ്ത്യാനിയായ അലക്‌സാണ്ടര്‍ ജേക്കബ് എന്ന അന്നത്തെ യുവാവിന്റെ മനസിനെ വേദനിപ്പിച്ച കാര്യമായിരുന്നു അത്. എന്തുകൊണ്ടു കര്‍ത്താവ് മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. അതിനുള്ള കാരണം തിരക്കി അദ്ദേഹം ആ ഗ്രന്ഥം വിശദമായി വായിച്ചു. അപ്പോഴാണ് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറഞ്ഞ ന്യായീകരണം അദ്ദേഹത്തിനു ബോധ്യമാകുന്നത്.


ഗ്രന്ഥകാരന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: 'ഈ നൂറു മഹത്തുക്കളില്‍ എല്ലാവരും ഒന്നുകില്‍ ആത്മീയനേതാക്കളെന്ന നിലയില്‍, അതല്ലെങ്കില്‍ മികച്ച ജനനായകരും ഭരണാധികാരികളുമെന്ന നിലയില്‍ മഹത്തായ സംഭാവന അര്‍പ്പിച്ചവരാണ്. എന്നാല്‍, രണ്ടു നിലയിലും ഒരേപോലെ അത്ഭുതകരമായി തിളങ്ങിയ മറ്റൊരാള്‍ നബിയെപ്പോലെ, ഈ ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. ആമുഖ വായനയില്‍ ബോധ്യപ്പെട്ട കാര്യം എള്ളിട തെറ്റാതെ ശരിയാണെന്നു തുടര്‍വായനയില്‍ ബോധ്യപ്പെട്ടു. അതിനെ തുടര്‍ന്നു പരിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെ ഇസ്‌ലാമുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് തേടിപ്പിടിച്ചു വായിച്ചു. ഇസ്‌ലാമിനെക്കുറിച്ചു വിമര്‍ശകര്‍ പറയുന്ന ആരോപണങ്ങള്‍ ഒന്നും ശരിയല്ലെന്ന് അതോടെ അദ്ദേഹത്തിനു ബോധ്യപ്പെട്ടു.


തനിക്കു സംശയലേശമെന്യേ ഉള്‍ക്കൊള്ളാനായ കാര്യങ്ങള്‍ മനസില്‍ അടക്കിവയ്ക്കുന്നതല്ലല്ലോ നല്ല മനുഷ്യന്റെ ലക്ഷണം. നല്ല മനുഷ്യനായതിനാല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് തന്റെ മനസ് ജനങ്ങള്‍ക്കിടയില്‍ അവസരം കിട്ടുമ്പോഴെല്ലാം തുറക്കുന്നു.


ഡോ. അലക്‌സാണ്ടര്‍ ജേക്കബ് കാഞ്ഞങ്ങാട്ട് ഒരു നബിദിന സദസില്‍ നടത്തിയ അതിമനോഹരമായ പ്രസംഗമുണ്ട്. ഞാന്‍ ആവര്‍ത്തിച്ചു കേള്‍ക്കാറുള്ളതാണ്. ഈ പുണ്യമാസത്തില്‍ മനുഷ്യത്വം മനസില്‍ വറ്റാത്ത എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കേണ്ടതും മനസിലേയ്ക്ക് ആവാഹിക്കേണ്ടതുമാണ് ആ പ്രഭാഷണം.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ പ്രഭാഷണം കേള്‍ക്കുമ്പോള്‍ സമയം നിശ്ചലമായതു പോലെ തോന്നും. ആത്മീയതലത്തില്‍ മാത്രം നിന്നുകൊണ്ടല്ല, ശാസ്ത്രീയവും സാമൂഹ്യവും മനുഷ്യത്വപരവുമായ എല്ലാ തലങ്ങളിലും നിന്നുകൊണ്ടു തികച്ചും യുക്തിസഹമായി ഇസ്‌ലാമിന്റെ നന്മ അനാവരണം ചെയ്യുന്ന പ്രഭാഷണമാണത്. വാളുകൊണ്ടു ലോകം വെട്ടിപ്പിടിച്ച, ഇതരമതങ്ങളോട് കടുത്ത അസഹിഷ്ണുതയുള്ള, സ്ത്രീകളോട് അങ്ങേയറ്റത്തെ വിവേചനം കാണിക്കുന്ന, വെറുപ്പിന്റെയും പകയുടെയും തത്വശാസ്ത്രം മാത്രമുള്ള മതമാണ് ഇസ്‌ലാം എന്ന വിമര്‍ശകരുടെ ദുരാരോപണങ്ങള്‍ക്കുള്ള യുക്തിസഹമായ മറുപടിയാണ് ആ പ്രഭാഷണം.


ഇപ്പോഴും കറകളഞ്ഞ ക്രിസ്ത്യാനിയായ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ആ പ്രഭാഷണത്തില്‍ പറയുന്ന ശ്രദ്ധേയമായ രണ്ടു വാക്യങ്ങള്‍ കൂടി ഇവിടെ കുറിക്കട്ടെ: 'ഞാന്‍ വിശ്വസിക്കുന്ന വേദപുസ്തകം (ബൈബിള്‍) ശരിയായി മനസിലാകണമെങ്കില്‍ പരിശുദ്ധ ഖുര്‍ആന്‍ കൂടി വായിക്കണം എന്ന ഉത്തമവിശ്വാസമുള്ളയാളാണു ഞാന്‍'. ദിവസവും സന്ധ്യക്കു ബൈബിളില്‍ നിന്നും ഖുര്‍ആനില്‍ നിന്നും ഭഗവത് ഗീതയില്‍ നിന്നുമുള്ള സൂക്തങ്ങള്‍ ഉരുവിടുന്ന തികഞ്ഞ മതേതരവാദിയാണ് ഡോ. അലക്‌സാണ്ടര്‍. ഇത്തരമൊരു നല്ല മനുഷ്യനെ ഈ പരിശുദ്ധമാസത്തില്‍ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തിയില്ലെങ്കില്‍ അതു ചരിത്രത്തോടു ചെയ്യുന്ന നീതികേടാവില്ലേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago