മുസ്ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടിയേരി; തരംപോലെ തീവ്രവാദ സംഘങ്ങളുമായി കൂടിയത് സി.പി.എമ്മെന്ന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി കൊച്ചിയില്‍ പറഞ്ഞു. ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. എസ്ഡിപിഐ മറ്റ് മുസ്ലീം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത്. അവര്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊരു തരത്തില്‍ ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അതേസമയം തരംപോലെ തീവ്രവാദ സംഘങ്ങളുമായി കൂടിയത് സി.പി.എമ്മെന്ന് മുസ് ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. എസ്.ഡി.പിഐയുമായി സിപിഐഎമ്മിനുളള ബന്ധം പറഞ്ഞതാവും കോടിയേരി. അതു മറച്ചു വെക്കാനുള്ള വെടിയാണ് വെച്ചത്. തരാതരംപോലെ അവരെ സഹായിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനെന്നും കോടിയേരിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
'ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഗുജറാത്ത് അല്ല കേരളമാണ് മോഡല്‍ ആക്കേണ്ടത്. നല്ല റോഡും പാലങ്ങളും ഉണ്ടായാല്‍ വികസനമാവില്ല. കേരള മോഡല്‍ വികസനമാണ് രാജ്യത്തിന് മാതൃക. ആ മോഡലാണ് പിന്തുടരേണ്ടതെന്നും' കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."