അന്താരാഷ്ട്ര വനിതാ ദിനത്തിൽ മുഴുവൻ സ്ത്രീ ജീവനക്കാരുമായി പറന്നുയർന്ന് ജസീറ എയർവേയ്സ്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിമാനത്തിലെ പൈലറ്റ് ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വനിതകൾ മാത്രമായി ജസീറ എയർവേയ്സ്. ജസീറ എയർവേയ്സ് കുവൈത്ത് - റിയാദ് സർവീസ് ആണ് മുഴുവൻ സ്ത്രീകളുമായി പറന്നത്. പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ എട്ടംഗ വനിതാ ജീവനക്കാരുമായി എ320നിയോ ഫ്ലൈറ്റ് ആണ് കുവൈറ്റിൽ നിന്ന് പറന്നുയർന്നത്.
പൈലറ്റ്, കോ-പൈലറ്റ്, ഡെക്ക്, ക്യാബിൻ ക്രൂ എന്നിവരെല്ലാം വനിതകൾ മാത്രമായുള്ള സർവീസ് അപൂർവമാണ്. വനിതാ ദിനത്തിൽ സ്ത്രീകളോടുള്ള ആദരമായാണ് ജസീറ എയർവേയ്സ് ഇത്തരമൊരു സർവീസ് നടത്തിയത്. 172 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
“ഇത് ഞങ്ങൾക്ക് ഒരു ചരിത്ര നിമിഷമാണെങ്കിലും, ഈ കഠിനാധ്വാനികളായ സ്ത്രീകൾക്ക്, ഇത് ജോലിസ്ഥലത്ത് മറ്റൊരു ദിവസം മാത്രമാണ്. ജസീറയിൽ, ജീവനക്കാരാണ് ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല്. എല്ലാ ജീവനക്കാർക്കും തുല്യ അവസരം നൽകുന്ന തൊഴിലുടമ എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ജീവനക്കാരിൽ നിന്നുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങളെ വിലമതിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതിലൂടെ, ഞങ്ങൾക്ക് ശക്തവും കൂടുതൽ നൂതനവും കൂടുതൽ വിജയകരവുമായ ഒരു സ്ഥാപനം സൃഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു“ ജസീറ എയർവേയ്സിന്റെ സിഇഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."