ഡിജി യാത്രാ സംവിധാനത്തിലേക്ക് മാറാനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം; രാജ്യത്താകെ 27 വിമാനത്താവളങ്ങൾ
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള യാത്ര എളുപ്പമാക്കുന്നതിനുള്ള ഡിജി സംവിധാനം നടപ്പിലാക്കാനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം. തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 13 വിമാനത്താവളങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ഇതോടെ ആകെ 27 വിമാനത്താവളങ്ങൾ ഈ സംവിധാനത്തിലേക്ക് മാറും. മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയിലൂടെ പരിശോധന നടത്തുന്നതാണ് സംവിധാനം. ഇതുവഴി വിമാനത്താവളത്തിലെ വിവിധ പരിശോധനാ കേന്ദ്രങ്ങളിൽ ക്യൂ നിന്ന് യാത്രാരേഖകൾ കാണിച്ച് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനാകും.
കേരളത്തിൽ കൊച്ചി വിമാനത്താവളത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡിജി യാത്രാ ഫൗണ്ടേഷനാണ് പദ്ധതിയുടെ ചുമതല. ഡിജി യാത്രയ്ക്കായി ആപ്പ് ഡൗൺ ലോഡ് ചെയ്യണം. ശേഷം ആധാർ വിവരങ്ങൾ നൽകി ബോർഡിങ് പാസ് വിവരം നൽകിയാൽ ചെക്കിങ് പോയിന്റുകളിലെ ക്യാമറ മുഖം തിരിച്ചറിയും. മറ്റു യാത്രാവിവരങ്ങൾ നൽകേണ്ടതില്ല. ദേഹപരിശോധനയ്ക്കുശേഷം യാത്ര ചെയ്യാം.
വിമാനത്താവളങ്ങളിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ലൈൻ ഉണ്ടാകും. മിനിട്ടുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായും കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
അതേസമയം, കൊച്ചിയിൽ ആഭ്യന്തര ടെർമിനൽ ഡിപ്പാർച്ചറിലാണ് ഈ സംവിധാനം ഇപ്പോൾ ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്തു. മൂന്നു ലക്ഷത്തോളം പേർ സംവിധാനം ഉപയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."