പ്രാർത്ഥനാ മുഖരിതമായി ഇരു ഹറമുകളും; ആത്മ സായൂജ്യം തേടി 27ാം രാവിൽ സംഗമിച്ചത് ലക്ഷങ്ങൾ
മക്ക/മദീന: പുണ്യം നുകരുന്ന റമദാനിലെ അവസാനത്തെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്ന റമദാൻ 27ാം രാവിൽ പ്രാർത്ഥനാ മുഖരിതമായി ഇരു ഹറമുകളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം 27ാം രാവിൽ ലക്ഷങ്ങളാണ് മക്കയിലും മദീനയിലും സംഗമിച്ചത്. നാഥനിലേക്ക് കയ്യുയർത്തി ഇടറുന്ന ചുണ്ടുകളോടെ പ്രാർത്ഥനാ മനസ്സുമായി അലിഞ്ഞു ചേരാൻ സ്വദേശികളും മക്കയിലേക്ക് ഒഴുകുകയായിരുന്നു. സ്വദേശികൾക്കൊപ്പം വിദേശികളും വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരും രാത്രി നമസ്കാരങ്ങൾക്ക് അണിനിരന്നപ്പോൾ ഹറമും പരിസരവും ജനനിബിഡമായി.
ഇശാ നിസ്‌കാരത്തിന് ശേഷം നടന്ന തറാവീഹ് നിസ്‌കാരത്തിലും പാതിരാ നിസ്‌കാരത്തിലും പങ്കെടുത്ത വിശ്വാസികൾ പുലർച്ചെ വരെ ഇലാഹീ ചിന്തയിൽ പ്രാർത്ഥനാ നിരതരായിരുന്നു. തിരക്ക് മുന്നിൽ കണ്ട ശക്തമായ മുന്നൊരുക്കങ്ങളും സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. പുലര്‍ക്കാലം വരെ നീണ്ട പ്രാര്‍ഥനയില്‍ ഹറം കണ്ണീരണിഞ്ഞു. പാപ മോചനത്തിന്റെ അവസാന പത്തും വിടവാങ്ങാനിരിക്കെ പല തീര്‍ത്ഥാടകരും ഹറമില്‍ തന്നെ കഴിയുകയാണ്.
ഇഫ്താറിന് എട്ട് ലക്ഷം ലിറ്റര്‍ സംസം വെള്ളമാണ് വിതരണം ചെയ്തത്. 300 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. തറാവീഹിന്റെ ആദ്യ പാദത്തില്‍ ശൈഖ് ഡോ: മാഹിര്‍ ബിന്‍ അഹമ്മദ് അല്‍മുഐഖലിയും വിതര്‍ അടക്കമുള്ള രണ്ടാം പാദത്തില്‍ ഡോ: അബ്ദുറഹ്മാന്‍ അല്‍സുദൈസും നേതൃത്വം നല്‍കി.
നോമ്പ് തുറ കഴിഞ്ഞു ഹറം പള്ളിയിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നീട് വീണ്ടും അകം പള്ളിയിലേക്ക് കയറാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ തീർത്ഥാടകർ ഇവിടെ തന്നെ കഴിച്ചു കൂട്ടി രാത്രി നിസ്‌കാരവും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. നിസ്കാര വേളയിൽ വിശ്വാസികളുടെ നിര അകം പള്ളിയും മുറ്റവും നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു.
ജന ബാഹുല്യം കണക്കിലെടുത്തു ചെറിയ 27ാം രാവിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടി കണ്ട് ഇരുഹറം കാര്യാലയം, ട്രാഫിക്ക്, പൊലീസ്, സിവിൽ ഡിഫൻസ്, റെഡ്ക്രസൻറ്, ആരോഗ്യം, മുനിസിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകൾ പൂർണ്ണ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."