പ്രശാന്ത് കോണ്‍ഗ്രസിലേക്ക് വരില്ലെന്ന് രാഹുല്‍ ആദ്യദിനം തന്നെ പ്രവചിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നു ചര്‍ച്ചകളുടെ ആദ്യദിവസം തന്നെ രാഹുല്‍ ഗാന്ധി പ്രവചിച്ചിരുന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. പ്രശാന്ത് മറ്റു രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കുന്നതിനായി 'കോണ്‍ഗ്രസിനെ ഉപയോഗിക്കുകയാണെന്നു' പല നേതാക്കളും കരുതിയിരുന്നതായും പാര്‍ട്ടിയിലെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, പ്രശാന്ത് കിഷോറിനോട് അടുപ്പമുള്ളവര്‍ ഈ ആരോപണങ്ങള്‍ തള്ളിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംപവേഡ് കമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് പി.കെ എന്ന പ്രശാന്ത് കിഷോറിനെ ക്ഷണിച്ചത്. ചൊവ്വാഴ്ച ഈ വാഗ്ദാനം പ്രശാന്ത് നിരസിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് പ്രശാന്ത് വ്യക്തമാക്കിയെന്നും അതിന്റെ കാരണം അറിയില്ലെന്നുമാണ് മുതിര്‍ന്ന നേതാവ് പി. ചിദംബരം ഇതിനോട് പ്രതികരിച്ചത്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചിരുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
'പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരില്ലെന്ന് രാഹുല്‍ ഗാന്ധി ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യമായല്ല. ഇതുസംബന്ധിച്ച് എട്ടാം തവണയാണ് പ്രശാന്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്' പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖകള്‍ അവതരിപ്പിക്കുന്നതിനായി പ്രശാന്ത് കിഷോര്‍ തന്നെയാണ് പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ആവശ്യപ്പെട്ടത്. പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഇതിനോട് രാഹുല്‍ ഗാന്ധിയുടേത് തണുപ്പന്‍ പ്രതികരണമായതിനാല്‍ പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്താനാണ് പ്രശാന്ത് കിഷോര്‍ താല്‍പര്യപ്പെട്ടത്.
പ്രശാന്ത് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന നിലപാട് പല നേതാക്കളും സ്വീകരിച്ചിരുന്നു. പി.കെയുമായി ചര്‍ച്ച നടത്താന്‍ രണ്ട് മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് കര്‍ശന തീരുമാനങ്ങളെടുക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശേഷിയില്‍ പ്രശാന്ത് കിഷോറിന് സംശയങ്ങളുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഈ സമയത്ത് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിന് പോകുന്നതു ഈ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെ മറികടക്കാന്‍ എല്ലാ യോഗങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കാറുണ്ടെങ്കിലും അത് പര്യാപ്തമാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസില്‍ പ്രധാന തീരുമാനങ്ങളെടുക്കുന്നവരിലൊരാളായ രാഹുല്‍ പാര്‍ട്ടിയുമായി 'അകന്നു നില്‍ക്കുകയാണെന്നാണ്' പ്രശാന്ത് കിഷോറുമായി അടുപ്പമുള്ളവര്‍ വിലയിരുത്തുന്നത്.
അതേസമയം, കോണ്‍ഗ്രസില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ, പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) തെലങ്കാനയിലെ രാഷ്ട്രീയ എതിരാളി ടി.ആര്‍.എസുമായി കരാറൊപ്പിട്ടത് മുതിര്‍ന്ന നേതാക്കളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ പ്രശാന്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാല്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് പോകുമെന്ന ആശങ്കയും മുതിര്‍ന്ന പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."