കൊവിഡ്: ആസ്തമ രോഗികളില്‍ വേണ്ടത് ജാഗ്രത
കൊവിഡ് മഹാമാരി അതിന്റെ എല്ലാ ഭീകരതയോടുംകൂടി രണ്ടാം വരവ് അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ആസ്തമ രോഗികളില്‍ കൊവിഡ് എങ്ങനെ എന്ന ചോദ്യം ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. ലോകമെമ്പാടും പ്രായവ്യത്യാസമില്ലാതെ 262 ദശലക്ഷം ജനങ്ങളെ ബാധിച്ചിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്തമ. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ലോകമൊട്ടുക്കുമുള്ള ആസ്തമ രോഗികളില്‍ പത്തില്‍ ഒരു രോഗി ഇന്ത്യയില്‍ നിന്നാണ്. രോഗനിര്‍ണയത്തിന് വിധേയരായ രോഗികളുടെ കണക്കുകള്‍ മാത്രമാണിത്. ഇതിലും എത്രയോ മടങ്ങാണ് നമ്മുടെ രാജ്യത്തെ രോഗികളുടെ എണ്ണമെന്നത് ഊഹിക്കാന്‍ പോലും കഴിയില്ല. ആസ്ത്മ രോഗികളില്‍ കൊവിഡ് വരാനുള്ള സാധ്യതകളെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും കൊവിഡിന്റെ ആരംഭഘട്ടം മുതല്‍ പഠനങ്ങള്‍ നടന്നുവരുന്നുണ്ട്.
കൊവിഡും ആസ്തമയും
ഇതുവരെയുള്ള പഠനങ്ങള്‍ അനുസരിച്ച് ആസ്തമ രോഗം കൊവിഡ് അതിവേഗം ബാധിക്കാനുള്ള ഒരു ഘടകമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ രോഗമുള്ളയാള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത ആരോഗ്യമുള്ള ഒരാളുടേതുപോലെ തന്നെയാണ്. എന്നാല്‍ മോഡറേറ്റ് ടു സിവിയര്‍ ആസ്തമ രോഗമുള്ളവരില്‍ കൊവിഡ് വന്നാല്‍ സങ്കീര്‍ണ രോഗാവസ്ഥയിലെത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധ്യമല്ല.
ചികിത്സ തുടരണോ?
സാധാരണമായ ഒരു സംശയമാണിത്. സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്ന ആസ്തമ രോഗികള്‍ അതു നിര്‍ത്തിവയ്‌ക്കേണ്ടതുണ്ടോ എന്നാണ് സംശയം. ഇത്തരം മരുന്നുകള്‍ കൊവിഡ് അണുബാധയ്ക്കു കാരണമാകുമോ എന്ന സംശയം സാധാരണയായി രോഗികളില്‍ നിന്നുയരുന്നുണ്ട്. ഒരു കാരണവശാലും നിങ്ങളുടെ മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്. രോഗം നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. കൃത്യമായി നിങ്ങളുടെ ഡോക്ടറെ കണ്ട് മരുന്നുകള്‍ ക്രമീകരിച്ച് ഉപയോഗിക്കണമെന്നു മാത്രം.
വാക്‌സിന്‍
ആസ്തമ രോഗിക്കും കൊവിഡ് വാക്‌സിന്‍ എടുക്കാമോ എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. തീര്‍ച്ചയായും എടുക്കണം. കൊവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം അലര്‍ജിയുണ്ടാവാനുള്ള സാധ്യത ഏതൊരു ആളെപ്പോലെ മാത്രമാണ് ഒരു ആസ്തമ രോഗിക്കുമുള്ളത്. വാക്‌സിന്‍ എടുത്തുന്നതിനുശേഷം പനി, തലവേദന, ശരീരവേദന എന്നിവയൊക്കെ മൂന്നുദിവസംവരെ പ്രതീക്ഷിക്കാം.
ശ്രദ്ധിക്കേണ്ടത്
ഭയം മാറ്റിനിര്‍ത്തണം, ജാഗ്രത പാലിക്കണം
മാസ്‌ക് ധരിക്കാന്‍ മറക്കരുത്
കൈ എപ്പോഴും കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുക
കൈയുറകള്‍ ധരിക്കുന്നത് നന്നായിരിക്കും.
സാമൂഹിക അകലം പാലിക്കണം
പൊതുവായ നെബുലൈസര്‍ പോലുള്ള മെഷീനുകള്‍ ഉപയോഗിക്കരുത്. വീട്ടില്‍ സ്വന്തമായി നെബുലൈസര്‍ വാങ്ങി ഉപയോഗിക്കണം.
പനി, തൊണ്ടവേദന, ശ്വസംമുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ മടിക്കരുത്.
ആസ്തമ രോഗത്തെ കൃത്യമായ മരുന്നുകള്‍ ഉപയോഗപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തുക.
ആസ്തമ രോഗിയുടെ
കൊവിഡ് ലക്ഷണം
ആദ്യം തന്നെ രോഗം ഉണ്ടോയെന്ന് ഉറപ്പുവരുത്തുക
ശ്വാസതടസം അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യസംവിധാനത്തില്‍ വിവരം അറിയിക്കുക
നിങ്ങളുടെ സ്ഥിരം ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് ആസ്തമയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ക്രമീകരിക്കുക.
പള്‍സ് ഓക്‌സിമീറ്റര്‍ വീട്ടില്‍ വാങ്ങി നിങ്ങളുടെ ഓക്‌സിജന്‍ സാച്യുറേഷന്‍ 94 ശതമാനത്തിനു മുകളില്‍ ഉണ്ടെന്ന് രണ്ടു മുതല്‍ നാലു മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. 94 ശതമാനത്തിനു താഴെയാകുകയോ ശ്വാസതടസമനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."