ആരോഗ്യവകുപ്പ് 100 ബെഡുമായി ജനറല്‍ ആശുപത്രിയില്‍ കാത്തിരിക്കുകയാണ്: ചര്‍ച്ച നിരാശാജനകമെന്ന് വി.ഡി സതീശന്‍
കൊച്ചി: ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിതലയോഗം നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍, കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി മാറ്റി ഉറവിട മാലിന്യ സംസ്‌കരണ രീതി കൊണ്ടുവരണമെന്ന കാര്യം മാത്രമാണ് മുന്നോട്ടുവെച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഒരു ഉറപ്പുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ പുക. എന്നിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനം നടത്താന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. ആരോഗ്യവകുപ്പ് 100 ബെഡുമായി ജനറല്‍ ആശുപത്രിയില്‍ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തീ അണയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൃത്രിമ മഴ അടക്കം എത്രയോ മാര്‍ഗങ്ങളുണ്ട്. അതൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല.
മാലിന്യം പെട്രോള്‍ ഒഴിച്ച കത്തിച്ചെന്നത് ക്രിമിനല്‍ കുറ്റമാണെന്നും സതീശന്‍ പറഞ്ഞു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറയുന്നത്. ഈ ഒന്‍പതു ദിവസവും കമ്മിഷണര്‍ എവിടെയായിരുന്നു? തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമായിരുന്നു
അന്വേഷണം നടത്താതെ തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെയാണ് കിട്ടിയതെന്നും സതീശന്‍ ചോദിച്ചു. സ്വന്തക്കാരെ രക്ഷിക്കാന്‍ ആകാശത്തുനിന്നോ പറക്കും തളികയില്‍നിന്നോ തീ ഇട്ടെന്നൊക്കെ ഭാവിയില്‍ കണ്ടെത്തിയേക്കാം. അന്വേഷണം നടക്കുമ്പോള്‍ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിഗമനത്തില്‍ എത്തുന്നത്. അതുതന്നെ അന്വേഷണത്തെ സ്വാധീനിക്കുന്നതാണ്. പതിനായിരക്കണക്കിന് ജനങ്ങളെ ഉത്കണ്ഠയിലാക്കിയ വിഷയത്തില്‍ അന്വേഷണം നടന്നേ മതിയാകൂ. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും അഴിമതിയും തീപിടിത്തത്തിന് പിന്നിലുണ്ട്. മാലിന്യം മാറ്റാനോ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടാനോ ഉള്ള സംവിധാനങ്ങള്‍ ഒന്നുമില്ല. തീ പിടിത്തം ഉണ്ടായ അതേ ദിവസത്തെ പദ്ധതിയാണ് ഒന്‍പതാം ദിനത്തിലും നടപ്പാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."