ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവ് നിയമിക്കേണ്ടവരുടെ പട്ടിക ഉടൻ കൈമാറണം: ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി
രാജ്യത്തെ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ ഒഴിവിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക എത്രയുംവേഗം കൈമാറാൻ സുപിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ 39ാമത് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 126 പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തി. വരുംദിവസങ്ങളിൽ അമ്പതോളം പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കും.
കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ സുപ്രിംകോടതിയിൽ ഒൻപത് ജഡ്ജിമാരെയും ഹൈക്കോടതികളിൽ 10 ചീഫ് ജസ്റ്റിസുമാരെയും നിയമിച്ചു. താൻ ചുമതലയേറ്റെടുത്ത ശേഷം കൊളീജിയം ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി 180 ശുപാർശകൾ നൽകി. ഇതിൽ 54 എണ്ണത്തിലാണ് സർക്കാർ തീരുമാനമെടുക്കാൻ ബാക്കിയുള്ളത്.
ഹൈക്കോടതികളിൽ നിന്ന് സർക്കാരിന് 100നടുത്ത് ശുപാർശകൾ ലഭിച്ചിട്ടുണ്ട്. അത് സുപ്രിംകോടതിയിലേക്ക് എത്തിയിട്ടില്ല. എല്ലാവരുടെയും സഹകരണം കാരണമാണ് കൂടുതൽ ജഡ്ജി നിയമനങ്ങൾ കഴിഞ്ഞ ഒരുവർഷത്തിനിടയിൽ സാധിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യോഗത്തിൽ സുപ്രിംകോടതി കൊളീജിയത്തിലെ മുതിർന്ന അംഗങ്ങളായ യു.യു ലളിത്, എ.എം ഖാൻവിൽക്കർ എന്നിവരും പങ്കെടുത്തു.
ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം ചേരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പകരം നിയമ മന്ത്രി പി. രാജീവ്, നിയമ സെക്രട്ടറി എന്നിവരാകും പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."