HOME
DETAILS

അമിതപ്രാതിനിധ്യം നിയന്ത്രിക്കാനുള്ള ജനായത്ത വഴി

  
backup
May 11 2021 | 22:05 PM

35156434-2

 

2018 നവംബറില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ കുലീന സവര്‍ണരായ മറാത്തകളുടെ സംവരണം റദ്ദു ചെയ്യുന്ന ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെ 2021 മെയിലെ വിധി ചരിത്രപരമായി മാറുന്നു. ഇന്ത്യയിലെ ഭരണഘടനാപരമായ സാമുദായിക സംവരണത്തിന്റെ മാനദണ്ഡം സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണെന്ന വസ്തുതയിലേക്ക് വീണ്ടും വിരല്‍ചൂണ്ടുന്ന തീര്‍പ്പാണിത്. സാമൂഹ്യ പിന്നോക്കാവസ്ഥയെ നിര്‍ണയിക്കുന്നത് ഇന്ത്യയില്‍ സാമ്പത്തിക സ്ഥിതിയല്ല മറിച്ച് ജാതിവ്യവസ്ഥയാണെന്നതും ഒരിക്കല്‍ കൂടി അടിവരയിടുന്ന നീതിയുടെ സന്ദര്‍ഭമാണിത്. സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം ചെലുത്താനാവില്ല എന്ന, നീതിയും പ്രാതിനിധ്യവും നിഷേധിക്കപ്പെട്ട, പിന്നോക്ക ജനതയുടെ യുക്തിയുക്തമായ ഭരണഘടനാ സാധുതയുള്ള വാദത്തിനു പിന്‍ബലം പകരുന്നു ഇത്. സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്യുന്ന മുപ്പതോളം കേസുകള്‍ പരിഗണിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട വസ്തുതകളും യാഥാര്‍ഥ്യങ്ങളുമാണീ വിധിയിലൂടെ ഉയരുന്നത്. അതേസമയം, മണ്ഡലാനന്തര കാലത്ത് ക്രീമീലെയര്‍ എന്ന സാമ്പത്തിക സങ്കുചിത വിഭജനയുക്തിയെ സാമൂഹ്യ പ്രാതിനിധ്യ ജനായത്ത സംവിധാനത്തിലേക്കു കുത്തിച്ചെലുത്തി പിന്നോക്കക്കാരിലെ വിദ്യാഭ്യാസവും ശബ്ദവും ചാലകതയുമുള്ളവരെ തിരഞ്ഞു പിടിച്ചു വെട്ടിനീക്കുന്ന അധീശ സമീപനത്തിന്റെ തുടര്‍ച്ചകളും വിമര്‍ശിക്കപ്പെടേണ്ടതായി ഈ വിധിയിലെ വാദമുഖങ്ങളിലുണ്ട്.


ജനായത്തം മികവിന്റേയോ മിടുക്കിന്റേയോ സമ്പത്തിന്റേയോ വാഴ്ച്ചയല്ല മറിച്ച് ജനങ്ങളുടെ സാമൂഹ്യ പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയമാണ്. വിവിധ സാമൂഹ്യവിഭാഗങ്ങള്‍ക്ക് ഒരു ജനായത്ത വ്യവസ്ഥിതിയില്‍ സന്തുലിതമായ പ്രാതിനിധ്യം ഉറപ്പായാലേ ജനായത്തം സാധ്യമാകൂ. ചരിത്രപരമായി ജാതിയുടെ പേരില്‍ മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസവും പ്രാതിനിധ്യവും നിരാകരിക്കപ്പെട്ട അടിസ്ഥാന ബഹുജനങ്ങളുടെ പ്രാതിനിധ്യം ആധുനിക ജനായത്ത സംവിധാനത്തില്‍ ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ വിവേചനം കഴിഞ്ഞ രണ്ടായിരം കൊല്ലമെങ്കിലുമായി ജാതി, വര്‍ണ വ്യവസ്ഥയുടെ പേരിലായിരുന്നു. ജാതിയായിരുന്നു വിവേചനത്തന്റെയും മനുഷ്യാവകാശ നിഷേധത്തിന്റെയും ആണിക്കല്ലും കഴുവേറ്റിക്കല്ലും. സാമ്പത്തികമായിരുന്നില്ല ഇന്ത്യയിലെ വിവേചനം. ഇന്നും മനുഷ്യരെ കൊല്ലുന്നതും ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചെയ്യുന്നതും ജാതിയുടെ പേരിലാണ്. സാമൂഹിക നീതിക്കായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ബുദ്ധിജീവികളും സര്‍വകലാശാല പ്രൊഫസര്‍മാരും പോലും ഭീഷണികളും വ്യക്തിഹത്യകളും നേരിടുകയാണ്, കേരളത്തില്‍ പോലും.


അടുത്ത കാലത്ത് തേന്‍കുറിശ്ശിയില്‍ അരങ്ങേറിയ അനീഷ് എന്ന പിന്നോക്ക യുവാവിന്റെ ക്രൂരമായ കൊലപാതകവും ഏതാനും വര്‍ഷം മുന്‍പ് തേന്‍മലയില്‍ നടന്ന ദലിത് ക്രൈസ്തവനായ കെവിന്‍ ജോസഫിന്റെ കൊലപാതകവും ആവര്‍ത്തിക്കുന്ന ജാതി മര്‍ദനങ്ങളും വെളിവാക്കുന്നത് ജാതി മാറിയുള്ള വിവാഹ, പ്രണയബന്ധങ്ങള്‍ ഇപ്പോഴും ദുരഭിമാന ജാതിക്കൊലയിലും സാമൂഹ്യഹിംസകളിലും ചെന്നെത്തുന്നു എന്ന അനുദിന സത്യമാണ്. സമൂഹത്തെ ഭരിക്കുന്ന ഇന്ത്യന്‍ അധീശ പ്രത്യയശാസ്ത്രം ജാതിയും വര്‍ണാശ്രമധര്‍മ വ്യവസ്ഥിതിയുമാണെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ സാമൂഹ്യ ഉച്ചനീചത്വത്തിന്റെയും അനീതിയുടെയും പുറന്തള്ളലിന്റെയും പ്രാതിനിധ്യ നിഷേധത്തിന്റെയും ജനായത്ത വിരുദ്ധതയുടെയും ആധാരം സനാതന വര്‍ണാശ്രമ വ്യവസ്ഥ മതസാധൂകരണം കൊടുക്കുന്ന ജാതിയാണ് എന്നതാണ് സാമൂഹിക ചരിത്ര വര്‍ത്തമാന യാഥാര്‍ഥ്യം. അയ്യങ്കാളിയുടെ വില്ലുവണ്ടിയും ആലുമ്മൂട്ടില്‍ ചാന്നാരുടെ വിദേശ വാഹനവും ഗുരുവിന്റെ റിക്ഷയും കാറിന്റെ ഡ്രൈവറുടെ ലൈസന്‍സുമെല്ലാം പൊതുവഴിയില്‍ തടയപ്പെടുന്ന ചരിത്ര സന്ദര്‍ഭങ്ങളും അടിവരയിടുന്നത് സാമ്പത്തിക മികവിലൂടെ ജാതിയെ കേരളത്തിലും ഇന്ത്യയിലും എളുപ്പത്തില്‍ മറികടക്കാനാവില്ല, അത് ആയിരത്താണ്ടുകളായി മനുസ്മൃതിപോലുള്ള സ്മൃതി, ശ്രുതി പുരാണങ്ങളിലൂടെ സമൂഹത്തിന്റെ ബോധാബോധങ്ങളില്‍ മതസാധൂകരണത്തോടെ പൗരോഹിത്യപരമായും ആചാരപരമായും ആഴ്ത്തപ്പെട്ടതാണ് എന്ന യാഥാര്‍ഥ്യമാണ്. ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് ഗവേഷകനായ രോഹിത് വെമുലയുടെയും ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയുടെയും ആത്മഹത്യകളും ജാതിമത അപരവല്‍ക്കരണത്തിന്റെയും സ്ഥാപനവല്‍കൃത വിവേചന ഹിംസയുടെയും ഫലമായിരുന്നു.


മണ്ഡല്‍ കമ്മിഷനടക്കമുള്ള പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്ന സകല സേവന, വിദ്യാഭ്യാസ രംഗങ്ങളിലും അടിസ്ഥാന ജനതയുടെ പ്രാതിനിധ്യം തീര്‍ത്തും കുറവാണെന്നു വ്യക്തമാണ്. മാത്രമല്ല, മുന്നോക്ക ജാതികളുടെ പ്രാതിനിധ്യം എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായി ഏറെ കുടുതലാണെന്നും വ്യക്തമാണ്. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റു വരെയും ഈ കുത്തക പ്രാതിനിധ്യം അരനൂറ്റാണ്ടിലധികമായി തുടരുകയാണ്. ക്ലാസ് ഒന്നും രണ്ടും തസ്തികകളിലും ഉന്നത വിദ്യാ ഗവേഷണ സ്ഥാപനങ്ങളിലും സവര്‍ണ കുത്തകയാണ് നിലനില്‍ക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 2006 ലെ കേരള പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് പന്ത്രണ്ടര മുതല്‍ പതിനാലു വരെ ശതമാനമുള്ള ജാതിഹിന്ദുക്കള്‍ കേരള സര്‍വിസിന്റെ ഭൂരിഭാഗവും കൈയടക്കുന്ന അസന്തുലിത യാഥാര്‍ഥ്യമാണ്. അതേസമയം, പിന്നോക്ക, ദലിത്, മുസ്‌ലിം വിഭാഗങ്ങളുടെ ആനുപാതിക താരതമ്യ പ്രാതിനിധ്യം പൂജ്യത്തിനടുത്തും പൂജ്യത്തിനും താഴെയുമാണ്.


ദേവസ്വം ബോര്‍ഡിലെ ഉദാഹരണം പരിശോധിച്ചാല്‍ ഈ അസന്തുലനം വ്യക്തമാകും. ബോര്‍ഡില്‍ ഏതാണ്ട് 85 ശതമാനത്തിലധികം ഒറ്റ ജാതിക്കാരായിരുന്നു. പത്തുശതമാനം സാമ്പത്തിക സംവരണമെന്ന സവര്‍ണര്‍ക്കുമാത്രമുള്ള മുന്നോക്ക സംവരണവും കൂടി നടപ്പാക്കിയെടുത്ത് 2018 നവംബറില്‍ ബോര്‍ഡിനെ ഏതാണ്ടു പരിപൂര്‍ണ സവര്‍ണ സംവരണത്തിലേക്കെത്തിച്ചു. കേന്ദ്രത്തില്‍ ഷായും മോദിയും തെരഞ്ഞെടുപ്പു തുറുപ്പായി സാമ്പത്തിക സംവരണം പ്രഖ്യാപിക്കുന്നതിനും മൂന്നു മാസം മുന്‍പായിരുന്നു കേരളത്തിലൂടെ സാമൂഹ്യ നീതിയില്‍ അടിയുറച്ച ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തോണ്ടുന്ന സാമ്പത്തിക സംവരണം നടപ്പാക്കിയെടുത്തത്. ശബരിമലയില്‍ അരങ്ങേറിയ 'ശൂദ്രലഹള'യുടെ സമ്മര്‍ദ പരിസരത്ത് അവര്‍ണനായ മുഖ്യമന്ത്രിയെ തെരുവില്‍ മലയാളി കുലീന സ്ത്രീകളെ കൊണ്ട് ജാതിത്തെറി വിളിപ്പിച്ചായിരുന്നു അഞ്ചു ദിവസത്തിനുള്ളില്‍ കേരള നിയമസഭയിലൂടെ ഈ ഭരണഘടനാവിരുദ്ധ ദേവസ്വം ഓര്‍ഡിനന്‍സ് പാസാക്കിയെടുത്തത്. ഈ അമിത പ്രാതിനിധ്യ ജനായത്ത അട്ടിമറിയുടെ പശ്ചാത്തലമൊരുക്കിയ വിശ്വാസി ലഹളയും ആചാരവിളികളും അരങ്ങേറ്റിയതാകട്ടെ കഴിഞ്ഞ ഇരുപതു വര്‍ഷമായി ജനങ്ങളുടെ പൊതുപണം ദുരുപയോഗിച്ച് അക്കാദമികളെയും ഔദ്യോഗിക മാധ്യമങ്ങളെയും മുതലെടുത്തു നടത്തിയ പുണ്യപുരാണ പട്ടത്താനങ്ങളുടെയും ഗീതാഗിരി ശിബിരങ്ങളുടെയും പരകോടിയിലായിരുന്നു. അപരവല്‍ക്കരണത്തിന്റെയും പ്രതിനിധാന ഹിംസയുടെയും പുരാണങ്ങള്‍ ആവര്‍ത്തിക്കുന്തോറും അപരഭീതിയും വംശഹത്യാ ഹിംസാകാമനകളും ഏറുകയാണ്.


അമിത പ്രാതിനിധ്യം എല്ലാ മേഖലയിലും കൈയാളുന്ന മുന്നോക്ക ജാതികള്‍ക്ക് വീണ്ടും സംവരണം കൊടുക്കുന്ന സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം പുതിയ സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ റദ്ദാക്കുകയാണ് വേണ്ടത്. ഭരണഘടനയുടെ ആധാരമായ സാമൂഹ്യനീതിയേയും ജനായത്തത്തിന്റെ അടിത്തറയായ സാമൂഹ്യപ്രാതിനിധ്യത്തേയും നിലവിലുള്ള സാമുദായിക സംവരണത്തിലൂടെ ശക്തിപ്പെടുത്തുകയും അടിസ്ഥാന ജനതകളുടെ പ്രാതിനിധ്യം സമസ്ത രംഗങ്ങളിലും ഉറപ്പുവരുത്തുകയുമാണ് സത്യത്തെയും നീതിയെയും ആധുനിക നിയമവ്യവസ്ഥയെയും മാനിക്കുന്ന സര്‍ക്കാരുകള്‍ അടിയന്തരമായി ചെയ്യേണ്ടത്. സാമൂഹ്യ നീതിക്കായി ശബ്ദിക്കുന്നവരെ മൂകരാക്കാനുള്ള ഊമക്കുറിപ്പുകളും കള്ളപ്പരാതികളും നിയമസാധുതയില്ലാത്ത അന്വേഷണ ഭീഷണികളും സവര്‍ണ സമവായ ശക്തികള്‍ ഭരണഘടന സ്ഥാപനങ്ങളെ കുത്തകയാക്കി നടത്തുന്ന നിഴല്‍ നാടകങ്ങളും സമഗ്രാധിപത്യ ഭീഷണിയുടെ കാലത്ത് കേരളത്തിലെങ്കിലും അവസാനിപ്പിക്കുന്നതാകും ഉചിതം.

(കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago