പി.സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു; പരാതിയുമായി ഡി.വൈ.എഫ്.ഐ നേതാവ്
തിരുവനന്തപുരം: പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ നേതാവ്. വിദ്വേഷ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന ജോര്‍ജിന്റെ നിലപാട് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണാണ് പരാതിയില്‍ പറയുന്നത്. ഡി.വൈ.എഫ്.ഐ നേതാവ് അന്‍വര്‍ഷാ പാലോടാണ് ജോര്‍ജിനെതിരെ വീണ്ടും പരാതി നല്‍കിയത്.
ഉപാധികളോടെയാണ് ജോര്‍ജിന് ജാമ്യം ലഭിച്ചത്. ഈ ഉപാധികള്‍ ലംഘിക്കുന്ന പരാമര്‍ശങ്ങളാണ് ജോര്‍ജ് നടത്തിയത്. കുറ്റം ആവര്‍ത്തിച്ച പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
അതേ സമയം പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന് പൊലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജാമ്യം നല്‍കിയ കീഴ്‌ക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പൊലിസ് പരിശോധിക്കും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്.
പിസി ജോര്‍ജി ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുക. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാവാത്തത്‌കൊണ്ടാണ് ജാമ്യം ലഭിച്ചത് എന്ന പ്രചാരണം പൊലിസ് തള്ളുന്നുമുണ്ട്.
കൂടാതെ പിസി ജോര്‍ജ് ബിജെപിയുമായി അടുക്കുന്നത് രാഷ്ട്രീയമായി തുറന്നുകാട്ടാനാണ് സിപിഎം നീക്കം.പിസി ജോര്‍ജ് ബിജെപിയുമായി അടുക്കുന്നതിന്റെ ആദ്യപടിയാണ് വിദ്വേഷ പ്രസംഗമെന്നാണ് സിപിഎം വിലയിരുത്തല്‍. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതും പിസിയെ ബിജെപി പാളയത്തിലെത്തിക്കാനാണെന്ന് കരുതുന്നവരുമുണ്ട്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെക്കുന്ന ബിജെപിയുടെ ഈ നീക്കത്തെ രാഷ്ട്രീയമായി തുറന്നുകാട്ടാനാണ് സിപിഎമ്മിന്റെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."