ടൗട്ടെ ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ അടുത്ത്; ശക്തമായ ഇടിമിന്നലിനും 16 വരെ അതിതീവ്ര മഴക്കും സാധ്യത
കോഴിക്കോട്: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരം മണിക്കൂറില്‍ 07 കിമീ വേഗതയില്‍. വടക്ക് ദിശയില്‍ സഞ്ചരിച്ച് 15 മെയ് പുലര്‍ച്ചെ 02.30ന് ലക്ഷദ്വീപിനടുത്ത് എത്തിയിരിക്കുന്നു.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റായി മാറുക. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. ഈ മാസം 18ഓടെ ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
പ്രവചിക്കപ്പെട്ട ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നുണ്ട്. കേരളത്തില്‍ മെയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെക്കുറിച്ചും ജാഗ്രത പാലിക്കണം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."