കൊക്കോണിക്‌സ് മന്ത്രി രാജനും വേണ്ട 1.37 ലക്ഷം രൂപയുടെ ആപ്പിൾ ഐ മാക് വാങ്ങാൻ അനുമതി
കോഴിക്കോട്
റവന്യൂ മന്ത്രി കെ. രാജന്റെ ഔദ്യോഗിക ആവശ്യത്തിനായി 1.37 ലക്ഷം രൂപയുടെ ആപ്പിൾ ഐ മാക് കംപ്യൂട്ടർ വാങ്ങാൻ സർക്കാർ അനുമതി.
ഫെബ്രുവരി 26 ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഐ.ടി വകുപ്പാണ് അനുമതി നൽകിയത്. ഒരു വർഷം വാറൻഡിയുള്ള 4.5 കെ റെറ്റിന ഡിസ്‌പ്ലേ ഡസ്‌ക് ടോപ്പ് കംപ്യൂട്ടറാണ് വാങ്ങുന്നത്.
മന്ത്രി ഐ മാക് വാങ്ങുന്നതിനെതിരേ സോഷ്യൽ മീഡിയയിലടക്കം ശക്തമായ വിമർശനം ഉയരുന്നുണ്ട്.
ഔദ്യോഗിക ആവശ്യത്തിന് മന്ത്രിമാർ പോലും സംസ്ഥാനത്തിന്റെ കൊക്കോണിക്‌സ് കംപ്യൂട്ടർ വാങ്ങാത്തത് എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് വലിയ തുക ചെലവഴിച്ച് അന്നത്തെ ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന്റെ നേതൃത്വത്തിൽ കൊക്കോണിക്‌സ് കംപ്യൂട്ടർ കൊണ്ടുവന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കംപ്യൂട്ടർ നിർമിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപാദനരംഗത്തെ ആഗോള കമ്പനിയായ യു.എസ്.ടി ഗ്ലോബൽ, ഇന്റൽ, കെ.എസ്.ഐ.ഡി.സി, സ്റ്റാർട്ടപ്പായ ആക്‌സിലറോൺ എന്നീ സ്ഥാപനങ്ങൾ ചേർന്ന സംരംഭമാണ് കൊക്കോണിക്‌സ്. ബഹുരാഷ്ട്ര കമ്പനികളുടെ കംപ്യൂട്ടറുകളേക്കാൾ വിലക്കുറവാണ് പ്രധാനനേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."