പണമില്ലെന്ന് കെ.എസ്.ആർ.ടി.സി പത്തിനും ശമ്പളമില്ല സമരത്തിൽ അഞ്ചു കോടി നഷ്ടം; 190 ഡ്യൂട്ടിയില്ലെങ്കിൽ പ്രമോഷനും ഇൻക്രിമെന്റും ഇല്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഈ മാസം പത്തിന് ശമ്പളം നൽകാമെന്ന തീരുമാനത്തിൽ നിന്നു മലക്കം മറിഞ്ഞ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ്. ജീവനക്കാർ സമരവുമായി മുന്നോട്ടുപോയതാണ് കാരണം.
പ്രതിദിന വരുമാനം കൊവിഡിന് ശേഷം വീണ്ടും ആറു കോടിയിലെത്തി നിൽക്കെ, ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ജനത്തെ വലച്ചു. വരുമാനത്തിൽ അഞ്ച് കോടി നഷ്ടവും വന്നു. ബാങ്ക് കൺസോർഷ്യത്തിനുള്ള തിരിച്ചടവും മുടങ്ങി. ദിവസം 98 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ഇത് ഒരു ദിവസം മുടങ്ങിയാൽ അടുത്ത ദിവസം പലിശ സഹിതം അടയ്ക്കണം.
പത്തിന് ശേഷവും ശമ്പളം കിട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘടനകൾ അനിശ്ചിതകാല പണിമുടക്ക് ആലോചിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ജിവനക്കാർ ഒരു വർഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണം. ഇൻക്രിമെന്റിനും പ്രമോഷനും ഇത് ബാധകമായിരിക്കുമെന്നും സി.എം.ഡി ഉത്തരവിറക്കി.
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു ഒഴികെയുള്ള യൂനിയനുകൾ 24 മണിക്കൂർ പണിമുടക്കിയത്. സി.ഐ.ടി.യുവിന്റെ എംപ്ലോയീസ് അസോസിയേഷൻ വിട്ടുനിൽക്കുമെന്ന് പറഞ്ഞെങ്കിലും ഭൂരിപക്ഷവും ജോലിക്കെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."