യാത്രയുടെ നാനാര്‍ഥങ്ങളുമായി ഒരാള്‍
ഖാദര്‍ പാലാഴി
യാത്ര നിങ്ങളെ സമ്പന്നനാക്കുമെന്നൊരു ആംഗലേയ പഴമൊഴിയുണ്ട്. നേരെ തിരിച്ചാണ് നമ്മുടെ പുതുമൊഴി. കുടുംബ ബജറ്റുകളില്‍ നീക്കിവെക്കുന്നത് വീടിനും മോളുടെ കല്യാണത്തിനുമല്ലാതെ അയല്‍നാട്ടില്‍ പോകാന്‍പോലും നാം പ്ലാന്‍ ചെയ്യുന്നില്ല. സമയവും പണവും കളഞ്ഞ് നമ്മെ ദരിദ്രരാക്കുന്ന വേസ്റ്റാണ് യാത്രയെന്ന സങ്കല്‍പത്തിന് ചെറിയൊരിളക്കം തട്ടിത്തുടങ്ങിയെങ്കിലും സാമാന്യ മലയാളി പൊതുബോധം അങ്ങനെത്തന്നെയാണ്.
ഒ.വി വിജയന്റെ തസ്രാക്ക് നിവാസിയായ ജലീല്‍ ഖാദര്‍ പക്ഷേ യാത്ര ചെയ്യാന്‍ സമയമില്ലെങ്കില്‍ മാത്രം നാട്ടിലുണ്ടാവുന്നയാളാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായും അല്ലാതെയും കേരളത്തിനകത്തും പുറത്തും നിരന്തരം സഞ്ചരിക്കുന്ന ജലീലിന്റെ ഉത്തരേന്ത്യന്‍ യാത്രകള്‍ ലൈവായി അവതരിപ്പിക്കുകയാണ് കശ്മിര്‍ കാഴ്ചകള്‍ എന്ന പുസ്തകത്തിലൂടെ.
കശ്മിര്‍, കുളു, മണാലി, പട്‌ന, ലഖ്‌നൗ, അമൃതസര്‍, വാഗ, ഡല്‍ഹി എന്നിവിടങ്ങളിലൂടെ തുടര്‍ച്ചയായി യാത്രചെയ്യുകയായിരുന്നില്ല ജലീല്‍. മറിച്ച് നാല് വ്യത്യസ്ത സമയങ്ങളില്‍ പോയതിനാല്‍ ഓരോ സ്ഥലത്തും പരിക്ഷീണിതനല്ലാത്ത യാത്രക്കാരനെ പുസ്തകത്തിലുടനീളം കാണാം. ഇതില്‍ ഡല്‍ഹിയിലും അമൃതസറിലും ഈ ലേഖകന്‍കൂടി ഒപ്പമുണ്ടായിരുന്നതിനാല്‍ ജലീല്‍ എന്ന യാത്രികന്റെ ജൈവികത നേരിട്ടനുഭവിച്ചതാണ്. ഓരോ യാത്രയ്ക്കുമുമ്പും പ്രദേശത്തെക്കുറിച്ചും അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും ഗവേഷണം നടത്തുന്നതിനാല്‍ ജലീലിനോട് സംസാരിക്കുന്ന തദ്ദേശീയര്‍ 'ഇതൊക്കെ ഇയാളെങ്ങനെ അറിഞ്ഞു' എന്ന മട്ടില്‍ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. ഹിന്ദിയറിയുന്നതിനാല്‍ ശരാശരി മലയാളിയുടെ കമ്യൂണിക്കേഷന്‍ ഗ്യാപ്പും അവര്‍ക്കിടയിലില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകം കാഴ്ചകളുടെ മാത്രം ചിത്രീകരണമല്ല. ഓരോ നാടിന്റെയും ചരിത്രത്തിന്റെയും വര്‍ത്തമാന വ്യവഹാരങ്ങളുടേയും പരിഛേദമാണ്.
യാത്രാ ഒരുക്കം മുതല്‍ മടക്കം വരെയുള്ള നിമിഷങ്ങളത്രയും കുറഞ്ഞ വാക്കുകളില്‍ പകര്‍ത്തുന്നതിനാല്‍ പല കാരണങ്ങളാല്‍ യാത്ര ചെയ്യാത്തവര്‍ക്കും നീട്ടിവെച്ചവര്‍ക്കും ആ പ്രദേശങ്ങളില്‍ യാത്രപോയപോലെ തോന്നും ഈ കൃതി വായിച്ചാല്‍. കശ്മിരിലെ തണുപ്പിന്റെ കാഠിന്യം വിവരിക്കുന്നത് യാത്ര നടത്താതിരിക്കാനുള്ള കാരണംനോക്കികളെ അവിടെ പോകാന്‍ മടുപ്പിക്കുമെങ്കിലും അത് ഒരൊന്നൊന്നര വിവരണമാണ്. എന്നാല്‍ വിശപ്പടക്കാനായി നായ്ക്കള്‍ ഐസ്‌കട്ട പൊട്ടിച്ച് മീനെടുക്കുന്നതു വായിച്ചാല്‍ ഏത് 'കാരണ'വന്‍മാരും ഇറങ്ങിപ്പുറപ്പെട്ട് പോകും. കാറില്‍ സര്‍വ സന്നാഹങ്ങളോടെ 27 ദിവസം മുമ്പ് കേരളത്തില്‍ നിന്ന് പുറപ്പെട്ടവരെ കണ്ടുമുട്ടിയത് വായിച്ചാല്‍ ഡിസംബറിലെ മഞ്ഞുകഥ കേട്ട് ഉറച്ചുപോയ ഏതൊരുത്തന്റെ രക്തവും ആവേശത്താല്‍ തിളച്ചുമറിയും. പുസ്തകത്തില്‍ പാക്, ചൈനീസ് അതിര്‍ത്തിയിലെ പുതിയ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത് നന്നായി. ലഡാക് കൂടി ഉള്‍പ്പെട്ട 2019 ആഗസ്റ്റ് 5ന് മുമ്പത്തെ ഭൂമിശാസ്ത്രം വിവരിക്കുമ്പോഴേ ജമ്മുകശ്മിര്‍ വിവരണം പൂര്‍ണമാവുന്നുള്ളൂ.
മറ്റൊരവസരത്തിലാണ് ജലീല്‍ ഖാദര്‍ ഹിമാചല്‍ പ്രദേശിന്റെ ഉത്തുംഗതയില്‍ വിലസുന്ന മഞ്ഞുസുന്ദരികളായ കുളുവിനോടും മണാലിയോടും കിന്നരിക്കാന്‍ പോയത്. അവരുടെ ഹിമാര്‍ദ്രമായ വിശേഷങ്ങള്‍ കുറച്ചുകൂടി പറഞ്ഞുതന്നിരുന്നെങ്കില്‍ എന്ന് വായനയില്‍ തോന്നിപ്പോകും. ദരിദ്ര ഇന്ത്യയുടെ ടിപ്പിക്കല്‍ മുഖമായ ബിഹാറില്‍ വിശപ്പിനും ജാതിരാഷ്ട്രീയത്തിനുമിടയില്‍ ജനലക്ഷങ്ങള്‍ പുഴുക്കളെ പോലെ ജീവിച്ചു മരിക്കുന്നതിന്റെ കണ്ണീര്‍ കാഴ്ചകള്‍ ഈ പുസ്തകത്തില്‍ അനാവൃതമാക്കപ്പെടുന്നു.
സംഘി രാഷ്ട്രീയം വളവും വെള്ളവും വലിച്ചെടുത്ത യു.പിയിലെ അയോധ്യയില്‍ ഗ്രന്ഥകാരന്‍ സാഹസികമായി പോയിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണ സൈറ്റ് കണ്ടു. തെരഞ്ഞെടുപ്പില്‍ ജനം യോഗിയെ തന്നെ പ്രതിഷ്ഠിക്കുമെന്ന് ഫലം വരുന്നതിന് മുമ്പ് തന്നെ മണത്തറിയുന്നു. ഹതാശരായ മുസ്്‌ലിം ജീവിതം അടുത്തറിഞ്ഞു. ഒപ്പം ചരിത്രവും വര്‍ത്തമാനത്തിനുമിടയില്‍ പാലം പണിയുന്നുമുണ്ട്.
പഞ്ചാബിലും ഡല്‍ഹിയിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യതയിലെത്തിയ സമയം. ഛണ്ഡീഗഡ് മുതല്‍ വാഗാ അതിര്‍ത്തി വരെ കണ്‍മുമ്പില്‍ കണ്ടവരോടെല്ലാം ജലീല്‍ വോട്ടെടുപ്പ് നടത്തി. കോണ്‍ഗ്രസ്, സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസുകളിലും പോയി. എ.എ.പി, അകാലിദള്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പത്തോ പതിനഞ്ചോ പേര്‍ മാത്രമേ കോണ്‍ഗ്രസിന് സാധ്യത പറഞ്ഞുള്ളൂ. തന്റെ പത്രത്തിന് ദഹിക്കാത്ത സത്യമായിട്ടും ജലീലത് റിപ്പോര്‍ട്ട് ചെയ്തു. അവലോകനം ഈച്ചകോപ്പി പോലെ ശരിയായിരുന്നുവെന്ന് ഫലം പുറത്തുവന്നപ്പോള്‍ തെളിഞ്ഞു.
അമൃതസറിലെ സുവര്‍ണക്ഷേത്ര വിശേഷങ്ങള്‍ പറയുന്ന പുസ്തകം അവിടെ വിശക്കുന്നവര്‍ക്കെല്ലാം ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുന്ന ലങ്കാറിനെപ്പറ്റിയും സിഖ് സാംസ്‌കാരിക ധാരയെക്കുറിച്ചും പറഞ്ഞുതരുന്നുണ്ട്. തൊട്ടടുത്തുള്ള ജാലിയന്‍ വാലബാഗിലെ രക്തപ്പുഴയുടെ ഓര്‍മകള്‍ അദ്ദേഹം അയവിറക്കുന്നു. വാഗാ അതിര്‍ത്തിയിലെ ഇന്‍ഡോ-പാക് സൈനികരുടെ ബീറ്റിങ് റിട്രീറ്റ് ജനതകള്‍ക്കിടയില്‍ അടുപ്പം കൂട്ടുംവിധം പരിഷ്‌കരിച്ചിരുന്നെങ്കില്‍ എന്ന ജലീലിന്റെ ആഗ്രഹപ്രകടനത്തിന് അത് ഒരിക്കലെങ്കിലും കണ്ടവര്‍ ശരിമാര്‍ക്കിടും.
ജലീല്‍ ഖാദറിന്റെ ഇത്തവണത്തെ ദീര്‍ഘയാത്രകള്‍ അവസാനിച്ചത് ഡല്‍ഹിയിയിലാണ്. നേരത്തെ പലതവണ എത്തിയിട്ടുണ്ടെങ്കിലും തന്റെ അവസാനവരവിലെ കാഴ്ചകളാണ് നമുക്ക് കാട്ടിത്തരുന്നത്. ഡല്‍ഹി കാണാന്‍ വരുന്നവരിലേറെയും അവഗണിക്കുന്ന പുരാന ദില്ലിയിലെ ഇരമ്പിയാര്‍ക്കുന്ന ഖരീബി ആദ്മി ജീവിതങ്ങള്‍, ജുമാമസ്ജിദിലെ പ്രാര്‍ഥനാനുഭവം, ജിബി സ്ട്രീറ്റില്‍ സുഖംവില്‍ക്കുന്ന സ്ത്രീയുമായുള്ള സംഭാഷണം തുടങ്ങി കാണാക്കാഴ്ചകളുടേയും പറയാക്കഥകളുടേയും വര്‍ണമനോഹരവും ദുഃഖസാന്ദ്രവുമായ സമ്മേളനമാണീ പുസ്തകം. കശ്മിര്‍ ഗ്രാമക്കാഴ്ചയുടെ നേര്‍ പ്രതിഫലനമായ കവര്‍ചിത്രം ഗംഭീരമായി. ചിലയിടങ്ങളില്‍ ധൃതിയില്‍ പറഞ്ഞുപോകുന്നതായും ആവശ്യമുള്ളിടത്ത് വിസ്താര ശുഷ്‌കതയുള്ളതായും തോന്നും. നന്നേ കുറവെങ്കിലും ചില സ്ഖലിതങ്ങളും സ്‌പേസില്ലായ്മയുമുണ്ട്. ഉത്തരേന്ത്യന്‍ യാത്ര പുറപ്പെടുന്നവര്‍ വായിക്കേണ്ട പുസ്തകം എന്ന് വെറുതെ പറയുകയല്ല. യാത്രയില്‍ നാം ശങ്കിക്കുന്നതിനെല്ലാം ഈ പുസ്തകം വഴികാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."