തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി വെച്ച് സര്‍ക്കാര്‍
തൃക്കാക്കര: ജനപ്രതിഷേധം പോലും വകവെക്കാതെ വാശിയോടെ മുന്നോട്ട് കൊണ്ടു പോയ കെ.റെയില്‍ കല്ലിടല്‍ തൃക്കാകര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാര്‍. സ്വകാര്യ ഭൂമിയിലെ സര്‍വേ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഒരിടത്തും നടത്തിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ശേഷം കല്ലിടല്‍ പുനരാരംഭിച്ചാല്‍ മതിയെന്നാണ് കെറെയില്‍ നിലപാട്.
തിരുവനന്തപുരത്ത് കെറെയില്‍ സംവാദം സംഘടിപ്പിച്ച ദിവസം പോലും കണ്ണൂരില്‍ സര്‍വേയും പൊലിസ് നടപടികളും അരങ്ങേറി. എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ കടുംപിടുത്തം ഉപേക്ഷിച്ച മട്ടാണ്. ജനങ്ങളുടെ പ്രതിഷേധം തല്‍ക്കാലം കൂടുതല്‍ ക്ഷണിച്ചു വരുത്തേണ്ടതില്ലെന്ന നിലപാടിലേക്കാണ് മാറ്റം.
ജനകീയ പ്രതിഷേധത്തിന് നേരെ ഈ ഘട്ടത്തില്‍ പൊലിസ് നടപടികള്‍ ഉണ്ടാകുന്നത് ഗുണകരമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജനങ്ങളെ എങ്ങനെ അനുനയിപ്പിക്കാമെന്ന ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.
സ്വകാര്യ ഭൂമിയിലെ സര്‍വേ നടപടികള്‍ക്കെതിരായ പ്രതിഷേധം തുടരുമ്പോള്‍ റെയില്‍വേ ഭൂമിയില്‍ സര്‍വേ സാധ്യമാക്കാനുള്ള നീക്കം കെറെയില്‍ തുടങ്ങി. 145 ഹെക്ടര്‍ ഭൂമിയില്‍ റെയില്‍വേയുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധന ആരംഭിക്കാനാണ് ശ്രമം. അടുത്ത ആഴ്ച തുടങ്ങാനാണ് കെറെയില്‍ ലക്ഷ്യമിടുന്നതെങ്കിലും കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ പദ്ധതിയോട് എതിര്‍പ്പ് രേഖപ്പെടുത്തിയതിനാല്‍ റെയില്‍വേ എന്ത് സമീപനം സ്വീകരിക്കുമെന്നതില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."