വരുമോ കശ്മിര്‍ തെരഞ്ഞെടുപ്പ്?
ഡൽഹി നോട്സ്
കെ.എ സലിം
ജമ്മു കശ്മിര്‍ അസംബ്ലിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് ഏകദേശം എട്ട് വര്‍ഷം മുമ്പ് 2014 നവംബര്‍-ഡിസംബറുകളിലായാണ്. പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും 2018ല്‍ സഖ്യം തകരുകയും ചെയ്തു. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി സര്‍ക്കാരിന് പ്രധാന എതിരാളികളായ നാഷനല്‍ കോണ്‍ഫറന്‍സ് പിന്തുണ കൊടുക്കാന്‍ തയാറാണെന്ന് അറിയിച്ചെങ്കിലും അത് അംഗീകരിക്കാതെ ഗവര്‍ണര്‍ 2018 നവംബറില്‍ സര്‍ക്കാര്‍ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. കശ്മിരിലെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള പദ്ധതി അധികാരത്തിലെത്തിയ ഉടനെ ബി.ജെ.പി തയാറാക്കിയിരുന്നെന്ന് കരുതണം. അഞ്ചുവര്‍ഷമായി കശ്മിരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ല. അതിനിടെ ബി.ജെ.പിക്ക് അനുകൂലമായി മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി. എന്നാല്‍, തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നടന്നിട്ടില്ല. ബി.ജെ.പിക്കനുകൂലമായുള്ള രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടിട്ടില്ലെന്നതാണ് കാരണം.
ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായിരിക്കുന്നു. തെരഞ്ഞെടുപ്പ് വേഗത്തില്‍ നടത്താനാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. വൈകാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം കശ്മിര്‍ സന്ദര്‍ശിക്കുകയും ജനങ്ങളെ കേള്‍ക്കുകയും ചെയ്യും. 1950കളുടെ ആരംഭം മുതല്‍ കശ്മിരില്‍ ജനാധിപത്യ രാഷ്ട്രീയം ഗുരുതര വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. അതിന് കശ്മിര്‍ താഴ്‌വരയിലെ വിഘടനവാദവുമായി ബന്ധമൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ വിഘടനവാദത്തിന്റെയും സായുധ സമരത്തിന്റെ വേരുകള്‍ രൂപപ്പെടുന്നത് പോലും 1950 മുതലുണ്ടായ ജനാധിപത്യ അട്ടിമറികളില്‍ നിന്നാണ്. തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍, ഇടപെടലുകള്‍, സര്‍ക്കാരുകളുടെ ഏകപക്ഷീയമായ പിരിച്ചുവിടലുകള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിന് വളം വച്ചിട്ടുണ്ട്.
എന്നാല്‍, 2002ലെ തെരഞ്ഞെടുപ്പോടെ ചിത്രം മാറിയിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സിന്റെ കുത്തക അവസാനിപ്പിച്ച് പി.ഡി.പി കശ്മിരില്‍ നിന്നുള്ള മറ്റൊരു പ്രാദേശിക പാര്‍ട്ടിയായി ഉയര്‍ന്നുവരികയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം കടുത്ത മത്സരാത്മകമായി മാറുകയും ചെയ്തതോടെ കശ്മിരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് നിയമസാധുത ലഭിച്ചതാണ്. അതിനുശേഷം കോണ്‍ഗ്രസും പീപ്പിള്‍സ് കോണ്‍ഫറന്‍സും കശ്മിര്‍ രാഷ്ട്രീയത്തില്‍ വളരാന്‍ തുടങ്ങി. 2002ന് ശേഷമുള്ള, പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതലുള്ള ഓരോ തെരഞ്ഞെടുപ്പും വിഘടനവാദത്തിന്റെയും ഹുരിയത്ത് പോലുള്ള കശ്മിരി സംഘടനകളുടെ ബഹിഷ്‌കരാഹ്വാനത്തിന്റെ മധ്യത്തില്‍പ്പോലും തികച്ചും ജനപങ്കാളിത്തത്തോടെ നടന്നു. അത് കശ്മിരിലെ ജനാധിപത്യത്തിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതായിരുന്നു. 2008ലും 2010ലും വിഘടനവാദ സംഘടനകള്‍ നയിച്ച പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ശക്തമായിട്ടും ജനാധിപത്യ രാഷ്ട്രീയത്തിന് ഇളക്കം തട്ടിയിരുന്നില്ല.
2014ലെ അസംബ്ലി തെരഞ്ഞെടുപ്പോടെ ജനാധിപത്യം കൂടുതല്‍ വികസിക്കുകയും വേണ്ടത്ര ആഴം നേടുകയും ചെയ്തു. ഈ ജനാധിപത്യത്തിന്റെ വളര്‍ച്ചയുടെ തുടര്‍ച്ച തടയപ്പെടുന്നത് കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ പി.ഡി.പി സര്‍ക്കാരിനെ പിരിച്ചു വിട്ടപ്പോഴാണ്. പിന്നാലെ, 2019 ഓഗസ്റ്റില്‍ 370ാം വകുപ്പ് എടുത്തു കളയുകയും കശ്മിരിനെ രണ്ടായി വിഭജിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കൂട്ടത്തോടെ തടങ്കലിലാക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനാധിപത്യ രാഷ്ട്രീയത്തിന്റെ താളം തെറ്റിക്കുന്നതായിരുന്നു.
370ാം വകുപ്പ് പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഒരു രാഷ്ട്രീയ നടപടിയിലും പങ്കെടുക്കില്ലെന്ന നിലപാടാണ് ഈ പാര്‍ട്ടികളുടെ നേതാക്കള്‍ ആദ്യം സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റിയത് ഗുപ്കര്‍ സഖ്യത്തെ നിലപാടുകളില്‍ മറ്റൊരു ഹുറിയത്ത് കോണ്‍ഫറന്‍സായി മാറ്റരുതെന്ന ബോധ്യത്തോടെയാണ്. കശ്മിരിലെ നിലവിലെ രാഷ്ട്രീയ നേതൃത്വത്തെ മാറ്റി പുതിയൊരു വിഭാഗം നേതാക്കളെ കൊണ്ടുവരികയെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ആദ്യപടിയായിരുന്നു 2020 അവസാനത്തോടെ നടന്ന ജില്ലാ വികസന കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഈ പ്രതിസന്ധിയെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിജീവിച്ചത് ഗുപ്കര്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്താണ്.
ജമ്മു കശ്മിരിലെ ഘടനാപരമായ മാറ്റങ്ങളെ എതിര്‍ക്കുന്ന ഈ പാര്‍ട്ടികള്‍ പ്രതിഷേധത്തിന്റെ സൂചനകളില്ലാതെ ഒരു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കശ്മിരികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് പലരും ചൂണ്ടിക്കാട്ടിയതാണ്. പങ്കെടുക്കാതിരുന്നാല്‍ അത് അവരെ കശ്മിര്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാക്കും. ബഹിഷ്‌ക്കരണമായിരുന്നു ബി.ജെ.പിക്കും വേണ്ടിയിരുന്നത്. അത് കശ്മിരില്‍ ബി.ജെ.പിക്ക് താല്‍പര്യമുള്ള രാഷ്ട്രീയ നിരയെ കൊണ്ടുവരികയെന്ന അവരുടെ ലക്ഷ്യം എളുപ്പമാക്കും. അതുകൊണ്ട് തന്നെ സൂക്ഷ്മതയോടെയായിരുന്നു ഗുപ്കര്‍ സഖ്യത്തിന്റെ നീക്കം. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി.
കശ്മിരിലെ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടികളുടെ തുടര്‍ച്ചയായ പ്രസക്തി കേന്ദ്ര സര്‍ക്കാരിന് പോലും അംഗീകരിക്കേണ്ടി വന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 2021 ജൂണില്‍ ഈ പാര്‍ട്ടികളുടെ നേതാക്കളെ പ്രധാനമന്ത്രിയുമായി ചര്‍ച്ചക്കായി കേന്ദ്രം ഡല്‍ഹിയിലേക്ക് ക്ഷണിച്ചത് പാര്‍ട്ടികളുടെ സ്വാധീനം തകര്‍ക്കാന്‍ കഴിയാത്തതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. നിലവില്‍ ഈ പാര്‍ട്ടികളുടെ സംഘടനാ ഘടന ദുര്‍ബലമാണ്. പി.ഡി.പിയില്‍ ഈ നേതൃപ്രതിസന്ധി വ്യക്തമായി കാണാം. നാഷനല്‍ കോണ്‍ഫറന്‍സ് താരതമ്യേന അതിജീവിച്ചെങ്കിലും അവരുടെ പ്രമുഖ നേതാക്കളില്‍ പലരും ബി.ജെ.പി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളിലേക്ക് പോയി.
മുഖ്യധാരാ പാര്‍ട്ടികള്‍ കശ്മിരില്‍ തങ്ങളെത്തന്നെ നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും സംസ്ഥാനത്ത് ജനാധിപത്യം തകര്‍ന്നു കിടക്കുകയാണ്. അതിനെ രക്ഷിക്കാനാര്‍ക്കും കഴിയുന്നില്ല. കഴിഞ്ഞ നാലു വര്‍ഷമായി കശ്മിരികള്‍ തങ്ങളുടെ രാഷ്ട്രീയ ശബ്ദം പ്രകടിപ്പിക്കുന്നില്ല. വിഘടനവാദ രാഷ്ട്രീയത്തിന്റെ അവകാശവാദമോ മുഖ്യധാരാ രാഷ്ട്രീയ പ്രക്രിയകളോട് ആവേശകരമായ പ്രതികരണമോ ഇല്ല. പ്രതിഷേധമുണ്ടാകുന്നില്ല. 370ാം വകുപ്പ്, സംസ്ഥാന പദവി എന്നിവ പുനഃസ്ഥാപിക്കണമെന്ന് പോലും ആരും ആവശ്യപ്പെടുന്നില്ല. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രക്രിയകളോട് ആവേശമില്ല. അതിനര്‍ത്ഥം കശ്മിരിനെ വിഘടനവാദ വികാരം വീണ്ടും കീഴടക്കിയെന്നുമല്ല.എന്താണ് കശ്മിരിന്റെ ഉള്ളില്‍പ്പുകയുന്നതെന്ന് ആര്‍ക്കുമറിയില്ല. ജനാധിപത്യ രാഷ്ട്രീയം കശ്മിരില്‍ അതിവേഗത്തില്‍ പുനഃസ്ഥാപിക്കുകയെന്നത് മാത്രമാണ് കശ്മിരികളുടെ വിശ്വാസം നേടിയെടുക്കാനുള്ള ഏക മാര്‍ഗം. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങളുടെ ഉരുക്കുമുഷ്ടിക്കിടയില്‍ അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ശ്രമം ലക്ഷ്യം കാണുമോയെന്ന് കാത്തിരുന്ന് കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."