കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും: റമദാൻ അടുത്തതോടെ വ്യാപക പരിശോധന
കുവൈത്ത് സിറ്റി: റമദാൻ അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കാര്യത്തിൽ നടപടികൾ കടുപ്പിച്ച് കുവൈത്ത് ഭരണകൂടം. റമദാൻ മാസത്തിൽ പൂഴ്ത്തിവയ്പ്പ് നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
റമദാനിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പരിശോധന സംഘം മേധാവി ഫൈസൽ അൽ അൻസാരി വ്യക്തമാക്കി. റമദാനിൽ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി പരിശോധനയും തുടങ്ങിയിട്ടുണ്ട്.
ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാവൂ. അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ വാണിജ്യ പ്രോസിക്യൂഷന് കൈമാറുമെന്നും അൽ അൻസാരി പറഞ്ഞു.
റമദാൻ മാസത്തിൽ ആളുകൾ കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിനാൽ സാധങ്ങളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയിൽ കൂടുതൽ വിലക്ക് വിൽക്കലും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."