ഭാഷാവാദം ഉയർത്തുന്ന ചോദ്യങ്ങൾ
യൂസുഫ് അലി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ നടത്തിയ ഹിന്ദി ഭാഷ അനുകൂല പരാമർശം വളരെ ശ്രദ്ധയോടെയാണ് വിലയിരുത്തേണ്ടത്. ഭാഷയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും രാജ്യത്ത് പുതിയ സംഭവമല്ല. ദേശീയ പ്രസ്ഥാനത്തിൻ്റെ തുടക്കം മുതൽ ഭാഷാവാദം ഇന്ത്യൻ പൊതുമണ്ഡലത്തെ കലുഷിതമാക്കിയിട്ടുണ്ട്. ഭരണഘടനാ അസംബ്ലി സംവാദം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട ചെറുത്തുനിൽപ്പുകൾ പ്രാദേശിക ഭാഷ സ്വത്വത്തെ വൈവിധ്യ രീതിയിൽ സംരക്ഷിച്ചിട്ടുണ്ട്. ഒരു ദേശം, ഒരു ഭാഷ എന്നുള്ള സമഗ്ര ഏകീകരണ പരിശ്രമങ്ങളെ ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് ദ്രാവിഡ ഭാഷാ സമുദായങ്ങൾ രാഷ്ട്രീയ പ്രേരിതമായ കുത്സിത ശ്രമത്തിന്റെ ഭാഗമായിട്ടാണ് കണ്ടിട്ടുള്ളത്.മൂന്നുഭാഷാനയങ്ങൾ പോലോത്ത ഭരണഘടനാ വഴക്കങ്ങൾ ഒട്ടുമിക്ക തെന്നിന്ത്യൻ സംസ്ഥാനങ്ങൾ നടപ്പാക്കുമ്പോൾ, ഫലത്തിൽ ഹിന്ദി ഭാഷ ഔദ്യോഗികമായ സംസ്ഥാനങ്ങൾ ഇത്തരം ദേശീയോദ്ഗ്രഥന ഭാവനയിൽ നടപ്പാക്കിയ നയപരമായ നിർദേശങ്ങൾ പാലിക്കുന്നേ ഇല്ല.
ഭാഷാദേശീയതയുടെ
രാഷ്ട്രീയസമ്പദ്‌വ്യവസ്ഥ
ചരിത്രപരമായും സാംസ്കാരികപരമായും രൂപപ്പെട്ട ഭാഷാസ്വത്വം, കൊളോണിയൽ വിരുദ്ധ സമരങ്ങളുടെ ഭാഗമായുണ്ടായ ഭാഷാബോധം തുടങ്ങിയവ ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും ആശയസംവാദത്തിനും വഴി തെളിയിച്ചിട്ടുണ്ട്. കൊളോണിയൽ വിരുദ്ധ ബോധം പിന്നീട് ഇന്ത്യൻ ദേശീയതയായി രൂപപ്പെടുകയും ക്രമേണ ഹിന്ദി വിഭാവനം ചെയ്തിട്ടുള്ള രാഷ്ട്രീയ മേൽക്കോയ്മ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ കൈയടക്കുകയും ചെയ്തതാണ് വാസ്തവം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്റുവിയൻ രാഷ്ട്രീയ മൂല്യങ്ങളുടെ തുടർച്ചയെന്നോണം ഭാഷാവാദത്തിനെ ഒരു പരിധിവരെ കോൺഗ്രസ് പ്രസ്ഥാനം ജനാധിപത്യവത്കരിച്ചിട്ടുണ്ട്. ജനപ്രിയ രാഷ്ട്രീയ നയങ്ങളുടെ ഭാഗമെന്നോണം ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കി പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ബംഗാളിലും തെക്കേ ഇന്ത്യയിൽ അടക്കം ശക്തമായ ജനകീയ ചെറുത്തുനിൽപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട്. നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ ഭാഷാവാദത്തെ കമ്പോളവത്കരിക്കുകയും ഏകഭാഷ രാഷ്ട്രീയ സങ്കൽപങ്ങളെ ഒരു സാംസ്‌കാരിക പദ്ധതിയാക്കി അവതരിപ്പിക്കുകയും ചെയ്യുകയാണുണ്ടായിട്ടുള്ളത്. ഹിന്ദി കമ്പോളകക്ഷികളുടെ നിരന്തരമായ സമ്പർക്കവും തീവ്ര ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടുവച്ച ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ മുദ്രാവാക്യം ആദർശപരമായി ഹിന്ദുത്വ രാഷ്ട്രീയ ഏകശിലാ സങ്കൽപത്തെ പ്രയോഗവൽക്കരിക്കുകയും ചെയ്തു.
ഭാഷ, വിദ്യാഭ്യാസ നയത്തിലെ ഒളിയജൻഡകൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഷാനയങ്ങൾ ന്യൂനപക്ഷ ഭാഷാഭേദങ്ങളിൽ സംവദിക്കുന്ന ആയിരക്കണക്കിനു ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, ജോലി, സാമൂഹികഘടന തുടങ്ങിയവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യ പോലെ ഭാഷാവൈവിധ്യങ്ങൾ വളരെയേറെ നിലനിൽക്കുന്ന ഒരു രാജ്യത്ത്, ഹിന്ദിയെ കേന്ദ്രമാക്കി തീവ്ര വലതുപക്ഷം മുന്നോട്ടുവയ്ക്കുന്ന വിലപേശൽ രാഷ്ട്രീയം, മലയാളമുൾപ്പെടെയുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മുന്നേറ്റങ്ങളെ സാരമായി ബാധിച്ചേക്കും. കേന്ദ്ര സർവകലാശാലകളിലേക്ക് അടക്കമുള്ള പ്രവേശന പരീക്ഷകൾ ഏകീകരിക്കുന്നതിലൂടെ ഹിന്ദി ബെൽറ്റിലുള്ള വിദ്യാർഥികൾക്ക് വ്യക്തമായ മേൽക്കോയ്മ കൊടുക്കുന്നതിലേക്കാണ് പുതിയ ഭാഷ, വിദ്യാഭ്യാസ നയം കൊണ്ടെത്തിക്കുന്നത്.
ഒരുവശത്തു ദേശീയ വിദ്യാഭ്യാസ നയം പോലോത്ത വാദങ്ങൾ ബഹുഭാഷാ സങ്കൽപ്പത്തെ കാൽപനികവൽക്കരിക്കുകയും മറുഭാഗത്ത് ഭരണകർത്താക്കളുടെ നിരന്തരമായ ഭാഷാസങ്കുചിത പ്രസ്താവനകൾ ഹിന്ദുത്വ വലതുപക്ഷത്തിന്റെ രാഷ്ട്രീയ ബലഹീനതകളെ തുറന്നുകാണിക്കുകയും ചെയ്യുന്നു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭാഷാന്യൂനപക്ഷങ്ങൾ നിരന്തരമായി നേരിടുന്ന പ്രശ്‌നങ്ങളെ, വർധിച്ചുവരുന്ന അന്താരാഷ്ട്ര ഭാഷാവകാശ സംരംഭങ്ങളുടെ ഭാഗമായി മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.
ഭാഷാന്യൂനപക്ഷങ്ങളുടെ ഭാവി
സാമൂഹിക നരവംശ ശാസ്ത്ര പഠനങ്ങൾ കഴിഞ്ഞ എഴുപതു വർഷത്തിലധികമായി ഇന്ത്യയിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഭാഷാഭേദങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ എങ്ങനെ ഭൂരിപക്ഷ ഭാഷാവ്യവഹാരങ്ങൾ ചെറുഭാഷകളുടെ നാശത്തിനു ഹേതുവാകുന്നു എന്നതിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹികപരമായും രാഷ്ട്രീയപരമായും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഭാഷയെ ഔദ്യോഗിക ഭാഷാഖ്യാനത്തിൽനിന്ന് മാറ്റുന്നത് ഭാഷാഹത്യയുടെ വിവിധ ഘട്ടങ്ങളിൽ ഒന്നായി കാണാമെന്ന് ഭാഷാപണ്ഡിതർ ചൂണ്ടിക്കാണിക്കുന്നു.
ബഹുഭാഷാപ്രയോഗത്തിൽ അടിസ്ഥാനമായ ഭരണ, വിദ്യാഭ്യാസ രീതികൾക്കു മാത്രമേ ഇന്ത്യ പോലോത്ത വൈവിധ്യാധിഷ്ഠിത രാജ്യത്തു സാമൂഹികനീതിയും ഭാഷാസമത്വവും ഉറപ്പുവരുത്താനാവൂ.അടിസ്ഥാനവർഗങ്ങൾ, ദലിതുകൾ, മതന്യൂനപക്ഷ വിഭാഗങ്ങൾ, അവരുടെ ഭാഷാഭേദങ്ങൾ, രീതികൾ തുടങ്ങിയവ തീർത്തും അവഗണിച്ചുള്ള ഹിന്ദുത്വ മേൽക്കോയ്മ രാഷ്ട്രീയത്തെ ക്രിയാത്മകമായ ഭാഷാ ആഖ്യാനങ്ങളിലൂടെ ചെറുത്തുതോൽപ്പിക്കണം. ടെക്‌നോളജി ഉൾപ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ ന്യൂനപക്ഷഭാഷകളെ സമന്വയിപ്പിച്ചുകൊണ്ട് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഹിന്ദി മേൽക്കോയ്മ രാഷ്ട്രീയത്തെ മറ്റു ഭാഷാസമൂഹങ്ങൾ സാംസ്‌കാരികമായി പ്രതിരോധിക്കണം.
ബഹുഭാഷാസമൂഹങ്ങൾ അടിസ്ഥാനപരമായി അനുഭവിച്ചേക്കാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള സാമൂഹിക, മനശ്ശാസ്ത്ര പഠനങ്ങളുടെ സാഹചര്യത്തിൽ ദേശീയ-സംസ്ഥാന ഭാഷ, വിദ്യാഭ്യാസ നയങ്ങൾ ഭാഷാന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങളെ പൂർണമായും മാനിച്ചുകൊണ്ടായിരിക്കണം. വൈവിധ്യ ഭാഷാസങ്കൽപങ്ങളെ അവഗണിച്ചുള്ള രാഷ്ട്രീയ, വിദ്യാഭ്യാസ നയരൂപീകരണങ്ങൾക്കു വ്യത്യസ്ത ഭാഷാസമൂഹങ്ങൾ വലിയ വില കൊടുക്കേണ്ടിവരും.
(ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ഗവേഷകനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."