ശൈലജയുമില്ല
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും നിലവിലെ ആരോഗ്യ മന്ത്രിയുമായ കെ.കെ ശൈലജയ്ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ ശൈലജയെയടക്കം നിലവിലെ എല്ലാ മന്ത്രിമാരെയും മാറ്റിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റു 11 മന്ത്രിമാരും പുതുമുഖങ്ങള്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി എന്ന നിലയിലും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലും ശൈലജയ്ക്ക് രണ്ടാമൂഴം നല്‍കണമെന്നായിരുന്നു കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നത്.
രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനു മുമ്പായി സംസ്ഥാനത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍പിള്ള, എം.എ ബേബി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. ശൈലജയുടെ പേര് ഈ പട്ടികയില്‍ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയായി പിണറായി വിജയന്റെയും 11 മന്ത്രിമാരുടെയും പേര് സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നതാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലതെന്നു മാത്രമാണ് കോടിയേരി സെക്രട്ടേറിയറ്റില്‍ ഇതിനെക്കുറിച്ചു പറഞ്ഞത്. ഒരു എതിര്‍ശബ്ദവും തീരുമാനത്തിനെതിരേ സെക്രട്ടേറിയറ്റില്‍ ഉണ്ടായില്ല. സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം കോടിയേരി തന്നെയാണ് സംസ്ഥാന സമിതി യോഗത്തിലും അവതരിപ്പിച്ചത്. 88 അംഗ സംസ്ഥാന സമിതിയില്‍ ഏഴുപേരാണ് ശൈലജയെ അനുകൂലിച്ചത്. ബാക്കിയെല്ലാവരും പുതുമുഖ പട്ടികയാണ് അംഗീകരിച്ചത്. കുടുതല്‍ ചര്‍ച്ചകളൊന്നും കുടാതെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
പിണറായി വിജയനെ സി.പി.എം നിയമസഭാകക്ഷി നേതാവായും മുഖ്യമന്ത്രിയായും പാര്‍ട്ടി വിപ്പായി ശൈലജയെയും നിയമസഭാകക്ഷി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനെയും തീരുമാനിച്ചു.
രണ്ടാം പിണറായി മന്ത്രിസഭയില്‍ സി.പി.ഐയിലെ നാലു മന്ത്രിമാരും പുതുമുഖങ്ങളാണ്. ഇന്നലെ രാവിലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മന്ത്രിമാരെ സംബന്ധിച്ചു തീരുമാനമായത്. കഴിഞ്ഞ സര്‍ക്കാരിലേതുപോലെ ഇത്തവണയും പാര്‍ട്ടിയുടെ മന്ത്രിമാരായി പുതുമുഖങ്ങള്‍ വരണമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എക്‌സിക്യൂട്ടീവില്‍ പറഞ്ഞു. സെക്രട്ടറിയുടെ തീരുമാനം നല്ലതാണെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. എക്‌സിക്യൂട്ടീവിന്റെ തീരുമാനം തുടര്‍ന്നു നടന്ന സംസ്ഥാന കൗണ്‍സിലും അംഗീകരിക്കുകയായിരുന്നു. നിയമസഭാകക്ഷി നേതാവായി ഇ. ചന്ദ്രശേഖരനെയും സെക്രട്ടറിയായി പി.എസ് സുപാലിനെയും വിപ്പായി ഇ.കെ വിജയനെയും തെരഞ്ഞെടുത്തു.
സി.പി.എം, സി.പി.ഐ നേതാക്കള്‍ തമ്മില്‍ ഇന്നു നടക്കുന്ന ആശയവിനിമയത്തിനു ശേഷം മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചു തീരുമാനമുണ്ടാകും. ആകെ 21 പേരാണ് മന്ത്രിസഭയില്‍. ഇതില്‍ പിണറായി വിജയന്‍, എ.കെ ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ മാത്രമാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."