സുപ്രിംകോടതി വിധി പി.എസ്.സിയിൽ എങ്ങനെ നടപ്പാക്കും?
സുദേഷ് എം. രഘു
യാത്രാബസുകളിൽ സ്ത്രീ/മുതിർന്ന ആളുകൾ/ഡിസേബ്ൾഡ് വ്യക്തികൾ തുടങ്ങിയവർക്കെല്ലാം സംവരണ സീറ്റുകളുണ്ട്. അവർക്ക് ആ സംവരണ സീറ്റുകളിൽ മാത്രമല്ല ബസിലെ ജനറൽ സീറ്റുകളിലും ഇരിക്കാമെന്ന് എല്ലാവർക്കും അറിയാം. സംവരണത്തിന്റെ രീതി അതാണ്. സംവരണ സീറ്റുകളിലും ജനറൽ സീറ്റുകളിലും അവകാശമുണ്ട്. എന്നാൽ ഉദ്യോഗ സംവരണക്കാര്യം വരുമ്പോൾ ഈ ലോജിക് പലർക്കും ദഹിക്കാറില്ല, വിശേഷിച്ച് മുന്നോക്ക സമുദായക്കാർക്ക്. ജനറൽ സീറ്റുകളെന്നാൽ മുന്നോക്കക്കാരുടെ സീറ്റുകളാണെന്നാണ് അവരും പൊതുസമൂഹവും വിചാരിച്ചിരിക്കുന്നത്. (ബസിലെ ജനറൽ സീറ്റ് പുരുഷന്മാരുടെ സീറ്റുകളാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരെപ്പോലെ).
കേരളത്തിലെ സംവരണ നിയമത്തിലും കേന്ദ്രത്തിലെ സംവരണ നിയമങ്ങളിലും നിരവധി സുപ്രിംകോടതി വിധികളിലും സംശയത്തിനിടയില്ലാത്ത വിധം സ്പഷ്ടമാക്കിയിട്ടുള്ള കാര്യമാണ് എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് സംവരണ സീറ്റിനൊപ്പം മെറിറ്റ്/ജനറൽ സീറ്റിനും അവകാശമുണ്ടെന്ന്. എന്നുമാത്രമല്ല, ജനറൽ സീറ്റിൽ പ്രവേശനം ലഭിച്ചെന്നു കരുതി അവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കുറവ് വരുത്താൻ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിലെ പി.എസ്.സി ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം തന്ത്രപൂർവം മറികടന്നിട്ടുണ്ട്. 1958ലെ കെ.എസ് ആൻഡ് എസ്.എസ്.ആർ പ്രാബല്യത്തിൽ വന്ന കാലം മുതൽ അവർ ചെയ്തുവരുന്നത് മെറിറ്റിൽ/ജനറൽ സീറ്റിൽ പ്രവേശനത്തിന് അർഹതയുള്ളവരെ സംവരണ സീറ്റിൽ ഒതുക്കുക എന്നതാണ്. 20 യൂനിറ്റ് റൊട്ടേഷൻ സമ്പ്രദായം ഉപയോഗിച്ചാണ് അവർ ഈ സൂത്രപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. ആ തട്ടിപ്പിനെപ്പറ്റി ഈ ലേഖകൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എഴുതുകയും സംസാരിക്കുകയും ചെയ്തുവരുന്നുണ്ടെങ്കിലും കേരളത്തിലെ പിന്നോക്ക സമുദായ സംഘടനകൾക്കൊന്നും അതിന്റെ ഗൗരവം ഇതുവരെ മനസിലായിട്ടില്ല.
ഈ വിഷയത്തിൽ അവസാനമായി വന്ന കോടതി വിധിയാണ് 2022 ഏപ്രിൽ 28ന് ബി.എസ്.എൻ.എൽ അഭി സന്ദീപ് ചൗധരി ( Bharat Sanchar Nigam Limited & Anr. Versus Sandeep Choudhary & Ors )എന്ന കേസിൽ സുപ്രിംകോടതി പുറപ്പെടുവിച്ചത്. സംവരണ ക്വാട്ടയിൽ വരുന്ന ഒ.ബി.സി ഉദ്യോഗാർഥികൾ ജനറൽ വിഭാഗക്കാരെക്കാൾ മാർക്ക് നേടിയാൽ അവരെ ജനറലിൽ തന്നെ നിയമിക്കണമെന്നാണ് കോടതി പ്രസ്താവിച്ചിരിക്കുന്നത്. മെറിറ്റിൽ മുന്നിലെത്തുന്ന പിന്നോക്ക വിഭാഗക്കാരെ സംവരണ ക്വാട്ടയിൽ ഉൾപ്പെടുത്തുന്ന കേരള പി.എസ്.സിയുടെ തട്ടിപ്പിനെതിരേ വീണ്ടും രംഗത്തുവരാൻ പിന്നോക്ക വിഭാഗങ്ങൾക്ക് ഈ വിധി സഹായകമാവേണ്ടതാണ്.
കേരളത്തിൽ, ഏറ്റവും ഒടുവിൽ നടന്ന കെ.എ.എസ് ഓഫിസർമാരുടെ നിയമനം പരിശോധിക്കാം. ഒന്നാം സ്ട്രീമിൽ നിന്നു സെലക്റ്റ് ചെയ്യപ്പെട്ട 12ാം റാങ്ക് നേടിയ ഉദ്യോഗാർഥിയുടെ മാർക്ക് 184 ആണ്. അയാളേക്കാൾ മാർക്ക് കുറഞ്ഞ, അതായത് 180 മാർക്ക് നേടിയ 20ാം റാങ്കുകാരനെ ജനറൽ സീറ്റിൽ തെരഞ്ഞെടുത്തപ്പോൾ 12ാം റാങ്കുകാരനെ തെരഞ്ഞെടുത്തത് സംവരണ സീറ്റിലാണ്. ഈ അനീതി പി.എസ്.സിയുടെ ഏതു നിയമനമെടുത്തു നോക്കിയാലും കാണാൻ സാധിക്കും.
കേരള പബ്ലിക് സർവിസ് കമ്മിഷൻ മുഖേന നടക്കുന്ന നിയമനങ്ങളിൽ സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മെറിറ്റ് സീറ്റുകൾ ലഭിക്കാതെ പോകുന്നത് ഒഴിവുകൾ എത്രയുണ്ടായാലും 20ന്റെ യൂനിറ്റായെടുത്തേ സെലക്ഷൻ നടത്താൻ പാടുള്ളൂ എന്ന ചട്ടമുള്ളതുകൊണ്ടാണ്. ഒന്നാം റാങ്ക് കിട്ടിയ സംവരണ സമുദായ ഉദ്യോഗാർഥിയെ വരെ സംവരണ ടേണിൽ തെരഞ്ഞെടുത്ത അനുഭവങ്ങളുണ്ട്.
ഫ്രെഷ് നിയമനം നടക്കുന്ന 20 ന്റെ ആദ്യത്തെ യൂനിറ്റിൽ മാത്രമേ എല്ലാ സംവരണ സമുദായങ്ങൾക്കും അർഹമായി ജനറൽ സീറ്റുകൾ ലഭിക്കുന്നുള്ളൂ. തുടർന്നുള്ള യൂനിറ്റുകളിൽ സംവരണ സമുദായക്കാർക്ക് മെറിറ്റ് സീറ്റിൽ സെലക്ഷൻ കിട്ടുന്നത് അപൂർവമാണ്. ആദ്യ യൂനിറ്റിനുശേഷം വരുന്ന മെറിറ്റ് സീറ്റുകൾ ഏതാണ്ടെല്ലാം തന്നെ, മുന്നോക്ക സമുദായക്കാർക്കു രഹസ്യമായി സംവരണം (clandestine reservation) ചെയ്തുവച്ചിരിക്കുകയാണെന്നു പറയാം.
ചെറിയ യൂനിറ്റുകളിലായി തെരഞ്ഞെടുപ്പു നടത്തിയാലും ഒഴിവുകൾ സ്പ്ലിറ്റ് ചെയ്ത് റിപ്പോർട്ട് ചെയ്താലും, മെയ്ൻ ലിസ്റ്റിലെ സംവരണ സമുദായക്കാർ പലരുടെയും മെറിറ്റ് ടേണുകൾ ആദ്യ യൂനിറ്റുകളിൽ വരാതെ പോകും; അവർ സംവരണത്തിൽ സെലക്റ്റ് ചെയ്യപ്പെടും. അങ്ങനെ അവരെ സംവരണത്തിൽ ഒതുക്കിയാൽ, പിന്നിലുള്ള സംവരണ സമുദായക്കാർക്ക് നിയമനമേ ലഭിക്കാതെ പോകും. സംവരണ ടേണിൽ മാത്രം നിയമനം ലഭിക്കാൻ സാധ്യതയുള്ള, സപ്ലിമെന്ററി ലിസ്റ്റിലുള്ള പല ഉദ്യോഗാർഥികൾക്കും ഒരിക്കലും നിയമനം ലഭിക്കില്ല. മറിച്ച് അവർക്ക് അർഹമായ മെറിറ്റ് ടേൺ തന്നെ ലഭിച്ചാൽ, പിന്നിലുള്ളവർക്കു സംവരണ ടേണെങ്കിലും ലഭിക്കും.
ഓരോ ദിവസത്തെയും ശുപാർശകൾ ഒറ്റ യൂനിറ്റാക്കിയാൽ നിലവിലുള്ള സമ്പ്രദായത്തെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ സംവരണക്കാർക്കു ലഭിക്കും. അതുകൊണ്ടാണ് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അത്തരത്തിൽ നിയമനം നടത്തണമെന്ന് ബീർമസ്താൻ കേസിൽ ഉത്തരവിട്ടത്. എന്നാൽ, ഇങ്ങനെ ചെയ്താലും പ്രശ്‌നം സമ്പൂർണമായി പരിഹരിക്കപ്പെടില്ല. ഒരു തസ്തികയുടെ റാങ്ക് ലിസ്റ്റ് വന്നാൽ, അത് അവസാനിക്കുന്നതുവരെ നടന്ന മൊത്തം നിയമനങ്ങളെടുത്തു സെലക്ഷൻ നടത്തിയാൽ ലഭിക്കുന്ന ഫലം ആയിരിക്കണം, ഏതു യൂനിറ്റ് സമ്പ്രദായം സ്വീകരിച്ചാലും അന്തിമമായി ലഭിക്കേണ്ടത്. അങ്ങനെ ലഭിക്കത്തവിധം സെലക്ഷൻ രീതി ശാസ്ത്രീയമാക്കുകയാണ് വേണ്ടത്.
സംവരണ നിയമമനുസരിച്ച് 50 ശതമാനം മെറിറ്റടിസ്ഥാനത്തിലും ബാക്കി 50 ശതമാനം സംവരണാ(40 ഒ.ബി.സി 10 എസ്.സി- എസ്.ടി)ടിസ്ഥാനത്തിലും നികത്തണം. എത്രപേരെ തെരഞ്ഞെടുക്കുന്നുവോ അത്രയും എണ്ണത്തിന്റെ പകുതി (50%) മെറിറ്റിൽ വരണം എന്നർഥം. 50 ശതമാനം മെറിറ്റെന്നത് ഏറ്റവും കൂടുതൽ മെറിറ്റുള്ളവർക്ക്- മാർക്കു കൂടുതൽ കിട്ടിയവർക്ക് അഥവാ റാങ്ക് ലിസ്റ്റിൽ മുന്നിലുള്ളവർക്ക് - അർഹതപ്പെട്ട സീറ്റുകളാണ്. അതുകൊണ്ടാണ് 20 പേരെ തെരഞ്ഞെടുക്കുമ്പോൾ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേരെ (50%) മെറിറ്റ് ടേണിൽ തെരഞ്ഞെടുക്കുന്നത്.
20ന്റെ യൂനിറ്റായി ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തപ്പോൾ ആദ്യ യൂനിറ്റിൽ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേർക്ക് ജാതിസമുദായ പരിഗണനയില്ലാതെ മെറിറ്റിൽ സെലക്ഷൻ ലഭിച്ചെങ്കിൽ ആ വ്യവസ്ഥ എപ്പോഴും സംരക്ഷിക്കപ്പെടണ്ടേ? അതായത് 40 പേരെ തെരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ 20 പേരും 100 പേരെ തെരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ 50 പേരും 1000 പേരെ തെരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ 500 പേരും സമുദായ പരിഗണന കൂടാതെ മെറിറ്റിൽ വരണ്ടേ? അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ ആ തെരഞ്ഞെടുപ്പു സമ്പ്രദായത്തെ ശാസ്ത്രീയമെന്നു വിളിക്കാമോ? അഥവാ ആ റൊട്ടേഷൻ സമ്പ്രദായത്തിനു തകരാറുണ്ടെന്നല്ലേ അതിനർഥം?
ചെറിയ യൂനിറ്റാണെങ്കിൽ ഉദ്യോഗാർഥികളിൽ പലരുടെയും മെറിറ്റ് ടേൺ പിന്നീടുള്ള യൂനിറ്റുകളിലേ വരൂ. അങ്ങനെ അവരുടെ മെറിറ്റ് ടേൺ വരുന്ന സന്ദർഭത്തിൽ അവരെ തിരികെവിളിച്ച് ആ മെറിറ്റ് ടേണിൽ നിയമിക്കുക എന്നതു പ്രായോഗികമല്ല. അഥവാ അങ്ങനെ ചെയ്താൽത്തന്നെ റാങ്ക് ലിസ്റ്റിലെ സീനീയോറിറ്റി സംരക്ഷിക്കാനായി അവരെ പഴയ സ്ഥാനത്തേക്കു തിരിച്ചയക്കേണ്ടി വരും.
ചെയ്യാവുന്ന കാര്യം, ഓരോ സംവരണസമുദായ ഉദ്യോഗാർഥിയേയും ആദ്യം തെരഞ്ഞെടുക്കുന്ന സംവരണടേണിനെ താൽക്കാലികമായി കണക്കാക്കുകയും അവരുടെ മെറിറ്റ് ടേൺ വരുന്ന മുറയ്ക്ക് ആദ്യത്തെ സംവരണ ടേണിനെ മെറിറ്റ് ടേണാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. പകരം ഇപ്പോഴത്തെ മെറിറ്റ് ടേൺ അതതു സംവരണ ടേണായും മാറ്റേണ്ടിവരും. ഇങ്ങനെ ചെയ്താൽ യൂനിറ്റ് ഏതായാലും സംവരണ സമുദായങ്ങൾക്ക് അർഹമായ ജനറൽ സീറ്റുകളെല്ലാം അവർക്കു തന്നെ ലഭിക്കും.
മെറിറ്റിലും സംവരണത്തിലും ഒരേ സമുദായക്കാർ വന്നാൽ റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി അനുസരിച്ച് അവരുടെ സ്ഥാനങ്ങൾ മാറ്റണമെന്നാണു ചട്ടം. അങ്ങനെ ചെയ്യുമ്പോൾ ഫലത്തിൽ സംഭവിക്കുന്നത് മെറിറ്റ് സീറ്റുകളിൽ തെരഞ്ഞെടുക്കപ്പെടുന്ന പിന്നോക്ക സമുദായക്കാരെ സംവരണ ടേണിലേക്കും സംവരണ ടേണിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ മെറിറ്റ് ടേണിലേക്കും മാറ്റുകയാണ്.
റൂൾ 14(ബി)യിൽ ആവശ്യമായ ഭേദഗതി നടത്തി ഇവിടെ പറഞ്ഞ പരിഹാരം നിഷ്പ്രയാസം കൊണ്ടുവരാൻ സാധിക്കും. അതിനായി ശ്രമിക്കാൻ ഈ കോടതിവിധി പ്രേരകമാവട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."