പ്രവാസിസ്നേഹിയായ ഭരണാധികാരി
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ സൗഹൃദം വികസനമായി കണ്ട ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം യു.എ.ഇയിലെ ജനതയെ പോലെ തന്നെ ഇന്ത്യൻ ജനതയെയും വേദനിപ്പിക്കുന്നതാണ്. സ്വന്തം രാജ്യത്തെ ജനങ്ങൾക്കായി പദ്ധതികളാവിഷ്‌കരിക്കുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രവാസികളുടെ ഉന്നമനത്തിനായും പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്തു. യു.എ.ഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ. കാലോചിതമായ വികസന മുന്നേറ്റത്തിലൂടെ വിസ്മയം സൃഷ്ടിക്കുമ്പോഴും പരിസ്ഥിതിക്ക് പ്രതികൂലമാവാതിരിക്കാനും വരാനിരിക്കുന്ന തലമുറകൾക്ക് കരുതിയിരിപ്പുണ്ടാക്കാനും ശ്രദ്ധാലുവായിരുന്നു. മനുഷ്യസൗഹൃദത്തിന്റെ വികാസമാണ് ഏറ്റവും വലിയ വികസനമെന്ന് അദ്ദേഹത്തിന്റെ ഭരണപരിഷ്‌ക്കരണങ്ങൾ ബോധ്യപ്പെടുത്തുന്നു.
നൂറ്റാണ്ടുകളായുള്ള ഇന്ത്യ-യു.എ.ഇ ബന്ധം അദ്ദേഹവും അതുപോലെ തുടർന്നുപോന്നു. കേരളക്കരയിലേക്ക് നിരവധി രാജ്യക്കാർ കച്ചവടാവശ്യത്തിന് വേണ്ടി കടൽ കടന്ന് വന്നിട്ടുണ്ട്. ഇന്ത്യക്കാർ നിരവധി രാജ്യങ്ങളിലേക്ക് കച്ചവടത്തിനായി പോയിട്ടുമുണ്ട്. എന്നാൽ കച്ചവട ബന്ധത്തെയും തൊഴിൽ ബന്ധത്തെയും ചൂഷണമില്ലാതെ പരസ്പരം സൗഹൃദവും സാഹോദര്യവും നിലനിർത്തിയായിരുന്നു ഇന്ത്യ- അറബ് ബന്ധം. ആ ആത്മബന്ധത്തിന്റെ തുടർക്കണ്ണിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ. 2004ൽ ആണ് ശൈഖ് ഖലീഫ ഐക്യ അറബ് എമിറേറ്റ്സിൻ്റെ സ്ഥാപകനായിരുന്ന പിതാവ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ പിൻഗാമിയായി ഭരണനേതൃത്വത്തിലെത്തുന്നത്. തുടർന്ന് പിതാവിന്റെ പാതയിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകളും.
യു.എ.ഇയുടെ വികസനത്തിൽ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ലക്ഷക്കണക്കിന് കേരളീയർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചു. ജോലിക്കായി യു.എ.ഇയിലെത്തുന്ന പ്രവാസികൾക്ക് അദ്ദേഹത്തിന്റെ നയങ്ങൾ ആശ്വാസം പകർന്നു. ഇന്ത്യയിൽ നിന്നടക്കമുള്ള പ്രവാസികളെ സംരക്ഷിക്കുന്നതിനായി മനുഷ്യക്കടത്തും തൊഴിൽതട്ടിപ്പും തടയാനുള്ള നയങ്ങൾ സ്വീകരിച്ചു. സാധാരണക്കാരായ പ്രവാസികളുടെ തൊഴിലിടം സുരക്ഷിതമാക്കുന്നതിനോടൊപ്പം തന്നെ പ്രവാസി വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു. യു.എ.ഇയുടെ മുന്നേറ്റത്തിന് മാനവവിഭവശേഷി നൽകാൻ നമ്മുടെ രാജ്യത്തിനും സാധിച്ചിരുന്നു. ചരിത്രത്തിലാദ്യമായി യു.എ.ഇയുടെ എണ്ണ പര്യവേക്ഷണ പദ്ധതിയിൽ ഇന്ത്യ പങ്കാളിയായതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു.
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും പരലോക മോക്ഷത്തിന്നായി പ്രാർഥിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."