നേതൃമാറ്റം: കോണ്‍ഗ്രസിലെ 'തലമുറകള്‍ക്കിടയില്‍' ശീതയുദ്ധം രൂക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുണ്ടായി ഇടതുസര്‍ക്കാര്‍ അധികാരമേറ്റിട്ടും പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. ആരായിരിക്കും പ്രതിപക്ഷനേതാവെന്ന ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുമ്പോഴും പാര്‍ട്ടിക്കുള്ളിലെ തലമുറകള്‍ തമ്മിലുള്ള ശീതയുദ്ധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
മുതിര്‍ന്ന തലമുറ നേതൃമാറ്റം ഉടന്‍ വേണ്ടെന്ന നിലപാട് കൈക്കൊള്ളുമ്പോള്‍ പുതുതലമുറ നേതൃതലത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ്.സമൂഹമാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുതിര്‍ന്ന നേതാക്കളില്‍ അധികം പേരും രമേശ് ചെന്നിത്തല തന്നെ തുടരട്ടെയെന്ന നിലപാട് ഹൈക്കമാന്‍ഡ് നിരീക്ഷരോട് അറിയിച്ചപ്പോള്‍, മുതിര്‍ന്ന നേതാക്കളുടെയും ഗ്രൂപ്പുകളുടേയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി രണ്ടാം തലമുറയില്‍പ്പെട്ടവര്‍ വി.ഡി സതീശന്‍ വരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.രണ്ടാം പിണറായി മന്ത്രിസഭ പുതുമുഖങ്ങളുമായി അധികാരമേല്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തല മൂത്ത മുതിര്‍ന്ന തലമുറ നേതൃമാറ്റത്തെ ഇനിയും ഉള്‍ക്കൊള്ളാത്തത് യുവാക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇതിനെതിരേ ദയവായി കടിച്ചുതൂങ്ങരുത്, ദയവായി ഉറക്കം അവസാനിപ്പിച്ചു ഇറങ്ങിപ്പോകൂ എന്നിങ്ങനെ പറയുന്ന പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.
അതേസമയം ഹൈക്കമാന്‍ഡ് നിരീക്ഷകരായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി. വൈത്തിലിംഗവും ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് അറിയുന്നത്. യുവതലമുറയുടെ അഭിപ്രായം കണക്കിലെടുത്തു വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചേക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."