ആന്റിജന്‍ കിറ്റെത്തുന്നു, ഇനി കൊവിഡ് പരിശോധന വീട്ടിലാകാം
നിലമ്പൂര്‍: വീട്ടിലിരുന്ന് സ്വയം കൊവിഡ് പരിശോധന നടത്താന്‍ വഴി തെളിയുന്നു. ഐ.സി.എം.ആര്‍ അനുമതിയോടെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് ഉടന്‍ വിപണിയിലെത്തും. 250 രൂപയാണ് വില. ഇതിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഐ.സി.എം.ആര്‍ പുറത്തിറക്കി.
രോഗികളുമായി സമ്പര്‍ക്കമുള്ളവരും രോഗലക്ഷണങ്ങളുള്ളവരും മാത്രമേ ഹോം കിറ്റ് ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരിശോധന പരമാവധി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജന്‍ പരിശോധനയാണിത്. റിസള്‍ട്ട് 15 മിനിട്ടില്‍ ലഭ്യമാകും. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന വേണ്ട. ക്വാറന്റൈനിലേക്ക് മാറണം.
രോഗലക്ഷണങ്ങളുണ്ടായിട്ടും നെഗറ്റീവ് ഫലം ലഭിച്ചാല്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിക്കുന്നു. കൊവിസെല്‍ഫ് ടി.എം (പാത്തോകാച്ച്) കൊവിഡ്-19 ഒ.ടി.സി ആന്റിജന്‍ എല്‍.എഫ് എന്ന ഉപകരണം പൂനെയിലെ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് നിര്‍മിച്ചത്.
മൊബൈലില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ഹോം ടെസ്റ്റിങ് ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക. ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് ഹോം ടെസ്റ്റ് നടത്താം. ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ഐ.സി.എം.ആറിന്റെ കൊവിഡ്-19 ടെസ്റ്റിങ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന സെര്‍വറിലെത്തും.
രോഗിയുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്തും. ടെസ്റ്റ് നടത്തി സ്ട്രിപ്പിന്റെ ചിത്രം ആപ്പ് വഴി അപ്‌ലോഡ് ചെയ്യണം. ഏതുഫോണില്‍ നിന്നാണോ യൂസര്‍ റജിസ്‌ട്രേഷന്‍ നടത്തിയത് അതേ ഫോണില്‍ നിന്നുവേണം ചിത്രം അപ്‌ലോഡ് ചെയ്യാന്‍. ഈ വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ സെര്‍വറില്‍ സൂക്ഷിക്കും.
ടെസ്റ്റ് കിറ്റ്, സ്വാബ്, മറ്റ് വസ്തുക്കള്‍ എന്നിവ എങ്ങനെ ഉപേക്ഷിക്കാമെന്നതിലും മാന്വല്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലാണ് കൂടുതലെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗ്രാമീണ മേഖലകളില്‍ പരിശോധന ലഘൂകരിക്കാന്‍ പുതിയ സംവിധാനം ആവിഷ്‌കരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."