ശൈഖ് ഖലീഫ: ജനക്ഷേമത്തിലൂന്നിയ വികസന നായകൻ
ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ യു.എ.ഇയെ വികസനത്തിന്റെ ഉന്നതിയിലെത്തിച്ച വ്യക്തിത്വമാണ് ഇന്നലെ അന്തരിച്ച യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ നിര്യാണത്തെ തുടർന്ന് 2004 നവംബർ മൂന്നു മുതലാണ് അദ്ദേഹം യു.എ.ഇ പ്രസിഡന്റാകുന്നത്.
യു.എ.ഇയുടെ ആദ്യ പ്രസിഡന്റായിരുന്നു സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ. 1971 മുതൽ 2004 നവംബർ രണ്ടിനു മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു യു.എ.ഇയുടെ പ്രസിഡന്റ്. പിതാവിന്റെ പാരമ്പര്യവും പാടവവും ഒട്ടും കൈമോശംവരാത്ത പ്രവർത്തനമാണ് പിന്നീട് പ്രസിഡന്റ് പദത്തിലെത്തിയ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ കാഴ്ചവച്ചത്. യു.എ.ഇയെ പടുത്തുയർത്തിയത് ഈ രണ്ടു ഭരണാധികാരികളാണ്. 1948ൽ ജനിച്ച ശൈഖ് ഖലീഫ യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബൂദബിയുടെ 16ാമത്തെ ഭരണാധികാരിയുമാണ്. യു.എ.ഇ ഫെഡറൽ അഡ്മിനിസ്‌ട്രേഷനെയും അതോടൊപ്പം അബൂദബി സർക്കാരിനെയും മുന്നോട്ടുനയിക്കാൻ അദ്ദേഹത്തിനായി. പൗരർക്ക് മികച്ച ജീവിതനിലവാരം ഉണ്ടാക്കിക്കൊടുക്കാനും അതോടൊപ്പം രാജ്യത്തെ വികസനത്തിൽ മുന്നിലെത്തിക്കാനുമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നത്. യു.എ.ഇയുടെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ഭരണാധികാരി കൂടിയാണ് അദ്ദേഹം.
1971ൽ യു.എ.ഇ രൂപീകരിക്കപ്പെട്ടപ്പോൾ പിതാവ് യു.എ.ഇ പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ 26കാരനായ ശൈഖ് ഖലീഫ യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയായി. അഞ്ചുവർഷത്തിനു ശേഷം 1976 മെയിൽ അദ്ദേഹം യു.എ.ഇയുടെ ഉപ സൈനാധിപനുമായി. 2004 നവംബറിൽ മന്ത്രിസഭയിൽ ശൈഖ ലൂബ്‌ന അൽ ഖാസിമിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ചർച്ച ചെയ്യപ്പെട്ടു. ആദ്യ വനിതാ മന്ത്രിയായിരുന്നു ലൂബ്‌ന അൽ ഖാസിമി. 2008 ജനുവരിയിൽ വനിതാ ജഡ്ജിമാരായി ആലിയ സഈദ് അൽ കഅബിനെയും ആതിഖ അവാദ് അൽ കത്തീരിയെയും നിയമിച്ചു.
രാജ്യത്തെ ജനാധിപത്യ രീതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അധികാരമേറ്റ് ഒരു വർഷത്തിനിടെ തന്നെ ആരംഭിച്ചിരുന്നു. ഫെഡറൽ നാഷനൽ കൗൺസിലിലേക്ക് 50 ശതമാനം പേരെ പൊതുതെരഞ്ഞെടുപ്പിലൂടെ അംഗങ്ങളാക്കുന്ന രീതിക്കും തുടക്കം കുറിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശമ്പളം ഇരട്ടിയാക്കാനുള്ള വിപ്ലവകരമായ തീരുമാനം അദ്ദേഹം കൈക്കൊണ്ടത് ചുമതലയേറ്റ് ആറു മാസത്തിനകമാണ്. സർക്കാരിന്റെ ഖജനാവിലെ പണം വിപണിയിൽ ഇറക്കുന്ന തീരുമാനം സ്വാഗതം ചെയ്യപ്പെട്ടു. ഇത് സമ്പദ്‌വ്യവസ്ഥയിലും ചലനമുണ്ടാക്കി. രാജ്യത്ത് മതസ്വാതന്ത്ര്യം പരമാവധി അനുവദിച്ചു. അബൂദബിയിലെ വിസ്മയമായ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് ജാതിമതഭേദമന്യേ എല്ലാവർക്കും സന്ദർശനത്തിന് തുറന്നുകൊടുത്തത് ശൈഖ് ഖലീഫയാണ്. ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിച്ചതോടൊപ്പം മുസ്‌ലിം ലോകത്തിനും അദ്ദേഹത്തിന്റെ കരുതൽ പലപ്പോഴും സാന്ത്വനമായി. ഗസ്സ മുതൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം നടത്തുന്ന ജീവകാരുണ്യ, ജനക്ഷേമ പ്രവർത്തനങ്ങളുടെ സുദീർഘമായ പാത തന്നെയുണ്ട്.
യു.എ.ഇയെ ഇന്നത്തെ നിലയിലേക്ക് വളർത്തിക്കൊണ്ടുവന്നതിൽ ശൈഖ് ഖലീഫയുടെ സുസ്ഥിരവും സന്തുലിതവുമായ വികസന നയത്തിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. പിതാവിന്റെ വിയോഗത്തെ തുടർന്ന് അധികാരമേറ്റ അദ്ദേഹം ഊന്നൽ നൽകിയത് ഈ വികസന നയത്തിനായിരുന്നു. തന്റെ തന്ത്രപരമായ പദ്ധതിയാണ് പിന്നീട് യു.എ.ഇയുടെ വളർച്ചയ്ക്ക് ഊർജം പകർന്നത്. ഇതോടെ യു.എ.ഇയിലെ പൗരന്മാരും മറ്റു താമസക്കാരും അഭിവൃദ്ധി നേടിത്തുടങ്ങി. ജനങ്ങളുടെ ക്ഷേമം ഈ പദ്ധതിയുടെ മുഖ്യ അജൻഡയായിരുന്നു. പിതാവ് മുന്നോട്ടുവച്ച പ്രധാന ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന്റെ പാതയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് ശൈഖ് ഖലീഫ പറയാറുണ്ടായിരുന്നു. യു.എ.ഇ പ്രസിഡന്റ് എന്ന നിലയിൽ പെട്രോളിയം കൗൺസിലിന്റെ മേധാവിയും അദ്ദേഹമായിരുന്നു.
യു.എ.ഇയുടെ സാമ്പത്തിക സ്രോതസുകളിൽ പ്രധാനമായിരുന്നു എണ്ണ, പ്രകൃതിവാതക സമ്പത്ത്. ഇത് കാര്യക്ഷമമായി വിനിയോഗിക്കാൻ കഴിഞ്ഞതാണ് യു.എ.ഇയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ മേഖലയിൽ സുസ്ഥിര വളർച്ച നേടുന്ന ഭരണപാടവവും അദ്ദേഹത്തിന്റെ മുതൽക്കൂട്ടാണ്. ജനങ്ങളുടെ ആവശ്യങ്ങൾ പഠിക്കാൻ യു.എ.ഇയിൽ ഉടനീളം പര്യടനങ്ങൾ നടത്തി. വടക്കൻ എമിറേറ്റുകളെ മുഖ്യധാരയിലെത്തിക്കാൻ പ്രത്യേക ഊന്നൽ നൽകിയായിരുന്നു ഈ സന്ദർശനം.
രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുകയും തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്ത ഭരണാധികാരി എന്നാണ് ശൈഖ് ഖലീഫയെ കുറിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുസ്മരിച്ചത്. രാജ്യം 40 ദിവസത്തെ ദുഃഖാചരണവും അദ്ദേഹത്തോട് ആദരസൂചകമായി പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഖലീഫയുടെ പിൻഗാമിയെ പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് ബിൻ സാഇദിനാണ് സാധ്യത.
യു.എ.ഇ എന്ന ഐക്യ എമിറേറ്റുകളും അവിടത്തെ ജനങ്ങളും ഏറെ സ്‌നേഹിച്ച ഭരണാധികാരിയാണ് വിടപറഞ്ഞത്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ എക്കാലത്തെയും സ്മരിക്കപ്പെടുന്ന നാമമാകും ശൈഖ് ഖലീഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."