ഈ വർഷം വിദേശ തീർത്ഥാടകർക്ക് ഹജ്ജിന് അനുവാദം നൽകുമെന്ന് റിപ്പോർട്ട്
മക്ക: ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് അനുവാദം നൽകിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള ശക്തമായ ആരോഗ്യ, മുൻകരുതൽ നടപടികൾ സ്വീകരിച്ച് കൊണ്ട് തന്നെ വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഈ വർഷം ഹജ്ജ് നടത്താൻ അനുവാദമുണ്ടാകുമെന്നാണ് റിപ്പോർട്ട്. അൽ-വതൻ പത്രമാണ് ഇത് സംബന്ധിച്ച വാർത്ത ഇന്നലെ പുറത്ത് വിട്ടത്. തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി എല്ലാ ആരോഗ്യ, സുരക്ഷ, നിയന്ത്രണ നടപടികളുമായി ഈ വർഷത്തെ ഹജ്ജുമായി മുന്നോട്ട് പോകാനുള്ള മെയ് 9 ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണ് വിദേശികൾക്കും അനുവാദം നൽകുമെന്ന തീരുമാനം കൈകൊള്ളുന്നതെന്നാണ് പത്രം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുമെന്നും എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഈ മാസാദ്യം മന്ത്രാലയം അറിയിച്ചിരുന്നു. നിർദ്ദിഷ്ട നടപടികളും സംഘടനാ പദ്ധതികളും പിന്നീടുള്ള തീയതിയിൽ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സാധാരണഗതിയിൽ 25 ദശലക്ഷത്തിലധികം മുസ്‌ലിംകളാണ് മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിൽ വർഷം തോറും പങ്കെടുക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ വർഷം വിദേശ, സ്വദേശ ഹാജിമാരെ വെട്ടികുറക്കുകയായിരുന്നു. ആധുനിക ചരിത്രത്തിൽ ആദ്യമായി കൊവിഡ്-19 കാരണം 1,000 തീർഥാടകരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഹജ്ജ്. നേരത്തെ, ഈ വർഷം വിദേശികൾക്ക് ഹജ്ജിനു അനുമതി നൽകുകയില്ലെന്ന് സോഴ്‌സുകളെ ഉദ്ധരിച്ചെന്ന നിലയിൽ റോയിട്ടേഴ്‌സ് വാർത്ത റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, ഇക്കാര്യം ഹജ്ജ് ഉംറ മന്ത്രാലയം തന്നെ തള്ളിക്കളയുകയും ചെയ്‌തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."