ആശയവിനിമയങ്ങളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വാധീനം
ഹാഫിസ് മുഹമ്മദ് ആരിഫ്
കത്ത് വായിക്കാൻ പോസ്റ്റുമാനെ ആശ്രയിച്ചിരുന്നിടത്തുനിന്ന് ഭാര്യയുടെ ജന്മദിനത്തിന് അയക്കാനുള്ള സന്ദേശം ചാറ്റ് ജിപിടിയോട് ചോദിക്കുന്നിടത്തേക്കുള്ള മാറ്റമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസടക്കമുള്ള(എ.െഎ) ടെക്‌നോളജികൾ ആശയവിനിമയങ്ങളിൽ കൊണ്ടുവന്നത്. ഗൂഗിൾ ട്രാൻസ്ലേറ്റ്, ഗൂഗിൾ അസിസ്റ്റന്റ്, ആപ്പിൾ സിരി, ആമസോൺ അലക്‌സ, മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ പോലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ എ.െഎ ഉപയോഗിച്ചുള്ള സേവനങ്ങൾ ഇതിനകം ലഭ്യമാണ്. ഇത് ഭാഷകളിലും സംസ്‌കാരങ്ങളിലും ഉടനീളം ആളുകൾക്ക് ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കി. ഈ കൂട്ടത്തിലേക്കുള്ള ചാറ്റ് ജിപിടിയുടെ കടന്നുവരവാണ് എ.െഎയെയും ചാറ്റ്‌ബോട്ടുകളെയും ജനകീയമാക്കാൻ സഹായിച്ചത്.
എ.െഎയോടൊപ്പമുള്ള മനുഷ്യരാശിയുടെ പ്രാരംഭഘട്ടമാണിത്. ആശയവിനിമയങ്ങളിൽ ഭാഷാ പ്രോസസിങ്ങും ധാരണയും മെച്ചപ്പെടുത്താനുള്ള കഴിവാണ് എ.െഎയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. എ.ഐയുടെ സ്വാധീനത്താൽ ഉപഭോക്തൃ ആശയവിനിമയങ്ങൾ നടത്താൻ സാധിക്കുന്ന ചാറ്റ്‌ബോട്ടുകൾ തന്നെയാണ് ഒരുദാഹരണം. നമ്മുടെ അംഗവിക്ഷേപങ്ങളും (Gestures) ഭാവഭേദങ്ങളും (Facial Expressions) വരെ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ ഇന്നത്തെ റോബോട്ടുകൾക്ക് അഥവാ ഡിജിറ്റൽ ഉപകരണങ്ങൾക്ക് കഴിയും. ആധുനികകാലത്തെ ഡിജിറ്റൽ സങ്കേതങ്ങളിൽ ശേഖരിക്കപ്പെടുന്ന അതിഭീമ ഡാറ്റകൾ വിശകലനം ചെയ്യാനും മനുഷ്യർക്ക് കണ്ടെത്താൻ കഴിയാത്ത ഭാഷയിലെ മാതൃകകളും ബന്ധങ്ങളും തിരിച്ചറിയാനും എ.െഎ സോഫ്റ്റ്‌വെയറുകൾക്ക് കഴിയും. ഉപഭോക്തൃസേവനവും ഡാറ്റ വിശകലനവും പോലുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും സഹായിക്കുന്നു.
വിവർത്തന സേവനങ്ങൾ തത്സമയം നൽകിക്കൊണ്ട് ആഗോള ആശയവിനിമയത്തിൽ പ്രധാനമായിരുന്ന ഭാഷാ തടസങ്ങൾ നികത്താനും എ.ഐയുടെ സ്വാധീനംകൊണ്ട് സാധിക്കുന്നു. ചാറ്റ് ജിപിടിക്ക് മുൻപുതന്നെ ഉള്ളടക്ക രചനകൾക്ക് (Content Writing) എ.െഎ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഒരേ വിഷയത്തിൽ വ്യത്യസ്ത ആശയങ്ങൾ മിനിറ്റുകൾക്കുള്ളിൽ എഴുതിയെടുക്കാൻ സാധിക്കുന്നു എന്നതായിരുന്നു ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രത്യേകത. ബ്ലോഗുകളും ഇമെയിലുകളും എഴുതുന്നത് മുതൽ വെബ്‌സൈറ്റിന്റെ പേജ് വരെ ഇത്തരം ആപ്ലിക്കേഷനിലൂടെ യാന്ത്രികമായി നിർമിക്കാൻ സാധിക്കും. ഈ മെയിലുകൾക്ക് യാന്ത്രികമായി മറുപടികൾ അയക്കാനും സാധിക്കും. ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും പരസ്യ സംവിധാനങ്ങളിൽ സ്‌ക്രിപ്റ്റുകൾ എഴുതാനും എസ്.ഇ.ഒ കീവേഡുകൾ എഴുതാനും പത്രക്കുറിപ്പുകൾ എഴുതാനും ഇതിലൂടെ സാധിക്കും. ബിസിനസ്, മാർക്കറ്റിങ്, പബ്ലിഷിങ് ആശയവിനിമയങ്ങൾക്കാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ ചാറ്റ് ജി.പി.ടി യുടെ കടന്നുവരവ് മനുഷ്യരുടെ ദൈനംദിന ആശയ വിനിമയങ്ങളിൽ പോലും എ.െഎ സ്വാധീനം കൊണ്ടുവരാൻ കാരണമായി.
എങ്കിലും ആശയവിനിമയങ്ങളിൽ ടെക്‌നോളജിയുടെ അമിത ഉപയോഗം മനുഷ്യന്റെ ചിന്താശക്തി കുറയുന്നതിന് വഴിയൊരുക്കും. ചാറ്റ്‌ബോട്ടുകളും ഇമോജികളും ഉപയോഗിച്ചുള്ള ആശയവിനിമയങ്ങളിൽ റെഡിമെയ്ഡ് ചോദ്യങ്ങളും മറുപടികളുമാണെന്നതാണ് കാരണം. ഡിസൈനിങ്, കോഡിങ് സേവനങ്ങളടക്കം വാഗ്ദാനം ചെയ്ത് ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് കൂടി അവതരിച്ചിരിക്കുന്നു. മനുഷ്യർ ചെയ്യുന്ന ബുദ്ധിപരമായ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുംവിധം എ.െഎ ഉയർന്നുവരുന്നത് നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ചാറ്റ്‌ബോട്ടുകൾ മനുഷ്യനു മനസിലാക്കാൻ കഴിയാത്ത അവയുടെ സ്വന്തമായ ഒരു ഭാഷ വികസിപ്പിച്ചെടുത്തതിനെത്തുടർന്ന് ഫേസ്ബുക് തങ്ങളുടെ എ.െഎ പദ്ധതി നിർത്തലാക്കിയത് അതിലൊന്നാണ്.
പക്ഷപാതവും വിവേചനവും ശാശ്വതമാക്കാനുള്ള എ.ഐയുടെ സാധ്യതയാണ് മറ്റൊരു പ്രശ്‌നം. എ.ഐ സിസ്റ്റങ്ങൾ നിലവിലുള്ള ഡാറ്റയിൽ പരിശീലിപ്പിക്കപ്പെടുന്നു. ആ ഡാറ്റ പക്ഷപാതപരമോ വിവേചനപരമോ ആണെങ്കിൽ, എ.ഐ സിസ്റ്റം ആ പക്ഷപാതങ്ങൾ പഠിക്കുകയും ശാശ്വതമാക്കുകയും ചെയ്യും. ഡാറ്റകളെ വളരെയധികം ആശ്രയിച്ച് നിൽക്കുന്നതിനാൽ ഡാറ്റാ ലംഘനങ്ങൾക്കും വ്യക്തിഗത വിവരങ്ങളുടെ ലംഘനങ്ങൾക്കും സാധ്യത ഏറെയാണ്. ഉപഭോക്തൃ ആശയവിനിമയങ്ങൾ, എഴുത്തിടപാടുകൾ പോലുള്ള ഓഫിസ് ജോലികൾ എന്നീ മേഖലകളിലെല്ലാം എ.ഐ സ്വാധീനിച്ചിരിക്കുന്നതിനാൽ തൊഴിൽ മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമാകും. പുസ്തക, ലേഖന, പ്രസാധക മേഖലയ്ക്കും ചാറ്റ്ജിപിടി തലവേദനകൾ സൃഷ്ടിച്ചിട്ടുണ്ട്.
പ്രസിദ്ധീകരണത്തിനു ലഭിക്കുന്ന പുസ്തകങ്ങൾ എ.ഐ എഴുതിയതാണോ എന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് കാരണം. ഉള്ളടക്കങ്ങൾക്ക് ഭാഷാപരമായ മികവ് കുറവായിരിക്കുമെങ്കിലും സമയ, സാമ്പത്തിക മെച്ചങ്ങൾ ഉള്ളതുകൊണ്ട് ഉപയോക്താക്കൾ ഉപയോഗിക്കാൻ താൽപര്യപ്പെടും. മാത്രമല്ല, എഴുതുന്ന വ്യക്തികൾക്ക് വിഷയങ്ങളിൽ നിപുണത വേണമെന്നുമില്ല. അറിയാവുന്ന സൂചനകൾ സോഫ്റ്റ്‌വെയറിലേക്ക് നൽകിയാൽ മതിയാകും.
ഇതൊക്കെയും ആശയ വിനിമയങ്ങളിൽ വലിയ മുന്നേറ്റം നടത്തി എന്നത് വസ്തുതയാണ്. വ്യക്തികളുടെ മനസിലുള്ള തത്സമയ വികാരത്തെ അല്ലെങ്കിൽ അമൂർത്തമായ ആശയത്തെ പുറത്തുകൊണ്ടുവരാൻ എ.െഎ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ ഉയർന്ന സർഗാത്മകത അനുകരിക്കാൻ അവയ്ക്ക് കഴിയില്ല. എ.ഐയുടെ സ്വാധീനം ഇനിയും വളരുമെന്നത് തീർച്ചയാണ്. അതിനാൽ ഈ സാങ്കേതികവിദ്യയുടെ സാമൂഹികവും ധാർമികവുമായ പ്രത്യാഘാതങ്ങൾ പരിഗണിക്കുകയും അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."