സ്‌കൂളുകളിൽ അഡ്മിഷൻ കിട്ടാനില്ല; പുതിയ നിയമം മൂലം വലഞ്ഞ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ
അബുദാബി: സ്‌കൂൾ അഡ്മിഷൻ സംബന്ധിച്ച വിഷയത്തിൽ നിയമം കർശനമാക്കിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിൽ. പലർക്കും കുട്ടികളെ സ്‌കൂളുകളിൽ ചേർക്കാനാകാത്തതാണ് ആശങ്കയ്ക്ക് കാരണമായത്. സ്കൂളിന്റെ ശേഷിയെക്കാൾ കൂടുതൽ വിദ്യാർഥികളെ ചേർക്കരുതെന്ന നിയമം അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) കർശനമാക്കിയിരുന്നു.
ഇന്ത്യൻ സിലബസ് സ്കൂളുകളിൽ ഏപ്രിൽ 10ന് പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് അഡ്മിഷൻ ലഭിക്കാതെ രക്ഷിതാക്കൾ വലയുന്നത്. സ്കൂളിന്റെ ശേഷിയെക്കാൾ കൂടുതൽ വിദ്യാർഥികളെ ചേർക്കരുത്. ശേഷിയെക്കാൾ കൂടുതൽ കുട്ടികളുള്ള സ്കൂളുകൾക്ക് നിശ്ചിത എണ്ണം കുറക്കണം എന്നിങ്ങനെയാണ് നിർദേശം നൽകിയത്. അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് കർശന നിർദേശം ലഭിച്ചത്.
ഉയർന്ന ഫീസ് നൽകി വിദേശ സിലബസ് സ്കൂളിൽ ചേർക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത രക്ഷിതാക്കളാണ് പ്രധാനമായും വലഞ്ഞത്. ജോലി മാറ്റം മൂലം വിവിധ സ്ഥലങ്ങളിലേക്കു താമസം മാറേണ്ടിവന്നവരും നാട്ടിൽനിന്ന് പുതുതായി കുടുംബത്തെ യുഎഇയിൽ എത്തിച്ചവരും അഡ്മിഷനു വേണ്ടി ബുദ്ധിമുട്ടുകയാണ്. ഇവർ അഡെക്കിന് പരാതി നൽകിയിട്ടുണ്ട്.
സ്‌കൂൾ തുറക്കാൻ രണ്ട് ആഴ്ച മാത്രം ശേഷിക്കെ അനിശ്ചിതത്വം തുടരുകയാണ്. അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഒരിടത്തും സീറ്റില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, സീറ്റിലെന്ന കാര്യം മറച്ചുവെച്ച് കുട്ടികളിൽ നിന്നെല്ലാം ചില സ്കൂളുകൾ 650 ദിർഹം വീതം അഡ്മിഷൻ ഫീസ് വാങ്ങുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."