'എന്നും ഞാന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല, പക്ഷേ ജനാധിപത്യ ചേരിയെ തിരിച്ചുകൊണ്ടുവന്നിട്ടേ ഇത് അവസാനിപ്പിക്കുകയുള്ളൂ': പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൂര്‍വ്വകാല തോല്‍വികളും വിജയങ്ങളും ചൂണ്ടിക്കാണിച്ചും അടുത്തൊരു വിജയത്തിനായി മുന്‍പന്തിയില്‍ തന്നെയുണ്ടാവുമെന്നും വ്യക്തമാക്കി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യ ചേരിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവന്നിട്ടേ ഇത് അവസാനിപ്പിക്കുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
''ജയിക്കുമ്പോള്‍ പൂച്ചെണ്ട്, തോല്‍ക്കുമ്പോള്‍ സന്ദര്‍ഭം മുതലാക്കി കുളം തോണ്ടല്‍, കല്ലേറ്.. ഇതൊക്കെ സ്വാഭാവികമാണ്. 2006 ലൊക്കെ ഞാന്‍ ഇത് നന്നായി അറിഞ്ഞതാണ്. അന്നാണ് ഞാന്‍ ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിച്ചത്. അന്നത്തെ കല്ലേറ് മുഴുവന്‍ കൊണ്ട്, അടുത്ത തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടു കൂടി മുന്നണി അധികാരത്തിലേറി''
''അന്നത്തെ പ്രതിസന്ധിയൊന്നും എനിക്കിപ്പോഴില്ല. അതുകൊണ്ട് ഈ കല്ലേറുകളും തോല്‍വിയിലുണ്ടായ പഴികളും ഞാന്‍ പൂച്ചെണ്ടുകളായി കാണുന്നു. എന്നും ഞാന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, ഞാന്‍ ഈ മാറ്റത്തെ പിന്തുണച്ച് ജനാധിപത്യ ചേരിയെ തിരിച്ചുകൊണ്ടുവന്നിട്ടേ ഇത് അവസാനിപ്പിക്കുകയുള്ളൂ''- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള ശൈലീ മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏത് പാര്‍ട്ടിയിലായാലും അതാത് കാലത്ത് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ തലമുറയുടെ ഒരു പങ്ക് ഉറപ്പുവരുത്തണം. തലമുറമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. സംഘടനാ തലത്തിലും ഇത്തരത്തിലുള്ള മാറ്റം നല്ലതാണ്. സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ വേണ്ടി ലീഗ് ഒരുങ്ങിയിരിക്കുകയാണ്. കാലത്തിനനുസരിച്ചുള്ള ഒരു ശൈലി മാറ്റം ആവശ്യമുണ്ട് എന്ന പുതുതലമുറയുടെ വികാരം ഉള്‍ക്കൊണ്ടുതന്നെ ജനാധിപത്യപരമായും സംഘടനാപരമായ രീതിയില്‍ ലീഗില്‍ പ്രവര്‍ത്തനശൈലിയിലും അതുപോലെതന്നെ നേതൃത്വത്തിലും വലിയ മാറ്റം വരാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വി.ഡി സതീശന് എല്ലാ പിന്തുണയും നല്‍കും. വളരെ നല്ല തീരുമാനമാണ്. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഏത് മതേതര പാര്‍ട്ടിയുടേയും ആവശ്യമാണ്. അതിനുവേണ്ടി ആ പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിയ്ക്കും ലീഗ് പിന്തുണ നല്‍കും. ഇടതുപക്ഷവും അങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റെല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിന് പിന്തുണ കൊടുത്തുകൊണ്ട് അവരും കൂടെയുണ്ട്. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."