മുറികളിൽ രഹസ്യമൊന്നും ഇല്ലെന്ന് ഹരജിക്കു മുമ്പേ താജ്മഹലിലെ മുറികളുടെ ചിത്രം പുറത്തുവിട്ട് പുരാവസ്തു വകുപ്പ്
ആഗ്ര
താജ്മഹലിലെ മുറികളിൽ ഹൈന്ദവ വിഗ്രഹങ്ങളുണ്ടെന്നും മുറി തുറക്കണമെന്നും ആവശ്യപ്പെട്ടുള്ള ബി.ജെ.പി നേതാവിന്റെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളുന്നതിനു മുമ്പേ മുറികളുടെ ചിത്രം പുറത്തുവിട്ട് കേന്ദ്ര പുരാവസ്തു വകുപ്പ്. മെയ് 12നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് രൂക്ഷ വിമർശനങ്ങളോടെ ഹരജി തള്ളിയത്. താജ് മഹലിലെ 22 വാതിലുകളും തുറന്ന് പരിശോധിക്കണമെന്നും ഇതിനു സമിതിയുണ്ടാക്കണമെന്നും പുരാവസ്തു വകുപ്പിന് സമിതി നിർദേശം നൽകണമെന്നുമായിരുന്നു ഹരജി. തേജോ മഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ് മഹലെന്നാണ് ഇവരുടെ വാദം.
അതേസമയം താജ് മഹലിന്റെ മുറികളിൽ രഹസ്യമൊന്നും ഇല്ലെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞു. ആ മുറികൾ താജ്മഹലിന്റെ രൂപഘടനയുടെ ഭാഗം മാത്രമാണ്. താജ്മഹലിന്റെ തറനിരയിലെ നാലു മുറികളുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെയ് അഞ്ചിനാണ് താജ് മഹലിലെ മുറികളുടെ ചിത്രം ന്യൂസ് ലെറ്ററിൽ പുരാവസ്തു വകുപ്പ് പ്രസിദ്ധീകരിച്ചത്. ഇത് മെയ് 9ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."