ഡിജിറ്റൽ കർഫ്യു ഭരണകൂടായുധമാകുമ്പോൾ
ദാമോദർ പ്രസാദ്
'നമുക്ക് സ്വതന്ത്രമായ പത്രമാധ്യമമില്ലെങ്കിൽ എന്തും സംഭവിക്കാം. സമഗ്രാധിപത്യഭരണകൂടങ്ങൾക്കും സ്വേച്ഛാധിപത്യവാഴ്ചകൾക്കും അധികാരത്തിൽ വിരാജിക്കണമെങ്കിൽ ജനങ്ങൾക്ക് വിവരങ്ങൾ നിഷേധിക്കപ്പെടണം. ഒരാൾക്ക് വിവരങ്ങൾ ലഭ്യമല്ലെങ്കിൽ എങ്ങനെയാണ് കൃത്യമായ അഭിപ്രായം സ്വരൂപിക്കാൻ കഴിയുക. നിങ്ങളോട് സ്ഥിരമായി എല്ലാവരും നുണപറയുകയാണെങ്കിൽ, ഇതിന്റെ അനന്തരഫലം നിങ്ങൾ നുണയിൽ വിശ്വസിച്ചുതുടങ്ങുന്നു എന്നല്ല, പകരം ഒന്നിലും വിശ്വസിക്കാനാകാത്ത സ്ഥിതി വരുമെന്നതാണ്. നുണകൾ നിരന്തരമായി മാറ്റേണ്ടിവരുകയും ചെയ്യുന്നു. അങ്ങനെ നുണ പറയുന്ന സർക്കാരിന് ചരിത്രം എപ്പോഴും പുനർരചിച്ചുകൊണ്ടിരിക്കേണ്ടി വരും. ഒന്നിലും വിശ്വസിക്കാനാകാത്ത അവസ്ഥ നിങ്ങളുടെ മനസ്സിരുത്തി തീരുമാനമെടുക്കാനുള്ള ശേഷിയെ ദുർബലമാക്കും. ചിന്തിക്കാനും നിയതമായൊരു തിരുമാനത്തിലേക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന ഒരു ജനതയെ എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാം'. ലോകപ്രശസ്ത രാഷ്ട്രീയ തത്വചിന്തക ഹന്നാ ആരെന്റ് 1973ൽ റോജർ ഏറേറയ്ക്ക് നൽകിയ ഏറ്റവും അവസാനത്തെ അഭിമുഖത്തിൽ സ്വേച്ഛാധിപത്യ വ്യവസ്ഥയിലെ സെൻസർഷിപ്പിനെ മുൻനിർത്തി നടത്തിയ നിരീക്ഷണമാണിത്.
പത്രമാധ്യമങ്ങളുടെ സ്ഥാനത്ത് ഇന്നുള്ളത് ഇന്റർനെറ്റ് സംവേദനമാണ്. ജനങ്ങൾ പരസ്പര സംവേദനത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത് ഇന്റർനെറ്റാണ്. ഇന്റർനെറ്റ് നിയന്ത്രിക്കുക വഴി ജനതയുടെ സ്വതന്ത്ര വിനിമയത്തെ വിലക്കാൻ സർക്കാരിന് ഒരുപരിധിവരെയെങ്കിലും സാധിക്കുന്നു. ഇതിനായി ഭരണകൂടങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്റർനെറ്റ് അടച്ചുപൂട്ടുക (Internet Shutdown) എന്ന മാർഗമാണ്. അക്‌സസ് നൗ, കീപ്പ് ഇറ്റ് ഓൺ എന്ന സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 2021ൽ 34 രാജ്യങ്ങൾ 182 തവണ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തു എന്നതാണ്. തൊട്ടുമുമ്പത്തെ വർഷം 29 രാജ്യങ്ങൾ 159 തവണ മാത്രമാണ് ഇന്റർനെറ്റ് വിനിമയം അടച്ചുപൂട്ടിയിരുന്നത്. ഇത് കാണിക്കുന്നത് ഇന്റർനെറ്റ് നിരോധനത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഈ മാർഗം തന്നെയാണ് ഭരണകൂടങ്ങൾ തുടർന്നും അവലംബിക്കുന്നത് എന്നാണ്. ഇതിൽനിന്ന് പ്രാഥമികമായി അനുമാനിക്കാനാവുന്നത് നവമാധ്യമ സംവേദനങ്ങൾ ഭരണകൂടം ഭയപ്പെടുന്നുവെന്നതാണ്.
ഇന്ത്യയിൽ 2021ൽ 106 തവണയാണ് ഇന്റർനെറ്റ് അടച്ചുപൂട്ടിയത്. ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ കൂട്ടത്തിൽ നാലാം സ്ഥാനത്താണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നു നമ്മൾ അവകാശപ്പെടുന്ന ഇന്ത്യ. ഇന്റർനെറ്റ് നിയന്ത്രണത്തെ സംബന്ധിച്ചുള്ള അഞ്ചുവർഷത്തെ ഡോക്യുമെന്റേഷനിൽ നിന്ന് വ്യക്തമാവുന്നത് ഇന്റർനെറ്റ് വിനിമയം പ്രധാനമായും തടസ്സപ്പെടുത്തുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നാണ്. തെരഞ്ഞെടുപ്പുകൾ, സർക്കാർ വിരുദ്ധ പ്രക്ഷോഭം, യുദ്ധക്കുറ്റകൃത്യങ്ങളുടെ സമയത്തും വംശഹത്യയായി മാറുന്ന അതിക്രമങ്ങളുടെ സന്ദർഭങ്ങളിലും ഇന്റർനെറ്റ് വിനിമയങ്ങളിൽ നിയന്ത്രണം നടപ്പാക്കുന്നു. ജനങ്ങൾക്ക് പരസ്പരസംവേദനം നടത്താൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നു എന്നു മാത്രമല്ല ജനങ്ങൾ നേരിടുന്ന ദൈനംദിന പ്രശ്നങ്ങളും അക്രമങ്ങളും ലോകത്തെ അറിയിക്കാനും പറ്റാത്ത അവസ്ഥ ഇത് സൃഷ്ടിക്കുന്നു.
ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി വഷളായതോടെ ജനങ്ങൾ തെരുവുകളിലേക്ക് പ്രക്ഷോഭമായി പടർന്നപ്പോൾ ഭരണകൂടം ആദ്യം സ്വീകരിച്ച നടപടികളിലൊന്ന് ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്യുക എന്നാണ്. പതിനഞ്ചു മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തതിനുശേഷം സാമൂഹ്യമാധ്യമങ്ങളുടെ നിയന്ത്രണത്തിലേക്ക് ഇത് ചുരുക്കി. ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സംവേദനത്തിന് ശക്തമായ നിയന്ത്രണം തുടരുകയാണ്. ജനങ്ങളെ ഭയക്കുന്നു എന്ന കാരണം തന്നെയാണ് ഇവ നിയന്ത്രിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന സർക്കാർ എന്തിനാണ് സ്വതന്ത്ര വിനിമയങ്ങളെ ഭയക്കുന്നത് എന്ന് ചോദിക്കാം. രാഷ്ട്രീയപ്പാർട്ടികളുടെ സോഷ്യൽ എൻജിനീയറിങ് സൂത്രവിദ്യകൾ തെരഞ്ഞെടുപ്പിന്റെ പരിമിത കാലത്തേക്ക് മാത്രമേ പ്രയോഗക്ഷമമാകുന്നുള്ളൂ. ജനത ഒന്നാകെ പ്രക്ഷോഭസജ്ജമായ ഘട്ടത്തിൽ സർക്കാർ അതിന്റെ ജനാധിപത്യനാട്യം ഉപേക്ഷിക്കുകയും ജനങ്ങളെ ഭയപ്പെടാനും തുടങ്ങുന്നു. ഇതിന്റെ ഫലമായി അധിനിവേശ ഭരണകൂടങ്ങളെ പോലെ ജനങ്ങളുടെ സ്വതന്ത്ര സംവേദനത്തിനു വിലക്കുകൾ ഏർപ്പെടുത്തുന്നു. മാധ്യമസ്വാന്ത്ര്യത്തിന്റെ ഇൻഡക്‌സിൽ രാജ്യം താഴെപോകുന്നതും ഇന്റർനെറ്റ് സംവേദനം തടസപ്പെടുത്തുന്ന രാജ്യങ്ങളുടെ റാങ്കിങ്ങിൽ മേലെ പോകുന്നുവെന്നതിന്റെ അർഥം സർക്കാർ ഭീരുത്വ ഇൻഡക്‌സിൽ വളരെ ഉയർന്ന സ്ഥാനത്തേക്ക് കുതിക്കുന്നുവെന്നു കൂടിയാണ്.
ജോധ്പൂരിൽ സമീപദിവസങ്ങളിൽ വർഗീയ സംഘർഷത്തെ തുടർന്നു കർഫ്യു ഏർപ്പെടുത്തിയ വേളയിൽ തന്നെ ഇന്റർനെറ്റ് സംവേദനത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും നീണ്ട ഇന്റർനെറ്റ് അടച്ചുപൂട്ടൽ കശ്മിരിലാണ് നടപ്പാക്കിയത്. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്നാണിത്. 158 ദിവസത്തോളം ഇന്റർനെറ്റ് ഷട്ട്ഡൗൺ പ്രഖ്യാപിച്ചു.കശ്മിർ ടൈംസിന്റെ എഡിറ്റർ അനുരാധ ബാസിനും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും നൽകിയ ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എൻ.വി രമണ, ആർ. സുബാഷ് റെഡ്ഢി, ബി.ആർ ഗവായ് എന്നിവർ അടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഇന്റർനെറ്റ് ലഭ്യത മൗലികാവകാശമാണെന്ന് വിധിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ആഴ്ചയിൽ മുഖ്യമന്ത്രിമാരുടെ യോഗത്തിൽവച്ച് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ സുപ്രിംകോടതി ഉത്തരവുകൾ സർക്കാർ കൃത്യം നടപ്പാക്കാത്തതിനെക്കുറിച്ചു വിമർശനം ഉന്നയിച്ചിരുന്നു. ഇന്റർനെറ്റ് അടച്ചുപൂട്ടൽ ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്.
ഇന്റർനെറ്റ് വിനിമയത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഭാഗം ഉന്നയിക്കുന്ന പതിവ് വാദം വികാരങ്ങളെ ആളിക്കത്തിക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും ഇന്റർനെറ്റ്, പ്രത്യേകിച്ചും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്നാണ്. എന്നാൽ ഇതൊക്കെ യാഥാർഥ്യമായിരിക്കെ തന്നെ നിലവിലുള്ള നിയമങ്ങൾ ദുരുപയോഗങ്ങൾ നിയന്ത്രിക്കാൻ പര്യാപ്തമാണ്. സംഘർഷത്തെ തുടർന്ന് ഐ.പി.സി 144 നടപ്പാക്കുന്ന അതേ സമീപനമാണ് ഇന്റർനെറ്റ് നിരോധനത്തിന്റെ കാര്യത്തിലും കാണുന്നത്. ഡിജിറ്റൽ കർഫ്യു എന്നതായിരിക്കുന്ന കൂടുതൽ ഉചിതമായ പ്രയോഗം.
ഡിജിറ്റൽ കർഫ്യു ഇന്റർനെറ്റ് സംവേദനത്തിനെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ബാങ്കിങ് മേഖല മുഴുവനായും സ്തംഭനാവസ്ഥയിലാകും. എ.ടി.എം പ്രവർത്തനരഹിതമാകും. നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഡിജിറ്റൽ ഇന്ത്യ എന്നുള്ളത്. മഹാമാരി വ്യാപനത്തെ ചെറുക്കാൻ നടപ്പാക്കിയ ലോക്ക്ഡൗൺ തന്ത്രം ജീവിതത്തിന്റെ പല മേഖലകളെയും ഡിജിറ്റലിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഇന്റർനെറ്റ് സേവനം അടച്ചിടൽ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ തന്നെ സമ്പൂർണമായും സ്തംഭിപ്പിക്കുക എന്നതായി മാറുന്നു. സമ്പൂർണമായും ഡിജിറ്റൽവൽക്കരിക്കാത്ത ഘട്ടത്തിൽ അത്യാവശ്യം കാര്യങ്ങൾ നടന്നുപോകാനുള്ള ഭൗതിക പരിസര സൗകര്യം ലഭ്യമായിരുന്നു. ഇത് മുഴുവനായും മാറ്റിയാണ് ഡിജിറ്റൽവൽക്കരണം എല്ലാ മേഖലയിലും പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വികേന്ദ്രീകരണം എന്നതിനേക്കാൾ കേന്ദ്രീകരണ പ്രക്രിയയാണ് നടക്കുന്നത്. ഈ നിലയിൽ ഇന്റർനെറ്റ് അടച്ചുപൂട്ടൽ കേന്ദ്രീകൃതമായ രീതിയിൽ തന്നെ എല്ലാ പ്രവർത്തനങ്ങളെയും ഒരേസമയം സ്തംഭിപ്പിക്കുന്നു.
ഇതിൽനിന്ന് വ്യക്തമാകുന്ന മറ്റൊരു പ്രധാനകാര്യം ഡിജിറ്റൽവൽക്കരണത്തിന്റെ കേന്ദ്രീകൃത സ്വഭാവമാണ്. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ പോലും സർവേലൻസിന് വിധേയമാകുന്ന വിധത്തിലാണ് ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുള്ളത്. ഇത് സമഗ്രാധികാരത്തിന് ഏറ്റവും പ്രയോജനകരമായ ആന്തരസൗകര്യം സൃഷ്ടിക്കുന്നു. ഇന്റർനെറ്റ് മേഖല എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാമെന്നുള്ളത് ഇതിന്റെ ആന്തരികഘടന പൂർണമായും ഭരണകൂട നിയന്ത്രണത്തിലാകുന്നതുകൊണ്ടാണല്ലോ. ഡിജിറ്റലിനു മുമ്പുള്ള സാങ്കേതികവിദ്യയുടെമേൽ ഈയൊരു നിയന്ത്രണം ഭരണകൂടങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഇത് ഡിജിറ്റൽ സമഗ്രാധിപത്യത്തിലേക്ക് വഴിതുറക്കുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെമേലുള്ള ഭരണകൂട, കോർപറേറ്റ് നിയന്ത്രണം അവസാനിപ്പിക്കുന്നതോടെ മാത്രമേ ഇന്റർനെറ്റ് കൂടുതൽ വികേന്ദ്രിതവും ജനാധിപത്യപരവുമായ സാധ്യതകളിലേക്ക് വികസ്വരമാവുകയുള്ളൂ. ഇന്റർനെറ്റ് സംവേദനം നിഷേധിക്കപ്പെടുന്നതോടെ സ്വതന്ത്രമായ വിവരങ്ങൾ ലഭ്യമല്ലാതെ പോകുന്നു. വിവരങ്ങൾ ഔദ്യോഗികമോ ഭരണകൂട സ്രോതസ്സുകളിൽ നിന്ന് മാത്രമോ ലഭ്യമാവുന്ന സാഹചര്യം ജനതയുടെ വിവര വിവേചന ശേഷിയെ ബാധിക്കുന്നു. സമഗ്രാധികാരങ്ങൾ ഇച്ഛിക്കുന്ന രാഷ്ട്രീയ സാഹചര്യമാണിത്.
ശക്തമായ ചെറുത്തുനിൽപ്പുകളിലൂടെ മാത്രമേ ഇതിനെ മറികടക്കാനാവുകയുള്ളൂ. എങ്കിലും ചില നിയമ നിർമാണങ്ങളിലൂടെ ഒരു പരിധിവരെയെങ്കിലും കേന്ദ്രീകരണത്തെ പ്രതിരോധിച്ചുനിർത്താനാകും. ഇന്റർനെറ്റ് മൗലികാവകാശമാണെന്നുള്ള സുപ്രിംകോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള നിയമനിർമാണമാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന ഒരു കാര്യം. ഇന്റർനെറ്റ് സാങ്കേതികവിദ്യയെ വിഭവപൊതുമയായി (resource commons) തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റിന്റെ ഉപയോഗം അടിസ്ഥാനാവശ്യമായി ഗണിക്കപ്പെടേണ്ടതുണ്ട്. അനിയന്ത്രിതമായ ഡാറ്റ സൗജന്യനിരക്കുകളിൽ ലഭ്യമാക്കാനുള്ള നടപടികളും ഇതിന്റെ ഭാഗമായി നിലവിൽ വരേണ്ടതാണ്. സ്വകാര്യത മൗലികാവകാശമാണെന്നുള്ള ഉത്തരവിന്റെ വിപുലീകരണം എന്ന നിലയിൽ ഭരണകൂടത്തിന്റെയും കോർപറേറ്റുകളുടെയും സൂക്ഷ്മപരിശോധനകൾ നിയമപരമായി തടയുകയും കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നവിധമുള്ള നിയമത്തെ രൂപകൽപന ചെയ്യണം. ഭീതിദമായ രീതിയിൽ വളരുന്ന ഡിജിറ്റൽ സമഗ്രാധികാരത്തെ ചെറുക്കാനുള്ള ജനാധിപത്യപരമായ പ്രചാരണപരിപാടികൾ ഇതിനായി ആരംഭിക്കേണ്ടതാണ്. നിയമനിർമാണം സാധ്യമാണ്, കാരണം വിവരാവകാശത്തിനുള്ള നിരന്തര കാംപയ്‌നാണ് സർക്കാരിനെ ആർ.ടി.ഐ നിയമത്തിലേക്ക് നയിച്ചതെന്ന് മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."