ഉയരെ...ഉയരെ... സ്വപ്‌നങ്ങള്‍ക്കുമീതെ ഉയര്‍ന്നുപറന്ന് ജെനി ജെറോം
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന പദവി ഇനി ജെനി ജെറോമിന് സ്വന്തം. ഇന്നലെ രാത്രി ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ അറേബ്യ വിമാനത്തിന്റെ സഹപൈലറ്റായിരുന്നു തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനിയായ ഈ 25കാരി.
ആദ്യത്തെ വിമാനം പറത്തല്‍ തന്നെ ജന്മനാട്ടിലേക്കാണെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.
കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസ് -ഷേര്‍ലി ദമ്പതികളുടെ മകളാണ് ജെനി.
രണ്ടുവര്‍ഷം മുന്‍പ് പരിശീലനത്തിനിടെ ഒരപകടമുണ്ടായെങ്കിലും ജെനിക്കോ അവളുടെ സ്വപ്നത്തിനോ ഒന്നും സംഭവിച്ചില്ല.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജെനിക്ക് പൈലറ്റാവണമെന്ന മോഹം ഉദിച്ചത്. മനസില്‍ കൊണ്ടുനടന്ന ആഗ്രഹം പ്ലസ്ടു കഴിഞ്ഞപ്പോള്‍ അവള്‍ തുറന്നുപറഞ്ഞു.
'നീ പെണ്‍കുട്ടിയല്ലേ, പൈലറ്റാകാനോ...' തുടങ്ങിയ പതിവ് ചോദ്യങ്ങളൊന്നും അവളെ തളര്‍ത്തിയില്ല. ആ നിശ്ചയദാര്‍ഢ്യം ജെനിയെ ഇന്ന് കോക്ക്പിറ്റില്‍ എത്തിച്ചു.
മൂന്നുമാസം മുന്‍പാണ് ജെനിക്ക് പൈലറ്റ് ലൈസന്‍സ് ലഭിച്ചത്.
ജെനിയെ അഭിനന്ദിച്ച് നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ജിബി ജെറോമാണ് സഹോദരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."