കൊവിഡ് ടൂള്‍കിറ്റ് വിവാദം: ബി.ജെ.പി വക്താവ് സംപിത് പത്രയ്ക്ക് സമന്‍സ്
റായ്പൂര്‍: കൊവിഡ് ടൂള്‍ക്കിറ്റ് വിവാദത്തില്‍ ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയ്ക്കെതിരെ സമന്‍സ് അയച്ച് ഛത്തിസ്ഗഡ് പൊലിസ്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റായ്പൂര്‍ സിവില്‍ ലൈന്‍ പൊലിസ് സ്റ്റേഷനില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ടൂള്‍ക്കിറ്റ് വിവാദത്തില്‍ സംപിത് പത്രയ്ക്കും മുന്‍ ഛത്തീസ്ഗഡ് മന്ത്രി രമണ്‍ സിംഗിനുമെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ നല്കിയ പരാതിയിലാണ് പൊലിസ് സമന്‍സ് അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ വ്യാജ ലെറ്റര്‍ഹെഡില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന്റെ തോല്‍വി മറച്ചുവെച്ച് അതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നുവെന്നായിരുന്നു സംപിത് പത്രയുടെ ആരോപണം. ടൂള്‍കിറ്റ് തയാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്നും സംപിത് പത്ര ആരോപിച്ചിരുന്നു
സംഭവം വിവാദമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. കൃത്രിമമെന്ന് ട്വിറ്റല്‍ രേഖപ്പെടുത്തുകയും ചെയ്തു.
വ്യാജമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ കൃത്രിമം എന്ന ലേബല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."