എന്റെ കേരളം പ്രദര്‍ശനം സമാപന സമ്മേളനത്തില്‍നിന്ന് സി.പി.ഐ വിട്ടുനിന്നു
പത്തനംതിട്ട
പത്തനംതിട്ടയില്‍ നടന്ന എന്റെ കേരളം പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനത്തില്‍നിന്ന് സി.പി.ഐ വിട്ടുനിന്നു. ഡെപ്യൂട്ടി സ്പീക്കറും മന്ത്രി വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് പിന്തുണ നൽകിയാണ് സി.പി.ഐ യോഗം ബഹിഷ്കരിച്ചത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
എന്റെ കേരളം പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ തന്നെ മന്ത്രി ക്ഷണിച്ചില്ലെന്ന പരാതി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പരസ്യമായി ഉന്നയിച്ചതോടെയാണ് ആരോഗ്യ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള തര്‍ക്കം പുറത്തുവന്നത്. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കറും മന്ത്രി വീണാ ജോര്‍ജും പരസ്പരം എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു.
തുടർന്ന് നിലവിലെ സംഭവവികാസങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ മുൻകൂട്ടി നിശ്ചയിച്ച സമാപന യോഗത്തിന്റെ സമയം എൽ.ഡി.എഫ് പ്രവത്തകരുമായി ആലോചിക്കാതെ മന്ത്രി ഇടപെട്ട് മാറ്റിയെന്നും ഭരണകാര്യത്തിൽ മന്ത്രിയുടെ ഭർത്താവിന്റെ ഇടപെടൽ ശക്തമാണെന്നുമുള്ള ഗുരുതര വിമർശനം ഉയർന്നതായും പറയുന്നു. ഇതിനിടെ വീണാ ജോർജിനെ പിന്തുണച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി നടത്തിയ പരാമര്‍ശം സി.പി.ഐയെ കൂടുതൽ ചൊടിപ്പിച്ചു. ഇതോടെ വിഷയം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കമായി മാറി. സഹകരണ സംഘം തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പത്തനംതിട്ടയില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."