രാജേഷും കുടുംബവും പാണക്കാട്ടെത്തി, തലചായ്ക്കാൻ ഇടമൊരുക്കിയ തങ്ങളെത്തേടി
മലപ്പുറം
ഒരു ഫോൺവിളിയിൽ പറഞ്ഞ ആ സങ്കടക്കഥയിലാണ് ഇന്ന് തല ചായ്ക്കാൻ ആലപ്പുഴയിലെ രാജേഷിനും കുടുംബത്തിനും ഒരു വീടുണ്ടായത്. പ്രളയത്തിൽ സർവതും കൈവിട്ടു പോയപ്പോൾ പ്രതീക്ഷയോടെ രാജേഷ് വിളിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയായിരുന്നു. ഒടുവിൽ വീട് നിർമാണം പൂർത്തിയാക്കി രാജേഷും കുടുംബവും താമസം മാറിയെങ്കിലും ഇന്നലെയാണ് ആ ശബ്ദത്തിന് ഉടമയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാൻ കുടുംബം എത്തിയത്.
കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ പോഞാൻതറച്ചിറ പ്രദേശത്താണ് ബാർബർ തൊഴിലാളിയായ രാജേഷും കുടുംബവും താമസിക്കുന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും എട്ടും അഞ്ചുംവയസായ രണ്ടുപെൺമക്കളും അടങ്ങിയ കുടുംബം കമ്പുകൊണ്ടും ഷീറ്റുകൊണ്ടും മറച്ച ഷെഡിലായിരുന്നു താമസം.
പ്രളയത്തിൽ ആകെയുണ്ടായിരുന്ന ഷെഡും ഒലിച്ചുപോയി. ലൈഫ് പദ്ധതിയിൽ പണം ലഭിച്ചെങ്കിലും പണി പൂർത്തിയാക്കാനായില്ല. കൈനികരി ബോട്ട് ജെട്ടിയിൽ നിന്നും ഒരു മണിക്കൂറിലേറെ വള്ളത്തിൽ യാത്രചെയ്താൽ മാത്രമാണ് ഇവരുടെ വീട്ടിലെത്താനാവുക. നിർമാണ സാമഗ്രികളെല്ലാം വീട്ടിലെത്തിക്കുമ്പോഴേക്കും ഇരട്ടി ചെലവ് വരും. ഇതോടെ ലൈഫ് പദ്ധതിയും നിലച്ചു.
ഇതിനിടയിലാണ് സുഹൃത്ത് പാണക്കാട് സാദിഖലി തങ്ങളുടെ നമ്പർ നൽകിയത്. ജനലും വാതിലും വച്ചുനൽകിയാൽ തൽക്കാലത്തേക്ക് പുതിയ വീട്ടിലേക്ക് മാറിതാമസിക്കാമെന്ന ആഗ്രഹം മാത്രമാണ് പറഞ്ഞതെങ്കിലും വീട് നിർമാണം മുഴുവൻ ഏറ്റെടുക്കാമെന്നായിരുന്നു തങ്ങൾ അറിയിച്ചത്. തുടർന്ന് പൂർത്തിയാക്കിയ വീട്ടിലേക്ക് ഫെബ്രുവരി 14ന് കുടുംബം താമസം മാറ്റി.
താക്കോൽ കൈമാറാൻ സാദിഖലി തങ്ങൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തിരക്ക് കാരണം തങ്ങൾക്ക് എത്താനായില്ല.ഇതോടെയാണ് നേരിട്ട് കാണാനായി രാജേഷും കുടുംബവും ആലപ്പുഴയിൽ നിന്ന് മലപ്പുറത്തെത്തിയത്. കൊണ്ടുവന്ന മധുര പലഹാരങ്ങൾ രാജേഷിൻ്റെ മക്കളായ ദയയും ദിയയും സാദിഖലി തങ്ങളെ ഏൽപ്പിച്ചു. സാദിഖലി തങ്ങളുടെയും മുനവ്വറലി തങ്ങളുടെയും വീടുകളിലുമെത്തിയാണ് കുടുബം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."