കൂളിമാട് പാലം; പ്രവൃത്തികൾ നടത്തിയത് യെല്ലോ അലർട്ടിനിടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരുണ്ടായില്ലെന്നും ആക്ഷേപം
സ്വന്തം ലേഖകൻ
എടവണ്ണപ്പാറ(മലപ്പുറം)
കുളിമാട് പാലത്തിന്റെ ബീമുകൾ സ്ഥാപിക്കുന്ന സുപ്രധാന പ്രവൃത്തികൾ നടത്തിയത് മലപ്പുറം,കോഴിക്കോട് ജില്ലകളിൽ മഴയെത്തുടർന്ന് ജാഗ്രതാ നിർദേശമായ യെല്ലോ അലർട്ട് പ്രഖ്യാപിച്ച വേളയിൽ. മതിയായ ഉദ്യോഗസ്ഥരും ആവശ്യമായ മുൻകരുതലുമില്ലാതെ ഇത് ചെയ്തതാണ് പാലത്തിന്റെ തകർച്ചക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
പാലത്തിന്റെ ബീമുകൾ ഉയർത്തേണ്ട ജാക്കി സംവിധാനം ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് തകരാറില്ലെന്ന് ഉറപ്പ് വരുത്തണം.എന്നാൽ ഇത്തരത്തിൽ പരിശോധന നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബീമുകൾ ക്രമീകരിക്കുന്ന പ്രവൃത്തികൾ പാലത്തിന്റെ പ്രധാനമായ ജോലികളിലൊന്നാണ്. ഈ സമയത്ത് തൊഴിലാളികളല്ലാതെ മതിയായ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. പാലത്തിനു മുകളിലെ കേടുപാടു സംഭവിച്ച രണ്ടു ബീമുകളും പുഴയിൽ വീണ ഒരു ബീമുമടക്കം മൂന്ന് എണ്ണം സ്വന്തം ചെലവിൽ മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കരാർ ഏറ്റെടുത്ത ഉൗരാളുങ്കൽ സൊസൈറ്റി. 105 ടണ്ണിലധികം ഭാരം വരുന്ന ഓരോ ബീമും മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് 400 ടണ്ണിലധികം ശേഷി വഹിക്കാവുന്ന കൂറ്റൻ ക്രെയിൻ ബംഗളൂരുവിൽ നിന്ന് എത്തിക്കണം. 35 മീറ്റർ നീളമാണ് ബീമുകൾക്കുള്ളത്.നിലവിലെ പ്രവൃത്തി തുടരുന്നതിനൊപ്പം തകർന്ന ബീമുകളുടെ പുനർനിർമാണവും ഒന്നിച്ച് നടത്താനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."