ബന്ധനങ്ങളാകാത്ത ബന്ധങ്ങൾ
സാമൂഹിക ജീവിയായ മനുഷ്യന് ബന്ധങ്ങൾ സ്ഥാപിക്കാതെ ജീവിക്കുക സാധ്യമല്ല. ഒരാളുടെ വ്യക്തിത്വത്തിൽ അയാളുടെ സുഹൃത്തിനു വലിയ പങ്കുണ്ട്. അധികമാളുകളും ഏറ്റവും ആസ്വദിക്കുന്നത് സൗഹൃദമെന്ന ബന്ധത്തിൽ കിട്ടുന്ന സമയമാണെന്ന് കാണാം. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും മറ്റു മഹാന്മാരുടെയും ജീവിതത്തിൽ അതിന് മാതൃകകളുണ്ട്.
അബൂബക്കർ (റ) ആയിരുന്നു പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ഏറ്റവും അടുത്ത സുഹൃത്ത്. പ്രവാചകന്റെ മരണംവരെ താങ്ങായിനിന്നത് അബൂബക്കർ സിദ്ദീഖ് (റ ) ആയിരുന്നു. നബി തിരുമേനിയുമായുള്ള സിദ്ദീഖ് (റ)വിൻ്റെ സുഹൃദ്ബന്ധം വ്യക്തമാക്കി ഒരിക്കൽ ഉമർ (റ) പറഞ്ഞതിങ്ങനെ: 'ഹിജ്‌റയുടെ രാത്രിയിൽ റസൂൽ (സ) അനുഭവിച്ച സകല പ്രയാസങ്ങളെയും സ്വയം ഏറ്റെടുത്തുകൊണ്ട് റസൂലിന്റെ കൂടെ ഒന്നായിക്കൊണ്ട് അബൂബക്കർ സിദ്ദീഖ് (റ) ചെയ്ത ത്യാഗം പോലെ ഉമറിന്റെ ജീവിതത്തിലെ ഒരു ത്യാഗവും സമമാവുകയില്ല'.
ഇബ്‌നു അബ്ബാസിൽനിന്ന് നിവേദനം: നബി (സ)യോട് ചോദിച്ചു: 'ഞങ്ങളുടെ സുഹൃത്തുക്കളിൽ ഉത്തമനാരാണ്?' നബി (സ) പറഞ്ഞു: 'ഒരാളെ കാണുന്നത് നിങ്ങളിൽ ദൈവസ്മരണയുണ്ടാക്കുന്നു, അയാളുടെ സംസാരം നിങ്ങൾക്ക് അറിവ് നൽകുന്നു, അയാളുടെ പ്രവൃത്തി നിങ്ങളിൽ പരലോക ചിന്തയുണ്ടാക്കുന്നു; എങ്കിൽ അവനാണ് ഉത്തമ സുഹൃത്ത്' (ഇമാം ബുഖാരി). നബി (സ)പറഞ്ഞു. 'ഒരാൾ തന്റെ സ്‌നേഹിതൻ്റെ മതത്തിലായിരിക്കും. അതിനാൽ നിങ്ങളിലോരോരുത്തരും താൻ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചുനോക്കട്ടെ' (അബൂദാവൂദ്, തിർമിദി).
അനിൽ മർഇ ലാ തസ്അൽ വസൽ അൻ ഖരീനഹു, ഫ ഖുല്ലു ഖരീനിൻ ബിൽ മുഖാരിനി യഖ്തദീ... ( ഒരു വ്യക്തിയെ കുറിച്ചറിയാൻ ആ വ്യക്തിയുടെ കൂട്ടുകാരനെ കുറിച്ച് ചോദിക്കുക) എന്നത് ഒരു അറബി പദ്യശകലമാണ്. Tell me who your friend is, I'll tell you what your character is (നിന്റെ സുഹൃത്ത് ആരെന്ന് എന്നോടു പറയുക, (ഉടനെ) നിന്റെ സ്വഭാവം എന്താണെന്ന് ഞാൻ പറയാം) എന്നത് ഒരു ചൈനീസ് വചനമായി ചിലർ പറഞ്ഞത് കാണാം. മഹദ് വചനങ്ങളങ്ങനെ മഹാന്മാരെ പരാമർശിക്കാതെ ഉദ്ധരിക്കുമ്പോൾ പിന്നെ ഉദ്ധരിച്ചവന്റെ അക്കൗണ്ടിലാകാറുണ്ട്. അതല്ല ഇവിടെ കാര്യം. ഒരു മനുഷ്യന്റെ ഉത്തമസ്വഭാവത്തെ നിർണയിക്കുന്ന ഘടകമായി അവന്റെ സുഹൃത്ത് മാറുന്നുണ്ട് എന്നതാണ്. ബന്ധങ്ങൾ എത്രത്തോളം സുദൃഢമാകുന്നുവോ അത്രമേൽ അതു സ്വഭാവത്തെയും സ്വാധീനിക്കുമെന്നാണ് കണ്ടെത്തൽ. ഉത്തമ സുഹൃത്തിന്റെ അടയാളങ്ങൾ എങ്ങനെയാകണമെന്ന് പ്രവാചക വചനത്തിൽ വളരെ സ്പഷ്ടമാണ്.
ഉത്തമ സുഹൃത്തിൻ്റെ അടയാളമായി നബി (സ) പറഞ്ഞ കാര്യങ്ങൾ നോക്കൂ. 1) അയാളെ കാണുന്നത് നിങ്ങളിൽ ദൈവസ്മരണയുണ്ടാക്കുന്നു. ആ വ്യക്തിയോടുള്ള ബന്ധം മനുഷ്യൻ്റെ വിജയത്തിലേക്ക് ആയിരിക്കുമല്ലോ നയിക്കുക. ദൈവസ്മരണയിൽനിന്ന് അകറ്റുകയും നിരീശ്വരത്വം വളർത്തുകയും ചെയ്യുന്ന കൂട്ടുകെട്ടുകളെ സൂക്ഷിക്കണം.
അത്തരം ബന്ധങ്ങളും വായനകളും തിന്മയിലേക്ക് നയിക്കുന്നതെല്ലാം വർജിക്കാനുള്ള പാകത നാം കൈവരിക്കണം. 2) അയാളുടെ സംസാരം നിങ്ങൾക്ക് അറിവ് നൽകുന്നതാകണം എന്നതാണ്. വിവരക്കേട് വിളമ്പുന്നവനോടൊപ്പം സഹവസിച്ചാൽ ഉണ്ടാകുന്ന ലാഭം പറയേണ്ടതില്ലല്ലോ. വൈജ്ഞാനിക ചർച്ചകൾ സദാസമയവും ഉണ്ടാകണമെന്ന് ഇതിനർഥമില്ലെങ്കിലും അജ്ഞതയിലേക്ക് നയിക്കുന്നതാകരുത് ബന്ധങ്ങളെന്ന് ഉറപ്പുവരുത്തണം. 3) അയാളുടെ പ്രവൃത്തി നിങ്ങളിൽ പരലോക ചിന്തയുണ്ടാക്കുന്നതാകണം എന്നതാണ്. ഇഹലോകത്തേക്ക് മാത്രമുള്ള ബന്ധമായി സൗഹൃദം മാറരുതെന്ന് ഇതിലൂടെ മനസിലാക്കാം.
ആത്മീയോന്നതിക്ക് സഹായകരമാകുന്ന തരത്തിൽ സൗഹൃദം മാറണമെങ്കിൽ ആ ബന്ധം പരലോക ചിന്തയിലേക്ക് മനുഷ്യനെ നയിക്കുന്നതാകണം. സത്യസന്ധമായ സൗഹൃദങ്ങളും ആത്മീയചിന്തകളുമാണ് ബന്ധങ്ങളുടെ അടിസ്ഥാനമാകേണ്ടതെന്നാണ് ഹദീസ് നമ്മെ ദ്യോതിപ്പിക്കുന്നത്. സൗഹൃദം നല്ലതല്ലെങ്കിൽ പാരത്രിക ലോകത്ത് മനുഷ്യൻ വിലപിക്കേണ്ടി വരുമെന്നു ഖുർആൻ പറയുന്നുണ്ട്. 'സുഹൃത്തുക്കൾ ആ ദിവസം പരസ്പരം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ' (സുഖ്‌റുഫ് 67). തഖ് വയുടെ അടിസ്ഥാനത്തിലല്ലാതെ സൗഹൃദം പരിഗണനീയമല്ലെന്ന് സാരം.അല്ലാഹുവിൻ്റെ പേരിലുള്ള ആത്മാർഥ ബന്ധങ്ങൾക്കും സ്‌നേഹാദരവുകൾക്കും പാരത്രികജീവിതത്തിൽ പ്രത്യേക പരിഗണനയും പ്രതിഫലവുമുണ്ടെന്ന് നബി (സ) അറിയിച്ചിട്ടുണ്ട്.
പ്രവാചകൻ പറയുന്നു. 'ഉയർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു പറയും: എൻ്റെ പേരിൽ പരസ്പരം സ്‌നേഹബന്ധം പുലർത്തിയിരുന്നവരെവിടെ? ഞാൻ നൽകുന്ന പ്രത്യേക തണലല്ലാതെ മറ്റ് തണലൊന്നുമില്ലാത്ത ഇന്ന് ഞാനവരെ തണൽ നൽകി സംരക്ഷിക്കുന്നതാണ്.' (മുസ് ലിം). നിഷ്കളങ്കമായ സ്നേഹത്തിന് പാരത്രിക മോക്ഷവും അർഷിൻ്റെ തണലുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."